അർണബിന്റെ രാജി ഒരു സാധാരണ ഇന്ത്യക്കാരന്റെ വിജയമാണ്

'കളി കാണാനിരിക്കുന്നതേ ഉള്ളു' എന്ന അർണബ് ഗോസ്വാമിയുടെ വെല്ലുവിളിയെ നിസ്സാരമായി കാണുന്നില്ല. എങ്കിലും ഈ രാജിയൊന്ന് ആഘോഷിക്കാതിരിക്കാൻ തരമില്ല.

അർണബിന്റെ രാജി ഒരു സാധാരണ ഇന്ത്യക്കാരന്റെ വിജയമാണ്

വിശാഖ് ശങ്കർ

അർണബ് ഗോസ്വാമി എൻ ഡി ടിവിയിൽ നിന്ന് രാജിവച്ചത് 2004ലാണ്.  യുവ മാധ്യമ പ്രവർത്തകനെന്ന നിലയിൽ അയാൾ  അന്നേ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നെങ്കിലും ആ രാജി പൊതുസമൂഹത്തിൽ വലിയ ചർച്ചയൊന്നും സൃഷ്ടിച്ചില്ല. 2006ൽ ടൈംസ് നൗ പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്റെ തലപ്പത്ത് അർണബ് ഉണ്ടായിരുന്നു. അത് അയാളെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു ചുവടുമാറ്റമാമായിരുന്നു എന്നു  കാലം പിന്നീടു തെളിയിക്കുകയും ചെയ്തു.


രണ്ടു വർഷം നീണ്ട ബാലാരിഷ്ടതകളെ അതിജീവിച്ച് 2008ൽ ടൈംസ് നൗ റേറ്റിങ്ങിൽ ഒന്നാമതെത്തുന്നു.   എൻഡിടിവി, ഐ ബി എൻ പോലുള്ള മുൻ നിര ചാനലുകളെയും പിന്തള്ളി തുടർന്നുള്ള ആറുവർഷം തുടർച്ചയായി ടൈംസ് നൗ ഒന്നാം സ്ഥാനത്തു തുടർന്നു. ഇത്തരത്തിൽ ഏവരിലും അസൂയയുണ്ടാക്കുന്നതാണ് അർണബിന്റെ കരിയർ ഗ്രാഫ്.

അർണാബ് ഗോസ്വാമിയുടെ വ്യക്തിപരമോ, തൊഴിൽപരമൊ ആയ വിജയത്തെ വിശകലനം ചെയ്യുകയല്ല ലക്ഷ്യം. അതു  നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിയ പ്രതിഫലനം  വിശകലനം ചെയ്യുകയാണ്. പക്ഷേ അതിന് ആദ്യം അയാളെ വിജയിപ്പിച്ചതും, പിന്നീട് ഭാഗികമായെങ്കിലും അയാളെ കൈവിട്ടതുമായ ഘടകങ്ങളെ കൂടി വിശകലനം ചെയ്യേണ്ടതുണ്ട്.

അർണബിന്റെ യു എസ് പി

ദൃശ്യ മാധ്യമരംഗത്ത് സാങ്കേതികമായും, ഭാവുകത്വപരമായും വിപ്ലവകരമായ മാറ്റങ്ങൾ നടക്കുന്ന കാലത്ത് അതിനെ ഉൾക്കൊണ്ടു എന്നു മാത്രമല്ല ആ ചലന ശാസ്ത്രത്തിന്റെ ദിശയെ തന്നെ നിയന്ത്രിക്കാനായി എന്നതാണ് അയാളുടെ യു എസ് പി.  മാധ്യമ പ്രവർത്തനം എന്നത് വാർത്തകളുടെ യാന്ത്രികവും നിഷ്പക്ഷവുമായ വിതരണം മാത്രമല്ല, അവയുടെ വിവിധ വീക്ഷണ കോണുകളിൽ നിന്നുള്ള വിശകലനങ്ങളുടെ ക്രോഡീകരണം കൂടിയാണ് എന്ന പുത്തൻ ഉൾകാഴ്ച അതിനെ കൂടുതൽ സജീവമാക്കി.

