അന്ന് പതിനായിരം രൂപയുടെ നോട്ടു പിൻവലിച്ചതും കളളപ്പണം നിയന്ത്രിക്കാൻ... എന്നിട്ടോ?

ഒരു ഭാഗത്ത് മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചുളള അഭ്യാസം മുറപോലെ നടന്നു, മറുവശത്ത് കളളപ്പണം പെരുകിക്കയറി.

അന്ന് പതിനായിരം രൂപയുടെ നോട്ടു പിൻവലിച്ചതും കളളപ്പണം നിയന്ത്രിക്കാൻ... എന്നിട്ടോ?

തിരുവനന്തപുരം : 1946ൽ പതിനായിരം രൂപയുടെ നോട്ടു പിൻവലിച്ചപ്പോഴും കേന്ദ്രസർക്കാർ പറഞ്ഞത് ഇതേ ന്യായം : കളളപ്പണം നിയന്ത്രിക്കുക. അതേ, ഇന്ത്യയിൽ പതിനായിരത്തിന്റെയും അയ്യായിരത്തിന്റെയുമൊക്കെ നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നു. കളളപ്പണത്തിന്റെ പേരിൽ അവയൊക്കെ പിൻവലിച്ചിട്ടും ഒന്നും സംഭവിച്ചില്ല.  ഒരു ഭാഗത്ത് മൂല്യമേറിയ നോട്ടുകൾ പിൻവലിച്ചുളള അഭ്യാസം മുറപോലെ നടന്നു, മറുവശത്ത് കളളപ്പണം പെരുകിക്കയറി.

1938ലാണ് റിസർവ് ബാങ്ക് 10000 രൂപയുടെ നോട്ട് അച്ചടിച്ചത്. ഈ നോട്ടുകൾ 1946ൽ പിൻവലിക്കുകയും 1954ൽ തിരികെ കൊണ്ടുവരികയും ചെയ്തു. പിന്നീട് 1978 വരെ ഈ നോട്ടുകൾ പ്രാബല്യത്തിലുണ്ടായിരുന്നു. 5000 രൂപാ നോട്ടുകളും 1954ൽ പ്രചാരത്തിൽവന്നു. ഇതും 1978ലാണ് പിൻവലിച്ചത്.


five-thousand1953-54 കാലത്ത് നികുതി വെട്ടിപ്പിലൂടെ ഖജനാവിനുണ്ടായ നഷ്ടം 200-300 കോടിയായിരുന്നു. 1965-66 ആയപ്പോഴേയ്ക്കും ഇതു ആയിരം കോടി കവിഞ്ഞു.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ കണക്കു പ്രകാരം 1980-81ൽ നികുതിവെട്ടിച്ചുണ്ടാക്കിയ വരുമാനം അയ്യായിരത്തിനും പതിനായിരത്തിനും ഇടയ്ക്ക് കോടിയായി. 2012ലെ കണക്കു പ്രകാരം ഇന്ത്യയിലെ കളളപ്പണം നൂറു ബില്യണോളമാണ്.

1946ലെയും 1978ലെയും നോട്ടു പിൻവലിക്കൽ അഭ്യാസങ്ങൾ പരാജയമായിരുന്നു. കണക്കിൽപ്പെടുത്തി മാറ്റിയെടുത്തത് വെറും 15 ശതമാനം നോട്ടുകൾ മാത്രം. നടപടികൾ ഭയന്ന് നോട്ടു പൂഴ്ത്തിയത് 85 ശതമാനത്തോളം. ഇപ്പോൾ 500, 1000 നോട്ടുകൾ പിൻവലിക്കുമ്പോഴും സംഭവിക്കുന്നത് അതൊക്കെത്തന്നെയായിരിക്കും.

മാത്രമല്ല, ഇന്ത്യയിലെ കളളപ്പണം 500, 1000 നോട്ടുകളായി അലമാരയിൽ സൂക്ഷിച്ചിരിക്കുന്ന നിധിയല്ല. നികുതിയിളവുളള നാടുകളിലെ നിക്ഷേപമായി സംരക്ഷിച്ചിരിക്കുന്ന കളളപ്പണം 152 - 181 ബില്യൺ ഡോളർ വരുമെന്നാണ് കണക്ക്. അതായത്, ഇന്ത്യൻ രൂപയിലല്ല കളളപ്പണം. ഷെയറുകളും കടപ്പത്രങ്ങളും ഡോളറിലുളള ബാങ്കു നിക്ഷേപവുമായി രൂപം മാറിയ കളളപ്പണത്തെ ഒരു അർദ്ധരാത്രിയിലെ വില പിടിച്ച നോട്ടുകൾ പിൻവലിച്ചുകൊണ്ട് നിയന്ത്രിക്കാൻ കഴിയില്ല. റിയൽ എസ്റ്റേറ്റിലും സ്വർണത്തിലും കലയിലുമുളള നിക്ഷേപം വേറെ.

അതുകൊണ്ടുതന്നെ 1946ലെയും 1978ലെയും നോട്ടു പിൻവലിക്കൽ പോലെ മറ്റൊരു വ്യർത്ഥമായ അഭ്യാസമാകും, 500, 1000 നോട്ടുകളുടെ പിൻവലിക്കലും എന്നു നിരീക്ഷിക്കുന്നവരും കുറവല്ല .