വെട്ടിപ്പല്ലേ സുരേഷ്‌ഗോപി സാറേ, താങ്കളുടെ ഓഡിക്ക് എങ്ങനെ പോണ്ടിച്ചേരി നമ്പര്‍?

സുരേഷ് ഗോപിയുടെ ആര്‍ഭാട കാറിന് നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ എന്ന ആരോപണവുമായി ഫേസ്ബുക്ക് പോസ്റ്റുകള്‍- എംപിയെന്ന നിലയില്‍ ഔദ്യോഗികമായി കേരളത്തിലുപയോഗിക്കുന്ന കാറാണ് സംസ്ഥാന നികുതി വെട്ടിച്ചു എന്ന ആരോപണത്തിലേയ്ക്ക് ഓടി കയറിയിരിക്കുന്നത്. വെട്ടിച്ചത് അഞ്ചര ലക്ഷം രൂപയെന്ന് ആരോപണം.

വെട്ടിപ്പല്ലേ സുരേഷ്‌ഗോപി സാറേ, താങ്കളുടെ ഓഡിക്ക് എങ്ങനെ പോണ്ടിച്ചേരി നമ്പര്‍?

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു കുടിക്കിലായെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മലയാളി ധൂര്‍ത്തന്മാരും ആര്‍ഭാടക്കരുമെന്ന് നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ കുറ്റപ്പെടുത്തി വെട്ടിലായി. തൊട്ടയല്‍ സംസ്ഥാനത്തെ ബിജെപി നേതാവ് ജനാര്‍ദ്ദന റെഡ്ഡി മകളുടെ കല്യാണത്തിന് 500 കോടി പൊടിച്ചത് ചൂണ്ടിക്കാട്ടി കുമ്മനത്തിന് മറുപടി പറഞ്ഞു വരുന്നതിനിടയില്‍ ഇതാ സുരേഷ് ഗോപി വന്നിറങ്ങിയിരിക്കുന്നു- സ്വന്തം ഓഡി ക്യു 7 കാറില്‍.