പ്രേക്ഷകരെ നോക്കി നിർവികാരനായി വാർത്ത വായിക്കുന്ന അവതാരകന്റെ സ്ഥാനത്ത് വാർത്തയുടെ അന്തസത്തയെ വിശകലന ബുദ്ധിയോടെ  പ്രതികരിക്കുന്ന, ആ വിശകലനങ്ങളുടെ വിവിധ കോണുകളിൽ എവിടെയെങ്കിലും, അല്ലെങ്കിൽ അവയിൽ നിന്നൊക്കെയും സ്വതന്ത്രമായ മറ്റൊരിടത്തിൽ ആശയപരമായി അടയാളപ്പെടുന്ന വ്യക്തിയായി അയാൾ മാറി. അതായത് ആനുകാലിക സംഭവങ്ങളുടെ അറിയിപ്പ് എന്നതിനോടൊപ്പം  ഒരു സംവാദം കൂടിയായി വാർത്താ പ്രക്ഷേപണം.

ഇതിന്റെ തുടർച്ചയെന്നോണം മിനിട്ടുകൾ കൊണ്ട് ദൈർഘ്യം അളന്നിരുന്ന വാർത്താ പ്രക്ഷേപണം മണിക്കൂറുകളായി മാറി. ഒരു മണിക്കൂറൊക്കെ ആരെങ്കിലും വാർത്ത കേട്ടിരിക്കുമോ എന്ന പഴയ ആശങ്കയുടെ സ്ഥലത്ത് ഇന്ന് വാർത്താവതാരകർ ഒരു മണിക്കൂറിനുള്ളിൽ ഇതൊന്ന് ഉപസംഹരിച്ചെടുക്കാൻ പാടുപെടുന്ന അവസ്ഥയാണ്. ഒരു മണിക്കൂർ മനുഷ്യർ വെറും വാർത്ത കേട്ടിരിക്കുമോ എന്ന പഴയ സംശയത്തിൽ നിന്നും ഒരുമണിക്കൂർ കൊണ്ട് എങ്ങും എത്താനാവില്ല പുതിയ പ്രതിസന്ധിയിലേയ്ക്ക് ‘ന്യൂസ് അവറുകളെ എത്തിച്ച ആ കണ്ടെത്തൽ എന്താണ്?

വാർത്തകളുടെ നിർവികാരവും പൊതു വിജ്ഞാന ബന്ധിതമാത്രവുമായ തുടർ വിതരണം മടുപ്പ് കൊണ്ട് ഉപേക്ഷിക്കപ്പെടാതിരിക്കണമെങ്കിൽ മനുഷ്യ മസ്തിഷ്കത്തിന്റെ കേന്ദ്രീകരണ ശേഷിയെ കുറിച്ച് പൊതുവേയുള്ള ധാരണകളെ അവലംബിച്ച് സ്വയം നിജപ്പെട്ടാലേ മതിയാകു. എന്നാൽ അതിൽ ഒരു മുഖ്യവാർത്തയെ അവലംബിച്ച് ഒരു സംവാദം സംഘടിപ്പിക്കപ്പെടുമ്പോൾ അതിൽ ആശയപരമായി മാത്രമല്ല, വൈകാരികമായും പങ്കെടുക്കാൻ പ്രേക്ഷകന് പറ്റുന്നു. ഈ പങ്കെടുക്കലാണ്, തുടർന്ന് നമ്മുടെ പക്ഷം എതിർപക്ഷത്തെ നിലമ്പരിശാക്കി എന്ന പ്രേക്ഷകന്റെ സംതൃപ്തിയാണ് ഇവിടെ അവരുടെ മുഴുനീളം നിലനിർത്തപ്പെടുന്ന ആകാംക്ഷയിലൂടെ പരിപാടിയെ വിജയമാക്കുന്നത്.

