നക്സലൈറ്റ് വർഗീസ് അഥവാ കേരളം മറക്കാത്ത വ്യാജ ഏറ്റുമുട്ടൽ കൊലപാതകം

വർഗീസ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. പോലീസ് നടത്തിയ തിരച്ചിലിൽ വർഗീസിനെ തിരുനെല്ലി കാടുകളിൽ വച്ച് കണ്ടെത്തിയെന്നും പോലീസുമായി വെടിവെപ്പുനടത്തിയെന്നും അതിൽ വർഗീസ് കൊല്ലപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. എന്നാൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയ വർഗീസിനെ പോലീസ് വെടിവച്ച് കൊല്ലുകയാണ് ഉണ്ടായതെന്ന് വർഗീസിന്റെ സഖാക്കളും സഹപ്രവർത്തകരും അഭിപ്രായപ്പെട്ടെങ്കിലും അത് ആരും ചെവിക്കൊണ്ടില്ല. 'നക്സൽബാരി കൊള്ളക്കാരന്റെ' ഏറ്റുമുട്ടൽ മരണത്തെയും പോലീസിന്റെ ധീരതയെയും വാഴ്ത്തിപ്പാടാനായിരുന്നു ഭൂരിപക്ഷ മലയാളിക്ക് താൽപര്യം.

നക്സലൈറ്റ് വർഗീസ് അഥവാ കേരളം മറക്കാത്ത വ്യാജ ഏറ്റുമുട്ടൽ കൊലപാതകം

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഇന്ന് തികച്ചും സർവ്വസാധാരണമായിരിക്കുന്നു. 'രാജ്യദ്രോഹിയായ' വില്ലനെ നിയമത്തിന്റെ 'പരിരക്ഷയ്ക്ക്' വിട്ടുകൊടുക്കാതെ എൻകൗണ്ടർ ചെയ്യുന്ന കാക്കിയൂണിഫോമിട്ട 'നായകനെ' നോക്കി കയ്യടിക്കുന്ന സിനിമാപ്രേക്ഷകന്റെ പൊതുബോധവും ഏറെ വളർന്നിരിക്കുന്നു. എന്നാൽ ഫെയ്ക് എൻകൗണ്ടർ എന്ന വാക്കുപോലും  കേട്ടുതുടങ്ങിയിട്ടില്ലാത്ത കാലത്താണ് അത്തരമൊരു പോലീസ് വിധിക്ക് നക്സലൈറ്റ് വർഗീസ് ഇരയാക്കപ്പെടുന്നത്.


കേരളത്തിലെ നക്സൽബാരി പരീക്ഷണങ്ങൾ

സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന വർഗീസ് എന്ന ചെറുപ്പക്കാരനെ വയനാട്ടിലെ ആദിവാസികളെ സംഘടിപ്പിക്കാനായി പാർട്ടി നിയോഗിക്കുകയായിരുന്നു. വയനാട്ടിലെ ആദിവാസി ഊരുകളിൽ വർഗീസിനെ കാത്തുകിടന്നത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളും അടിമത്തവും.

ഇന്ത്യ അടിമത്തം നിരോധിക്കപ്പെട്ട ഒരു രാജ്യമായിരുന്നെങ്കിലും വയനാട് അങ്ങനെയായിരുന്നില്ല. വള്ളിയൂർകാവ് ക്ഷേത്രത്തിൽ ആണ്ടിലൊരിക്കൽ നടന്നിരുന്ന അടിമക്കച്ചവടത്തിലൂടെ ആദിവാസികളെ തുച്ഛമായ നെല്ലും പണവും നൽകി ജന്മികൾ സ്വന്തമാക്കുന്ന ഏർപ്പാട് നടന്നുവന്നിരുന്നു. ആദിവാസി-അടിയാള പെണ്ണുങ്ങളുടെ മാനവും ഭൂമിയും അദ്ധ്വാനത്തിന്റെ വിലയും എല്ലാം സ്വന്തമാക്കി ഭൂപ്രഭുക്കൾ അടക്കിഭരിച്ചിരുന്ന വയനാട് വർഗീസെന്ന കമ്മ്യൂണിസ്റ്റുകാരന്റെ ചിന്തകളിൽ വിപ്ലവത്തിന്റെ തീകോരിയിട്ടു.