മീഡിയ വണ്‍ ചാനലില്‍ പി.ടി നാസര്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ പരിപാടി, പൊളിമിക്‌സില്‍ മുന്നിലും പിന്നിലും എംപിയെന്ന് കൂടിയ വലിപ്പത്തില്‍ പതിപ്പിച്ച സ്റ്റിക്കറമുമായി വന്നിറങ്ങിയ ഓഡി കാര്‍, ആര്‍ഭാടക്കാറല്ലേ എന്നായിരുന്നു നാസറിന്റെ ഹാസ്യം. കുമ്മനത്തിനുള്ള മറുപടി തന്നെ. പക്ഷെ ആ പിരിപാടി കണ്ട റെനീഷിന് കത്തിയത് മറ്റൊന്നാണ്. റെനീഷിന്റെ ഓര്‍മ്മ റിവേഴ്‌സ് ഗിയറിട്ടു- പണക്കാരുടെ കാറുകള്‍ക്കെല്ലാം പിവൈ രജിസ്‌ട്രേഷനാണല്ലോ പണ്ടു മുതലേ. ദാ സുരേഷ് ഗോപിയുടെ കാറിനും അതേ നമ്പര്‍.
സംഭവം മറ്റൊന്നുമല്ല, കേന്ദ്ര ഭരണപ്രദേശമായതിനാല്‍ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്താല്‍ സംസ്ഥാനനികുതിയില്‍ നിന്ന് ഒഴിവായി കിട്ടും. അതായത് കോടികള്‍ വിലമതിക്കുന്ന വാഹനം വാങ്ങുന്നയാള്‍ സംസ്ഥാന ഖജനാവിലേയ്ക്ക്, പവപ്പെട്ടവന് മരുന്നും പെന്‍ഷനുമാകേണ്ട നികുതി അടക്കാന്‍ തയ്യാറല്ലെന്നു തന്നെ. പിവൈ കാറുകളങ്ങനെ പണക്കാരന്റെ നമ്പരായി സംസ്ഥാനത്തെ റോഡിനു വേണ്ട ടാക്‌സ് അടയ്ക്കാതെ ഗട്ടറുകളുണ്ടാക്കി കടന്നു പൊയ്‌ക്കൊണ്ടിരുന്നു.അപ്പോള്‍ നിയമം മാറ്റി- വാഹനം രജിസ്റ്റര്‍ ചെയ്യുന്നയാളുടെ താമസ സ്ഥലത്തിന്റെ പരിധിയിലുള്ള ആര്‍ടി ഓഫീസില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെന്നായി. അങ്ങനെ പി.വൈ രജിസ്‌ട്രേഷനില്‍ നടത്തുന്ന വാഹന നികുതി വെട്ടിപ്പ് ഏതാണ്ട് ഒഴിവായി വരുകയായിരുന്നു.
അപ്പോഴുണ്ട്, കേരളത്തിലെ ബിജെപിയുടെ ഏക എംപിയായ സുരേഷ് ഗോപി പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാര്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. റെനീഷ് വിഷയം ചൂണ്ടിക്കാട്ടി പോസ്റ്റിട്ടു.
ആ പോസ്റ്റിനെ തുടര്‍ന്ന് ദീപക് ശങ്കരനാരായണന്‍ നടത്തിയ അന്വേഷണം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടു. പോണ്ടിച്ചേരി രജിസ്‌ട്രേഷനെ കുറിച്ച് ദീപക് എഴുതുന്നു-'പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്‌ലാറ്റ് ടാക്‌സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള Audi Q 7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്‌സ് മുക്കാം.നിയമപരമായും ധാര്‍മ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോള്‍ ആളുകള്‍ സ്വകാര്യവാഹങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് എടുക്കാറുള്ളത്. കര്‍ണ്ണാടകയിലെയോ തമിഴ്‌നാട്ടിലെയോ പോലെ റോഡില്‍ കാണുന്ന മറ്റ് സംസ്ഥാനവാഹങ്ങള്‍ക്കു നേരെ കേരളാ പോലീസ് ചാടി വീഴാറില്ല. അതങ്ങനെത്തന്നെയാണ് വേണ്ടതും. ഇന്‍ക്ലൂസിവിറ്റിയുടെ നഷ്ടങ്ങള്‍ക്കുനേരെ ഒരു ജനാധിപത്യസമൂഹം കണ്ണടക്കക്കുക തന്നെയാണ് വേണ്ടത്, അല്ലാതെ അത് ദുരുപയോഗം ചെയ്യുന്നവരുടെ പേരില്‍ സാമാന്യമനുഷ്യരെ ബുദ്ധിമുട്ടിക്കുകയല്ല.
എന്നിട്ടും നയിച്ചുതിന്നുന്ന മലയാളികളാരും മനപ്പൂര്‍വ്വം നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ പോയി വണ്ടി വാങ്ങാറില്ല. ഒരു കുടുംബം കാലങ്ങള്‍ സ്വപ്നം കണ്ട് നാലു ലക്ഷം രൂപ ലോണെടുത്ത് വാങ്ങുന്ന ചെറിയ ഒരു കാറിന് പോലും, വലിയ തുക ലാഭിക്കാമെങ്കിലും. ഉളുപ്പെന്ന ഒന്ന് സാമാന്യമനുഷ്യര്‍ക്കുള്ളതുകൊണ്ടാവണം. അതേ സമയം നയിക്കാതെ തിന്നുന്നവര്‍ ചെയ്യാറുണ്ടുതാനും'
ദീപക് സുരേഷ് ഗോപി ഉപയോഗിക്കുന്ന കാര്‍ അദ്ദേഹത്തിന്റേതു തന്നെയോ എന്ന് പരിശോധിച്ചു. അപ്പോള്‍ ലഭിച്ച വിലാസം ഇതാണ്- PY01BA0999 [PUDUCHERRY,PY]
Owner:1-SURESH GOPI
Vehicle:AUDI Q7(DIESEL)
L.M.V. (CAR)
RC/FC Expiry:26-Jan-25
Finance:HDFC BANK LTD
MV Tax upto:(LifeTime)

'അതായത് പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫ്‌ലാറ്റ് ടാക്‌സാണ്. അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്‌സ് മുക്കാം'ദീപക് പോസ്റ്റില്‍ എത്ര ലക്ഷം രൂപയുടെ നികുതി വെട്ടിച്ചുവെന്നതടക്കം ആരോപിക്കുന്നു. അതെ, ആള് നമ്മുടെ സുരേഷ് ഗോപി തന്നെ. നികുതി വെട്ടിപ്പിനും കള്ളപ്പണത്തിനുമെതിരെ യുദ്ധം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ രാജ്യസഭാ എംപി തന്നെ നികുതി വെട്ടിക്കാനായി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതാണ് ചോദ്യം ചെയ്യപ്പെടുന്നത്.