ന്യൂസ് അവർ സംവാദങ്ങൾ ഒരു മൽസരത്തിന്റെ ഉദ്വേഗം കാഴ്ചക്കാരിൽ ജനിപ്പിക്കുമ്പോൾ മാത്രമാണ് വിജയമാകുന്നത്. അതിൽ ഭാഷയ്ക്കും, ശരീര ഭാഷയ്ക്കുമുള്ള പങ്ക് തുടക്കത്തിലേ മനസിലാക്കിയതാണ് അർണബിനെ പ്രശസ്തനാക്കിയ അയാളുടെ യു എസ് പി. ചർച്ചകളിലെ പാനലിനെ നിർണ്ണയിക്കുവാൻ അയാൾ ആധാരമാക്കിയ മാനദണ്ഡം എന്ന് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത് മുഖവിലയ്ക്ക് എടുത്താൽ അതു ഭാഷാ സ്വാധീനവും ( ആംഗല വാർത്താ ചാനലായതുകൊണ്ട് അതിലുള്ള പ്രാവീണ്യം) അത് സംവാദത്തിൽ അഗ്രസ്സീവായി തന്നെ നിലനിർത്താൻ പോന്ന താർക്കിക യുക്തിയുമുള്ള വ്യക്തികൾ എന്നതാണ്.

വിമർശനങ്ങൾ

അർണബിന്റെ ടൈംസ് നൗ വാർത്താവതരണത്തെ ‘നൈറ്റ് ടിറണി‘ എന്ന് വിശേഷിപ്പിച്ചത് മാധ്യമപ്രവർത്തകൻ കൂടിയായ ഷാജഹാൻ മാടമ്പാട്ടാണ്. വാർത്താവതരണത്തിന്റെ പുതിയ കാലത്ത് വന്ന ഭാവുകത്വപരമായ ഒരു മാറ്റമായി “പ്രേക്ഷകരെ നേരേ നോക്കിയിരുന്ന് നിർവികാരനായി വാർത്ത വായിക്കുന്ന അവതാരകന്റെ വിശകലനബുദ്ധിയോടെ വാർത്തയെ സമീപിക്കുന്ന ആളായി അവതാരകൻ മാറിയെന്ന് ഞാൻ തന്നെ മുകളിൽ നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. എങ്ങനെയാണ് വാർത്തകളിൽ വിശകലനബന്ധിയായി ഇടപെടുന്ന വാർത്താവതാരകനിൽ നിന്ന് ഒരു ‘ടിറന്റ്‘ അഥവ സ്വേച്ഛാധികാരി ഉണ്ടാകുന്നത്?

വിഡ്ഢിത്തം കവല പ്രസംഗ മാതൃകയിൽ ആതരിപ്പിച്ച് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ‘വക്താക്ക‘ളെ നിർബന്ധപൂർവ്വം വിഷയത്തിൽ ഉറപ്പിച്ചു നിർത്തുന്ന വാർത്താവതാരകന്റെ ദാർഢ്യത്തെയല്ല ശ്രീ മാടമ്പാട്ട് ‘ടിറണി‘ ആയി വിശേഷിപ്പിച്ചത്. മറിച്ച് തന്റെ അജണ്ടകൾക്ക് അപ്പുറം ചർച്ച നീങ്ങരുതെന്ന് തന്റെ ന്യൂസ് റൂം, ഇൻഫ്രാസ്ട്രക്ചർ, അവതാരകൻ എന്ന നിലയിൽ തനിക്ക് എപ്പൊഴും ചർച്ചയിൽ ഇടപെടാനുള്ള അധികാരവുമൊക്കെ ഉപയോഗിച്ച് സ്വന്തം അജണ്ടകളിൽ മറ്റുള്ളവരെയും വെട്ടിയൊതുക്കുന്ന മികവി(?)നെയാണ്.

