എക്സിറ്റ് പോളിന്റെ കണ്ണുവെട്ടിച്ച് ട്രംപിനെ ജയിപ്പിച്ച വോട്ടുകള്‍ ഇവരാണ്..

ട്രംപ് ബുദ്ധിമാനായ വിഡ്ഢിയായിരുന്നു..അങ്ങനെയുള്ള ഒരു ഭൂരിപക്ഷം ജനത അമേരിക്കയുടെ സ്വിംഗ് സ്റ്റേറ്റുകളില്‍ ഉണ്ടെന്നുള്ളത് ആരും അറിയാതെ പോയ ഒരു സത്യവും..മനോജ്‌ ജോണ്‍ എഴുതുന്നു..

എക്സിറ്റ് പോളിന്റെ കണ്ണുവെട്ടിച്ച് ട്രംപിനെ ജയിപ്പിച്ച വോട്ടുകള്‍ ഇവരാണ്..

മനോജ്‌ ജോണ്‍ 

[caption id="attachment_58451" align="alignright" width="143"]ലേഖകന്‍: മനോജ്‌ ജോണ്‍ ലേഖകന്‍: മനോജ്‌ ജോണ്‍[/caption]

എല്ലാറ്റിനും ഒടുവില്‍ ട്രംപ് ജയിച്ചു! രാഷ്ട്രീയ നിരീക്ഷകന്മാരും പണ്ഡിതന്മാരും തലയിൽ മുണ്ടുമിട്ട് ഓടുന്ന കാഴ്ചയാണ് എങ്ങും കാണുന്നത്. ട്രംപിന്‍റെ വിജയത്തിന്‍റെ കാരണവും ഹിലരിയുടെ തോല്‍വിയുടെ വിലയിരുത്തലും സ്ഥാപിക്കാന്‍ വേണ്ടി കേള്‍ക്കാന്‍ ഇമ്പമുള്ള തിയറീസ് ഒക്കെ ഈ പണ്ഡിതന്മാർ ഇപ്പോള്‍ വിളമ്പുന്നുണ്ട്. എങ്കിലും 'നമ്മൾ എന്ത് കൊണ്ട് തോറ്റു' എന്ന് ഒരു ഡെമോക്രാറ്റിക്ക് ചോദിച്ചാല്‍ 'ബ്ബ...ബ്ബ..ബ്ബ..യും ഇതൊക്കെയൊരു റാഡിക്കലായ മാറ്റമാണ് എന്ന മറുപടിയായിരിക്കും ലഭിക്കുക.


വ്യക്തമായ ഒരു ഉത്തരം ആർക്കും പറയാൻ കഴിയുന്നില്ലെങ്കില്‍ കൂടി കുറച്ചു യഥാര്‍ത്യങ്ങള്‍ മറനീക്കി പുറത്തു വന്നു എന്ന് വേണം കരുതാന്‍. ഈ തിരഞ്ഞെടുപ്പ് അമേരിക്കയിലെ സാധാരണക്കാരുടെ പ്രതിഷേധവും ഇത് അവരുടെ വിജയവുമാണ്. എങ്ങനെ എന്ന് വ്യക്തമാക്കാം..


അമേരിക്കയിൽ പ്രധാനമായി രണ്ടു രാഷ്ട്രീയ പാര്‍ട്ടികളാണ് ഉള്ളത്- ഡെമോക്രറ്റും, റിപ്പബ്ലിക്കനും. അമേരിക്കയിലെ മിക്ക സ്റ്റേറ്റിലും ഈ പാര്‍ട്ടികള്‍ക്ക് അവരുടെ പരമ്പരാഗത വോട്ട് ബാങ്കുകള്‍ ഉള്ളത് കൊണ്ട് ഇവിടെ കാര്യമായ രാഷ്ട്രീയമാറ്റം പ്രതീക്ഷിക്കേണ്ടതില്ല.

