കാര്‍ രജിസ്‌ട്രേഷനില്‍ തമ്മിലടിപ്പിക്കാന്‍ നോക്കണ്ടെന്ന് സുരേഷ് ഗോപിയും മുകേഷും

എന്റെ കാര്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷനെങ്കില്‍ നിങ്ങളുടെ എംഎല്‍എ മുകേഷിന്റെ കാറിന്റെ നമ്പര്‍ നോക്കൂ എന്ന് പറഞ്ഞ് വിവാദത്തിലായ ബിജെപി എംപിയും നടനുമായ സുരേഷ്‌ഗോപി. തമ്മിലടിക്കാനില്ലെന്നു പറഞ്ഞ് നടനും എംഎല്‍എയുമായ മുകേഷ്- അപ്പോഴും പോണ്ടിച്ചേരി രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ നികുതി വെട്ടിച്ച് നിരത്തുകളില്‍ നിറയുന്നു

കാര്‍ രജിസ്‌ട്രേഷനില്‍ തമ്മിലടിപ്പിക്കാന്‍ നോക്കണ്ടെന്ന് സുരേഷ് ഗോപിയും മുകേഷും

നികുതി വെട്ടിക്കാനായി രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതായി ഉയര്‍ന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ തമ്മിലടിക്കാനില്ലെന്ന് സുരേഷ് ഗോപിയും മുകേഷും. ഇതുമായി ബന്ധപ്പെട്ട് ഇരുവരേയും നാരദ ന്യൂസ് ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം അറിയച്ചത്. വിഷയത്തില്‍ സുരേഷ് ഗോപി ഇനി പ്രതികരിക്കില്ലെന്നാണ് തീരുമാനമെടുത്തതെന്നും അദ്ദേഹവും മുകേഷുമായി നല്ല ബന്ധമാണുള്ളതെന്നും എം.പിയുടെ മാനേജര്‍ സിനോജ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ഇനി ഒന്നും പറയാനില്ലെന്നും സുരേഷിനെയും തന്നെയും തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കില്ലെന്നും മുകേഷ് നാരദ ന്യൂസിനോട് പറഞ്ഞു.


നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയരുടെ ആഢംബരവും ധൂര്‍ത്തുമാണ് നോട്ട് ക്ഷാമത്തിന് കാരണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് സുരേഷ് ഗോപിയുടെ ഓഡി കാര്‍ വിവാദത്തിലായത്. കേരളത്തില്‍ നിന്നുള്ള ഏക ബി.ജെ.പി എംപിയുടെ ഔദ്യോഗിക കാര്‍ സംസ്ഥാനനികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന് ആരോപണം ഉയര്‍ന്നു. ആര്‍.ടി ഓഫീസില്‍ നിന്ന് ലഭിച്ച വിവരപ്രകാരം സുരേഷ് ഗോപിയുടെ കാര്‍ പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് വ്യക്തവുമായിരുന്നു. ഇതോടെ മുകേഷ് എംഎല്‍എയുടെ ഔദ്യോഗിക കാറും പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് സുരേഷ് ഗോപി ആരോപിച്ചു. എന്നാല്‍ അന്വേഷണത്തില്‍ മുകേഷിന്റെ കാര്‍ എറണാകുളം തൃപ്പൂണിത്തുറ ആര്‍.ടി ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി. ഇതിനെത്തുടര്‍ന്ന് സുരേഷ് ഗോപിയുടെ ആരോപണം തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഈ സാഹചര്യത്തിലാണ് നാരദ ന്യൂസ് ഇരുവരേയും ബന്ധപ്പെട്ടത്.

നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായുള്ള ആരോപണത്തില്‍ ഇനി സുരേഷ് ഗോപി പ്രതികരിക്കാനില്ലെന്ന് മാനേജര്‍ സിനോജാണ് നാരദ ന്യൂസിനോട് പറഞ്ഞത്. മുമ്പും ഓഡി ക്യൂ 7 പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയില്‍ വിലാസമുള്ള സുരേഷ്‌ഗോപി അവിടെ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എന്ത് തെറ്റാണുള്ളത്. മുകേഷിന്റെ കാറിന്റെ രജിസ്‌ട്രേഷനെക്കുറിച്ച് അന്വേഷിക്കാനാണ് സുരേഷ് ഗോപി പറഞ്ഞത്. അന്വേഷിച്ച് വസ്തുത പുറത്തുവന്നല്ലോ. അതുകൊണ്ടാകാം ഇനി അദ്ദേഹം ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞത്-സിനോജ് പറഞ്ഞു. ഫാന്‍സി നമ്പറുകള്‍ ലഭിക്കാന്‍ കേരളത്തില്‍ വലിയ തുക ചെലവാകുന്നതുകൊണ്ടാകാം സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

മുകേഷിന്റെ ഓഡി കാര്‍ കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തതെന്ന വിവരം പുറത്തുവന്നതോടെ സുരേഷ് ഗോപിയുടെ ആരോപണം തെറ്റാണെന്ന് ജനം കരുതിയേക്കാവുന്നതിനാല്‍ എം.പിയുടെ ഒരു പ്രതികരണം പ്രസക്തമല്ലേ എന്ന ചോദ്യത്തിന് മുകേഷിനോട് സുരേഷ് ഗോപിക്ക് നല്ല ബന്ധമാണുള്ളതെന്നാണ് സിനോജ് പ്രതികരിച്ചത്. സുരേഷ് ഗോപി കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ കേന്ദ്രത്തെ കബളിപ്പിച്ചിട്ടില്ല. എവിടെയായാലും നികുതി അടച്ചിട്ടുണ്ടല്ലോ പണം ലാഭം കിട്ടിയാല്‍ ആരായാലും ഇത്തരത്തില്‍ ചെയ്യുകയില്ലേയെന്നും സിനോജ് ചോദിച്ചു.

വിഷയത്തില്‍ പ്രതികരണം തേടി കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെ ബന്ധപ്പെട്ടപ്പോള്‍ തന്റെ കാറുമായി ബന്ധപ്പെട്ട വസ്തുതകള്‍ ഇതിനകം വെളിയില്‍ വന്നതായും തന്നെയും സുരേഷ് ഗോപിയേയും തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഈ കാറിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വത്തുവിവരപ്പട്ടികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം പിവൈ രജിസ്‌ട്രേഷനുള്ള കാറുകള്‍ ധാരളമായി കേരളത്തില്‍ നിരത്തിലുണ്ട്. മറ്റുസ്ഥലങ്ങളിലെ രജിസ്‌ട്രേഷനുള്ള വിഹനങ്ങള്‍ ആറുമാസത്തില്‍ കൂടുതല്‍ കേരളത്തില്‍ ഓടാന്‍ നിയമം അനുവദിക്കുന്നില്ല. പിവൈ രജിസ്‌ട്രേഷനുള്ള കാറുകളെ മോട്ടോര്‍വാഹന വകുപ്പിന് വെറുതെ വിടാനാവില്ല.