2008 മുതൽ 20014 വരെ തുടർച്ചയായി ആറുവർഷം അയാൾ അവതാരകനാകുന്ന ന്യൂസ് അവർ വഴിയും ‘ ഫ്രാങ്ക്‍ലി സ്പീക്കിങ് വിത്ത് അർണബ്‘ എന്ന അഭിമുഖ പരിപാടി വഴിയും റേറ്റിങ്ങിൽ ഒന്നാമതെത്താൻ അർണബിന് കഴിഞ്ഞുവെങ്കിൽ അതിനെ വിമർശിക്കുന്നതും ‘കിട്ടാത്ത മുന്തിരിയുടെ പുളി‘ ആയി അയാളുടെ ആരാധകർക്ക് വ്യാഖ്യാനിക്കാം. പക്ഷേ ഇപ്പോൾ ടൈംസ് നൗവിന്റെ റേറ്റിങ്ങ് ഇടിഞ്ഞിരിക്കുന്നു. അർണബിന്റെ രാജിക്ക് ഞാൻ ഇവിടെയൊന്നും നിൽക്കാനുള്ള ആളല്ല, എന്ന തരം വ്യാഖ്യാനങ്ങൾക്ക് സമാന്തരമായി ഇങ്ങനെ ഒന്ന് കൂടിയുണ്ട്. അതും പരിഗണിക്കണ്ടേ?

റേറ്റിങ്ങിലെ ഇടിവ്

അർണബിന്റെ ടൈംസ് നൗ റേറ്റിങ്ങിൽ ഒന്നാമതെത്തുന്നത് 2008ൽ  ഒന്നാം യു പി എ സർക്കാരിന്റെ അവസാന വർഷമാണ്. 2009 തെരഞ്ഞെടുപ്പിൽ വിജയിച്ച അവർ വീണ്ടും അധികാരത്തിൽ വന്നു. തുടർന്നുള്ള അഞ്ചു വർഷക്കാലം എത്ര ശ്രമിച്ചാലും യുക്തിഭദ്രമായി ന്യായീകരിക്കാനാവാത്ത നിരവധി അഴിമതികളുടേതായ ദുർഭരണ പഞ്ചവൽസര പദ്ധതിയായി ഫലത്തിൽ മാറി. ദുർബലമായ ഭരണകൂടം ഗതികെട്ട യുക്തികൾ കൊണ്ട് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കുന്ന കാലം അഗ്രസ്സീവായ ദൃശ്യമാദ്ധ്യമ പ്രവർത്തനത്തിന് പുഷ്കര കാലമാകുന്നത് സ്വാഭാവികം.

കാണുന്നവരൊക്കെ കയ്യടിച്ച് പോകുന്ന നിരവധിയായ ഇടപെടലുകളിലൂടെ ടൈംസ് നൗ ചാനൽ കൂടി ചേർന്ന്, ന്യായമായി തന്നെ നിർമ്മിച്ചതാണ് രണ്ടാം യുപിഎ സർക്കാരിനെതിരായ പൊതുബോധം. അത് പക്ഷേ അതൊടുവിൽ എൻ ഡിഎയ്ക്ക് അനുകൂലമായി തീർന്നു എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ മോദി നേടിയ മൃഗീയ ഭൂരിപക്ഷം തെളിയിക്കുന്നു. കോൺഗ്രസ്സ് നടത്തുന്ന ദുർഭരണത്തെ, അത് ബിജെപിക്ക്  അനുകൂലമായ ജനവിധി സൃഷ്ടിച്ചേക്കാം എന്ന ഇന്ത്യൻ ജനാധിപത്യത്തിൽ കാലികമായി ഇന്ന് നിലനിൽക്കുന്ന ഗതികേട് മുൻ നിർത്തി ആരും വിമർശിക്കാൻ പാടില്ല എന്ന് പറയാനാവില്ലല്ലൊ. പക്ഷേ പ്രശ്നം അതുമല്ല.