അങ്ങനെ വരുമ്പോഴാണ് വിരലില്‍ എണ്ണാന്‍ കഴിയുന്ന ചില സ്വിംഗ് സ്റ്റേറ്റുകള്‍ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസിലാക്കേണ്ടത്. ഒഹായോ, ഫ്ലോറിഡ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിങ്ങനെയുള്ള കുറച്ചു സ്റ്റേറ്റുകളാണ് ഇവ. 'സ്വിംഗ്' എന്ന പദം അര്‍ത്ഥമാക്കുന്നത് പോലെ ഇവരുടെ തിരഞ്ഞെടുപ്പ് തീരുമാനങ്ങള്‍ക്ക് ഒരു പ്രവചനം അസാധ്യമാണ്.

ഈ സംസ്ഥാനങ്ങളുടെ മറ്റൊരു പ്രത്യേകത നോക്കിയാല്‍ ഒരു രണ്ടു പതിറ്റാണ്ടു മുൻപുവരെ അമേരിക്കയുടെ വ്യവസായിക ഉത്പാദനത്തിന്‍റെ കേന്ദ്രമായിരുന്നു ഇവയെല്ലാം എന്ന് മനസിലാക്കാം. ഫ്രീ ട്രെയ്ഡിംഗും ഗ്ലോബലൈസഷനുമെല്ലാം കളം പിടിച്ചപ്പോള്‍ ഈ വ്യവസായങ്ങളെല്ലാം പൂട്ടി.

[caption id="attachment_58444" align="aligncenter" width="421"]800px-Cargill_S_Superior_elevator Cargill Superior_elevator[/caption]

ഒരൊറ്റ പ്ലാന്റിൽ തന്നെ പതിനായിരവും ഇരുപതിനായിരവും ആളുകൾ ജോലി ചെയ്തിരുന്നതിനാൽ, ഒരു ടൌൺ തന്നെ ആ ഒരു കമ്പനിയെ ആശ്രയിച്ചു നില നിന്നിരുന്നു. ഒരു കമ്പനി നിര്‍ത്തലാക്കുന്നതോടു കൂടി ഒരു ടൗണും നശിക്കും. രണ്ടു കുട്ടികള്‍, രണ്ടു കാര്‍, ഒരു വീട് വേണമെങ്കിൽ ഒരു ബോട്ടും എന്നുള്ള അമേരിക്കൻ ഡ്രീമിനെ സാക്ഷാത്കരിക്കുവാന്‍ വലിയ വിദ്യാഭാസം ആവശ്യമില്ലാതിരുന്ന ഈ ജോലികൾ ധാരാളം ആയിരുന്നു.

[caption id="attachment_58443" align="aligncenter" width="438"]The abandoned Richman Bros. of Cleveland, Ohio. The abandoned Richman Bros. of Cleveland, Ohio.[/caption]

ഈ സംസ്ഥാനങ്ങളിലൂടെ ഇപ്പോഴും ഒന്ന് ഡ്രൈവ് ചെയ്തു പോയാൽ തുരുമ്പ് എടുത്തു നില്‍ക്കുന്ന പഴയ പ്രതാപകാലം ഓർമിപ്പിക്കുന്ന പടുകൂറ്റൻ ഫാക്ടറികളും കെട്ടിടങ്ങളും കാണാം.

ഒറ്റ മനുഷ്യരെ പോലും അവിടെയെങ്ങും കാണാന്‍ കഴിയാത്ത വിധം ശ്മശാനമൂകതയാണ് അവിടെ ഇപ്പോഴും ഉള്ളത്. ഈ പഴയ ടൗണുകൾ കാണുമ്പോൾ ഇന്നലെ ഈ രാജ്യത്ത് വന്നു കുടിയേറി പാർത്ത നമ്മുക്ക് പോലും വിഷമമുണ്ടാകും അപ്പോള്‍ അവിടെ ജീവിച്ചിരുന്നവരുടെ കാര്യം പറയണോ?

[caption id="attachment_58446" align="aligncenter" width="465"]Bethlehem_Steel Bethlehem Steel[/caption]

നാല്‍പതിന് മുകളിൽ പ്രായമുള്ളവരാണ് കൂടുതലും ട്രംപിന് വോട്ട് ചെയ്തത്. 'Make America Great Again' എന്നുള്ള ട്രംപ് ക്യാമ്പയിൻ സ്ലോഗൻ കേട്ടപ്പോള്‍ ആദ്യം തോന്നിയത് ഇത്രയും യാഥാസ്ഥിതികമല്ലാത്ത ഒരു സ്ലോഗന്‍ എന്തിനാണ് എന്നായിരുന്നു. പക്ഷെ ഇപ്പോൾ മനസ്സിലാകുന്നുണ്ട്- ഈ സ്ലോഗൻ മുന്‍പ് സൂചിപ്പിച്ച സ്വിങ് സ്റ്റേറ്റുകളുടെ പഴയ നല്ല കാലത്തിന്‍റെ നൊസ്റ്റാൾജിയ സൂക്ഷിക്കുന്നവരെ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു!