നക്സൽബാരി കലാപത്തിന്റെ അലയൊലികൾ ഇന്ത്യ മുഴുവൻ പരക്കുന്ന കാലമായിരുന്നു അത്. വർഗീസ് നക്സലൈറ്റായി. ആദിവാസികൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള നേതാവായി വളർന്നു. ആദിവാസികളെ എഴുത്തും വായനയും പഠിപ്പിച്ചു. ജന്മികളെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. ഈ ചോദ്യം ചെയ്യലുകൾ എത്തിച്ചേർന്നത് തൃശ്ശിലേരി സംഭവത്തിലേക്കായിരുന്നു. തൃശ്ശിലേരിയിലെ ഭൂപ്രഭുക്കളും ക്രൂരന്മാരായ ജന്മികളുമായിരുന്ന വാസുദേവ അടിക, ചേക്കു എന്നിവരെ വർഗീസും സഖാക്കളും ചേർന്ന് കൊലപ്പെടുത്തി.

വർഗീസ് വേട്ടയുടെ നാളുകൾ

അന്നത്തെ ഐജി എം ഗോപാലൻ വയനാട്ടിലെ നക്സലൈറ്റ് കേസുകളുടെ അന്വേഷണം ജൂനിയർ ഡിവൈഎസ്പി ആയിരുന്ന ലക്ഷ്മണയെ ഏൽപ്പിക്കുന്നതോടെയാണ് വർഗീസിനുവേണ്ടിയുള്ള പോലീസ് വേട്ട ആരംഭിക്കുന്നത്. അക്കാലത്ത് കേരളാപോലീസിന് ഇന്നത്തെ തണ്ടർബോൾട്ട് പോലെയുള്ള കമാൻഡോ വിഭാഗങ്ങളോ പ്രത്യേക സായുധപരിശീലനം നേടിയ സേനയോ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സുബൈദാർ എൻകെ പീടികയിലിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസേനയെ വായനാട്ടിലെത്തിച്ചു. വായനാടിനേക്കാൾ സങ്കീർണമായ ഭൂമിശാസ്ത്ര പ്രത്യേകതകൾ ഉള്ള നാഗാലാൻഡിലെ നാഗാ പോരാളികളോട് ഏറ്റുമുട്ടാൻ പരിശീലനം സിദ്ധിച്ച സംഘമായിരുന്നു അത്.

തുടർന്ന് വർഗീസ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. പോലീസ് നടത്തിയ തിരച്ചിലിൽ വർഗീസിനെ തിരുനെല്ലി കാടുകളിൽ വച്ച് കണ്ടെത്തിയെന്നും പോലീസുമായി വെടിവെപ്പുനടത്തിയെന്നും അതിൽ വർഗീസ് കൊല്ലപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. എന്നാൽ അറസ്റ്റ് ചെയ്തുകൊണ്ടുപോയ വർഗീസിനെ പോലീസ് വെടിവച്ച് കൊല്ലുകയാണ് ഉണ്ടായതെന്ന് വർഗീസിന്റെ സഖാക്കളും സഹപ്രവർത്തകരും അഭിപ്രായപ്പെട്ടെങ്കിലും അത് ആരും ചെവിക്കൊണ്ടില്ല. 'നക്സൽബാരി കൊള്ളക്കാരന്റെ' ഏറ്റുമുട്ടൽ മരണത്തെയും പോലീസിന്റെ ധീരതയെയും വാഴ്ത്തിപ്പാടാനായിരുന്നു ഭൂരിപക്ഷ മലയാളിക്ക് താൽപര്യം.

സത്യം ജ്വലിക്കുന്നു

വർഗീസ് വെടിയേറ്റുമരിച്ച 1970ൽ നിന്നും വർഷങ്ങൾക്കിപ്പുറം 1998ൽ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിലൂടെയാണ് ആ സത്യം പുറത്ത് വന്നത്. നക്സലൈറ്റ് വർഗീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതല്ലെന്നും നിരായുധനായ വർഗീസിനെ മേലുദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങി താൻ വെടിവച്ച് കൊല്ലുകയായിരുന്നുവെന്നും രാമചന്ദ്രൻ നായർ വെളിപ്പെടുത്തി.

തിരുനെല്ലിയിലെ കുടിയേറ്റ കർഷകൻ ശിവരാമൻ നായരുടെ വീട്ടിൽ നിരായുധനായി ഉറങ്ങുകയായിരുന്ന വർഗീസിനെ പോലീസ് സംഘം വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. വർഗീസുമായി മാനന്തവാടിയിലേക്ക് പുറപ്പെട്ട പോലീസ് സംഘം പാതിവഴിയിൽ വച്ച് യാത്ര അവസാനിപ്പിക്കുകയും ഡിഐജി വിജയന്റെയും ഡിവൈഎസ്പി ലക്ഷ്മണയുടെയും ഒപ്പം തിരികെ തിരുന്നെല്ലിയിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് നടന്നത് മനുഷ്യത്വം മരവിച്ചുപോകുന്ന മർദനം ആയിരുന്നു. വർഗീസിന്റെ ഒരു കണ്ണ് ചൂഴ്ന്നെടുക്കപ്പെടുകയോ മർദ്ദനത്തിന്റെ കാഠിന്യത്താൽ പുറത്തേക്ക് തള്ളിവരികയോ ചെയ്തു.