2014ൽ നിലവിൽ വന്ന മോദി സർക്കാരിന്റെ ഭരണവും, അർണബിന്റെ റേറ്റിങ് ഇടിയുന്ന കാലവും ഒന്നാകുന്നത് യാദൃശ്ചികമല്ല. മോദി സർക്കാർ വന്ന അന്നു മുതൽ തുടങ്ങിയ സ്വതന്ത്ര ചിന്തകരുടെ വധവും, പുരസ്കാരം മടക്കൽ സമരവും, പശു വിവാദവും, യൂണിവേഴ്സിറ്റി വിവാദങ്ങളും ഒക്കെ ദേശീയത, ഭരണകൂട ഭദ്രത, വികസനം(?) തുടങ്ങിയ എതിർവാദങ്ങൾ കൊണ്ട് ന്യൂസ് റൂമും, റേറ്റിങ്ങും നൽകുന്ന അധികാരത്തിൽ ഇരുന്ന് ഒച്ചവച്ച് ചെറുക്കുക എന്നതായിരുന്നു അർണബിയൻ തന്ത്രം. അത് ഒരുകാലത്ത് അദ്ദേഹത്തിന്റെ ആരാധകരായിരുന്ന വലത് അനുകൂല മദ്ധ്യവർഗ്ഗത്തിന് പോലും ദഹിക്കാതെയായി എന്ന് വേണം സമീപകാല റേറ്റിങ്ങ് ഇടിവ് എന്ന വാർത്ത മുഖവിലയ്ക്ക് എടുത്താൽ മനസിലാക്കാൻ.

അർണബിന്റെ രാജി ദേശീയ രാഷ്ട്രീയ പ്രസക്തി ആർജ്ജിക്കുന്നത് ഇവിടെയാണ്. അദ്ദേഹം ‘മെച്ചപ്പെട്ട‘ സ്ഥാപനം സ്വന്തം നിലയ്ക്ക് തുടങ്ങാൻപോകുന്നു എന്നതാണ് രാജിക്ക് കാരണം എന്ന് സമ്മതിച്ചാലും ടൈംസ് നൗവിന്റെ റേറ്റിങ് ഇടിഞ്ഞു എന്ന വാർത്ത നിലനിൽക്കുന്നു. അത് കുത്തനെ കയറിയതിന്റെ ശിൽപി അർണബ് ആണെന്ന്, 2008 മുതൽ 14 വരെ ടൈംസ് നൗ ആയിരുന്നു ഒന്നാം സ്ഥാനത്ത് എന്ന് വിശ്വസിക്കുവാൻ പ്രയാസമില്ലെങ്കിൽ ഇപ്പോൾ അതിന് ഇടിവുണ്ടായിഎന്നതും അത് അർണാബിന്റെ ജനപ്രിയതയിൽ വന്ന ഇടിവാണ് എന്നതും വിശ്വസിക്കണമല്ലോ.

അർണബിന്റെ രാജി ആകെ പറയുന്നത്


അർണബ് ഗോസ്വാമി ടൈംസ് നൗവിൽ നിന്ന് രാജിവച്ചതോടെ മാധ്യമ രംഗത്ത് വല്ലാത്തൊരു ഇടിവ് സംഭവിച്ചു എന്നൊന്നും ഈ 20016 ൽ ആരും പറയുന്നില്ല. 2008 മുതൽ 14 വരെ ആ ചാനലിനെ ഒന്നാം സ്ഥാനത്ത് നിലനിർത്തിയ ഇന്ത്യൻ മദ്ധ്യവർഗ്ഗം പോലും. ഇത് തെളിയിക്കുന്നത്,താൽകാലികമായ ഒരു ശുഭാപ്തി വിശ്വാസമാണെങ്കിൽ പോലും അക്രമോൽസുകമായ വലത് രാഷ്ട്രീയത്തിന് മുതലാളിത്ത വികസന മാതൃകയുടെ ആരാധകരായ ഇന്ത്യൻ മദ്ധ്യവർഗ്ഗത്തിന്റെ പിന്തുണ പ്രശ്നാധിഷ്ഠിതമായല്ലാതെ ഭദ്രവും, സാർവ്വ കാലികവുമായി ലഭിക്കില്ല എന്ന ഒരു വ്യാഖ്യാന സാദ്ധ്യതയെങ്കിലുമാണ്.