അവരുടെ ഫാക്ടറികളും ജോലിയും തിരിച്ചുക്കൊണ്ടുവരുമെന്നും അവരുടെ പ്രതാപകാലത്തെ തകര്‍ത്ത ഫ്രീട്രെയ്ഡിംഗ് നിർത്തുമെന്നും ട്രംപ് പറഞ്ഞപ്പോൾ അവര്‍ അയാള്‍ക്ക് തന്നെ വോട്ട് ചെയ്തു.

[caption id="attachment_58445" align="alignleft" width="341"]abandoned-buffalo-central-terminal abandoned-buffalo-central-terminal[/caption]

"Make America Great Again" എന്ന് സ്ലോഗന്‍ ഉയര്‍ത്തിയ ട്രംപ് സ്ഥിരം തന്‍റെ പ്രസംഗങ്ങളില്‍ കൂടി ഒരു കാര്യം വ്യക്തമാക്കിയിരുന്നു-പൊളിറ്റിക്കലി കറക്റ്റ് (politically correct) ആകാൻ തനിക്ക് മനസ്സില്ലെന്നു സ്ഥാപിക്കാന്‍ ട്രംപിന് കഴിഞ്ഞു. ഈ രണ്ടു കാര്യങ്ങൾ ആയിരിക്കാം ഈ തിരഞ്ഞെടുപ്പില്‍ ട്രംപിന് അനായാസം ജയിക്കാൻ കാരണമായത് എന്നാണ് എന്‍റെ വ്യക്തിപരമായ വിലയിരുത്തല്‍.

'Being politically correct ' എന്നുള്ളത് അമേരിക്കക്കാരുടെ ജീവിത ശൈലിയെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നായി മാറി. ഇവിടെയാണ്‌ ഇതിന്‍റെ രാഷ്ട്രീയ പ്രസരം!

മനസ്സിൽ തോന്നുന്നത് തുറന്നു പറഞ്ഞാൽ അയാള്‍ വിഡ്ഢിയും റേസിസ്റ്റും ആയി മുദ്ര ചാര്‍ത്തപ്പെടും. രണ്ടു തവണ ഒബാമക്ക് വോട്ട് ചെയ്തവരെയും റേസിസ്റ് എന്ന് വിളിക്കും. ഉദാഹരണമായി പറഞ്ഞാല്‍ 'എല്ലാ മുസ്ലിമുകളും തീവ്രവാദികൾ അല്ല, പക്ഷെ എല്ലാ തീവ്രവാദികളും മുസ്ലിമുകൾ ആണ്' എന്ന വിവരണം ഒരു സാധാരണ അമേരിക്കക്കാരൻ അവൻ ജനിച്ചു വളർന്ന നാട്ടിൽ തന്നെ പറഞ്ഞാൽ അവൻ ഹിറ്റ്ലറും നാസിയും വിഡ്‌ഡിയും ആയി സ്റ്റാമ്പ്‌ ചെയ്യപ്പെടും.

വലിയ വിദ്യാഭാസം ഇല്ലാത്തവരെ 'വിഡ്ഢി' എന്ന് വിളിക്കുന്നത് പോലെയല്ല വിദ്യാഭാസമുള്ളവരെ 'വിഡ്ഢി' യെന്നു വിളിക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് മുന്നില്‍ ട്രംപ് ബുദ്ധിമാനായ വിഡ്ഢിയായിരുന്നു.

ഇത് മനസിലാക്കിയ ട്രംപ് പലതും പറഞ്ഞു. വിഡ്ഢിയായി മുദ്രണം ചെയ്യപ്പെടാന്‍ താല്പര്യമില്ലാത്തവര്‍ സംസാരിക്കാൻ ആഗ്രഹിക്കുന്ന പലതും അതിനപ്പുറവും ട്രംപ് ഉറക്കെ പറഞ്ഞു. 'വിഡ്ഢി' 'കോമാളി' എന്നീ പദങ്ങള്‍ ഒന്നും ട്രംപിനെ പിന്നോട്ട് വലിച്ചില്ല.