പിന്നീട് തിരുന്നെല്ലി കാട്ടിലെ ഒരു പാറക്കൂട്ടത്തിൽ വച്ച് വർഗീസിനെ വധിക്കാൻ ലക്ഷ്മണയും വിജയനും ചേർന്ന് തീരുമാനിച്ചു. വർഗീസിനെ വെടിവെക്കാൻ തയ്യാറുള്ളവർ കൈപൊക്കാൻ ആവശ്യപ്പെട്ടപ്പോൾ പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന രാമചന്ദ്രൻ നായർ കൈപൊക്കിയില്ല.
'പോലീസ് എൻകൗണ്ടറിൽ നക്സലുകൾ മാത്രമല്ല, കോൺസ്റ്റബിൾമാരും മരിക്കാറുണ്ട്' എന്ന ലക്ഷ്മണയുടെ ഭീഷണിക്ക് മുന്നിൽ രാമചന്ദ്രൻ നായർക്ക് വഴങ്ങേണ്ടി വന്നു.

വർഗീസിന് തന്റെ പങ്കിൽ നിന്നും ചോറ് നൽകിയെന്നും തന്റെ കയ്യിൽ നിന്നും വർഗീസ് ബീഡി വാങ്ങി വലിച്ചെന്നും രാമചന്ദ്രൻ നായർ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെ വെടിവച്ച് കൊല്ലുമെന്നും അതിനു മുൻപേ തനിക്ക് മുദ്രാവാക്യം വിളിക്കാനായി ഒരു സിഗ്നൽ തരണമെന്നും വർഗീസ് രാമചന്ദ്രൻ നായരോട് ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച് രാമചന്ദ്രൻ നായർ വെടിവെക്കും മുൻപേ നാക്കുവളച്ച് ശബ്ദമുണ്ടാക്കി. വർഗീസ് മുദ്രാവാക്യം മുഴക്കുകയും രാമചന്ദ്രൻ നായർ കാഞ്ചി വലിക്കുകയും ചെയ്തു. തുടർന്ന് പോലീസ് നേരത്തേ സംഘടിപ്പിച്ചു വച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് നിറയൊഴിക്കുകയും ഭംഗിയും വിശ്വാസ്യതയുമുള്ള ഒരു ഏറ്റുമുട്ടൽ കഥ നിർമിക്കുകയും ചെയ്തു.

കോളിളക്കമുണ്ടാക്കിയ വെളിപ്പെടുത്തൽ

രാമചന്ദ്രൻ നായരുടെ തുറന്നു പറച്ചിൽ ഏറെ കോളിളക്കമുണ്ടാക്കി. ഐജി ലക്ഷ്മണയെയും മുൻ ഡിജിപി വിജയനെയും അടക്കം പ്രതികളാക്കി കേസ് ചാർജ് ചെയ്യപ്പെട്ടു. രാമചന്ദ്രൻ നായർക്ക് പുറമെ അന്ന് പോലീസ് സംഘത്തിൽ ഉണ്ടായിരുന്ന ഹനീഫ എന്ന പോലീസുകാരനും കാര്യങ്ങൾ തുറന്നു പറഞ്ഞു.

രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തലിനെ തള്ളിയ സിബിഐ പ്രത്യേക കോടതി ഹനീഫയുടെ മൊഴിയെ പ്രധാന തെളിവായി സ്വീകരിച്ച കോടതി ലക്ഷ്മണയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുൻ ഡിജിപി വിജയനെ കോടതി വെറുതെ വിട്ടു. കൃത്യം നടന്ന് 40 വർഷങ്ങൾക്കിപ്പുറം വന്ന വിധി എന്ന നിലയിൽ ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ ഈ വിധി ഇടം പിടിച്ചു.

കഴിഞ്ഞ ദിവസം നടന്ന നിലമ്പൂർ വെടിവെപ്പിനെ സംബന്ധിച്ച ചർച്ചകൾ സജീവമാണ്.  ഒരു ഫെയ്ക് എൻകൗണ്ടർ ആകാനുളള സാധ്യത പലരും തളളിക്കളയുന്നില്ല.  സത്യങ്ങൾ തുറന്നു പറയാൻ മറ്റൊരു  രാമചന്ദ്രൻ നായർ വർഷങ്ങൾക്കു ശേഷം പ്രത്യക്ഷപ്പെടുകയില്ലെന്ന് ആർക്കു പറയാനാകും.