സമീപ കാലത്ത് ഏകപക്ഷീയമായ ദേശീയതയും, ഭരണകൂട ഭദ്രതയും മുൻ നിർത്തി അർണാബ് വാർത്തകളിലും, വിവാദങ്ങളിലും എടുത്ത പക്ഷത്തെ പരിശോധിക്കാം. പൊതുവിൽ ഇന്ത്യൻ മാധ്യമങ്ങളിൽ മുക്കാലും വിമർശിക്കാൻ നിർബന്ധിതമായ മുഹമ്മദ് അഖ്‍ലാക്ക് വധം മുതൽ രോഹിത് വെമുലയുടെ ഭരണകൂട കൊലപാതകം വരെയുള്ള, കനയ്യ മുതൽ ജിഗ്നേഷ് മേവാനി വരെയുള്ള പ്രശ്നങ്ങളിൽ അർണാബ് ഭരണകൂടപക്ഷ നിലപാടാണെടുത്തത് എന്ന് വ്യക്തം. കനയ്യയുടെ വ്യാജ വീഡിയോയ്ക്ക് നൽകിയ പ്രചരണം മുതൽ ഉമർ ഖാലിദിനെ രാജ്യദ്രോഹിയായി മുദ്രകുത്തിയത് വരെയുള്ള അർണാബിന്റെ നിരവധി നിലപാടുകൾ സാംസ്കാരിക ഭാരതത്തിൽ ചോദ്യം ചെയ്യപ്പെട്ടു എന്നത് ശരി. പക്ഷേ ചാനലിന്റെ റേറ്റിങ് കുറഞ്ഞു എങ്കിൽ?

അർണബ് സംഘി മോഡൽ മോദി, ഭരണകൂട, ദേശസ്നേഹ മാതൃകകളെ യു എസ് പി ആക്കി വിജയിച്ച ഒരു മാധ്യമസംരംഭകൻ കൂടിയാണ്. അയാൾ റേറ്റിങ് താണതിനെ തുടർന്ന് രാജിവയ്ക്കുന്നു എന്ന വാർത്ത ഒരു സാധാരണ ഇന്ത്യക്കാരനോട്‌ പറയുന്നത് നമുക്ക് നമ്മുടെ ജനാധിപത്യത്തിലും, അതിന്റെ നാലുതൂണികളിലും ഇനിയും പ്രതീക്ഷിക്കാൻ എന്തൊക്കെയോ ബാക്കിയുണ്ടെന്ന് മാത്രമാണ്.

സ്ഥിരത, വികസനം, അഴിമതി നിർമ്മാർജ്ജനം തുടങ്ങിയ മുദ്രാവാക്യങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരുന്ന ഏകപക്ഷീയവും, തീവ്രവും, അക്രമാസക്തവുമായ സംഘി അജണ്ട അധികാരത്തിൽ വന്ന ഉടൻ പുറത്തായി എന്നതാണ് മോദി സർക്കാരിന്റെ ജനപ്രിയതയെ അതിന്റെ വൻ ആരാധകരായിരുന്ന മദ്ധ്യവർഗ്ഗത്തിന്റെ പരിഗണനകളിൽ നിന്നും എടുത്ത് മാറ്റിയത്. ആ മധ്യവർഗ്ഗം പിൻവലിച്ച പിന്തുണയാണ് അർണബിന്റെ റേറ്റിങ് കുറച്ചതും. “കളി കാണാനിരിക്കുന്നതേ ഉള്ളു“ എന്ന വെല്ലുവിളിയെ നിസ്സാരമായി എടുക്കുന്നില്ല എങ്കിലും ഈ വിജയം ഒന്ന് ആഘോഷിക്കാതിരിക്കാൻ തരമില്ല.