എല്ലാം മിക്കവാറും വർഷത്തിൽ ആറ് മാസം കൊടും തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളാണ് ഈ സ്വിംഗ് സ്റ്റേറ്റുകള്‍ മിക്കതും. അതായത് ഇൻഡോർ ജീവിതമായിരിക്കും ഇവിടെ അധികവും. ജോലി കഴിഞെത്തിയാല്‍ അവരുടെ സാമൂഹിക ജീവിതം ചെറിയ ബാറുകളും (tavern) ബാർബർ ഷോപ്പുകളും പിന്നെ ആഴ്ചയിലൊരിക്കലെ പള്ളി ആരാധനകളും ആയിരിക്കും. ഇവിടെയുള്ള ഒരു സാധാരണക്കാരന്‍ സായിപ്പിന്‍റെ സോഷ്യൽ ലൈഫ് ഇതിനെ മാത്രം ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്‌.

ആണായാലും പെണ്ണായാലും സ്വന്തമായി മിനക്കെട്ടു മീറ്റ് ചെയ്യാനും പരിചയപ്പെടാനും ഡേറ്റ് ചെയ്യാനും ഒക്കെ നിന്നെങ്കിലെ കല്യാണം പോലും നടക്കു. നമ്മുടെ നാട്ടിലെ പോലെ മാതാപിതാക്കൾ പത്രത്തിൽ മാട്രിമോണിയൽ പരസ്യം നൽകി മക്കൾക്ക് ലൈംഗിക പങ്കാളികളെ കണ്ടു പിടിക്കുന്ന പരിപാടി ഇവിടെ ഇല്ലാത്തതിനാല്‍ മിക്കവരും ഇവിടെത്തന്നെ ഉള്ളവരെ എങ്ങനെയെങ്കിലും പരിചയപെട്ട്, ഡേറ്റ് ചെയതു കല്യാണം കഴിക്കും. അങ്ങനെ പോലും മറ്റൊരു സ്റ്റേറ്റുമായി ബന്ധപ്പെടാനുള്ള സാധ്യതകള്‍ വിരളമാണ്.


[caption id="attachment_58442" align="aligncenter" width="455"]tavern Tavern[/caption]

Tavernകൾ മിക്കതും ചെറിയ സത്രങ്ങള്‍ പോലെ ഇടുങ്ങിയ സ്പേസും പരസ്പരം കേൾക്കുകയും ചെയ്യാവുന്ന സ്ഥലങ്ങളാണ്.ഇങ്ങനെയുള്ള ഇടങ്ങളില്‍ പോലും അവരുടെ മനസ്സിൽ തോന്നുന്നത് പറയാൻ കഴിയാതെ വന്നപ്പോൾ അവരുടെ 'ഫ്രീഡം ഓഫ് സ്പീച്' (സംസാരിക്കുവാനുള്ള സ്വാതന്ത്ര്യം) അവര്‍ ഒളിപ്പിച്ചു വച്ചു. ശബ്ദമില്ലാത്ത ഒരു ജനതയായി അവര്‍ ഒതുങ്ങി. അവർ ഒന്നും മിണ്ടിയില്ല. ഒരു എക്സിറ്റ് പോളുകളും ട്രംപ് ജയിക്കുമെന്ന് പറയാതിരുന്നതിന്‍റെ കാരണവും ഇത് തന്നെയാണ്.

പ്രൈവസി ഉള്ള ഏക സ്ഥലമായി അവര്‍ വോട്ടിംഗ് ബൂത്തിനെ കണ്ടു. അവിടെ അവരുടെ മനസ്സിലുള്ളത് അവര്‍ വോട്ടിംഗിലൂടെ പറഞ്ഞു. ഇങ്ങനെയുള്ള ഒരു സാധാരണ പൌരന്‍റെ അടക്കി പിടിച്ചിരുന്ന ദേഷ്യം വെളിയിൽ വന്നതാണ് ട്രംപിന്‍റെ പ്രസിഡന്‍സി!