ക്വാറി ഉടമകളുമായി ചേര്‍ന്നു സര്‍ക്കാര്‍ ഒത്തുകളിക്കുന്നു; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പാറമടകളുടെ പെര്‍മിറ്റ് പുതുക്കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാണ്. അഞ്ചു ഹെക്ടറില്‍ താഴെയുളള പാറമടകള്‍ക്കും ഈ അനുമതി വേണം. പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് കേന്ദ്രവും സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ ക്വാറി ഉടമകളുടെ പെര്‍മിറ്റ് പുതുക്കാന്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്.

ക്വാറി ഉടമകളുമായി ചേര്‍ന്നു സര്‍ക്കാര്‍ ഒത്തുകളിക്കുന്നു; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരും ക്വാറി ഉടമകളും ഒത്തുകളിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കാന്‍ പരിസ്ഥിതി അനുമതി വേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്താണ് കോടതിയുടെ വിമര്‍ശനം. അതേസമയം, എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.


അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കാന്‍ പരിസ്ഥിതി അനുമതി നിര്‍ബന്ധമാണെന്ന ഹൈക്കോടതി വിധിക്കെതിരായ ഹരജികളിലാണ് സംസ്ഥാന സര്‍ക്കാരിന് എതിരായ സുപ്രീം കോടതി പരാമര്‍ശം. യുഡിഎഫ് സര്‍ക്കാര്‍ 2015-ല്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ പ്രകാരം അന്ന് ലൈസന്‍സ് ഉണ്ടായിരുന്ന ക്വാറികള്‍ക്ക് മൂന്നു തവണ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് ക്വാറി ഉടമകള്‍ വാദിച്ചു. ക്വാറി ഉടമകളുടെ ഹരജിയില്‍ കോടതി അടുത്ത വെള്ളിയാഴ്ച വീണ്ടും വാദം തുടരും.

ക്വാറി ഉടമകളെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. പുതിയ പെര്‍മിറ്റിന് മാത്രമാണ് പരിസ്ഥിതി അനുമതി നിഷ്‌കര്‍ഷിച്ചിട്ടുള്ളതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി പ്രത്യാഘാത പഠനം നിര്‍ബന്ധമാക്കിയാല്‍ സംസ്ഥാനത്തെ നിര്‍മ്മാണ മേഖല സ്തംഭിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ഈ വാദത്തെ രൂക്ഷഭാഷയിലാാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ദീപക് കുമാര്‍ കേസിലെയും പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനത്തിന്റെയും അടിസ്ഥാനത്തില്‍ എല്ലാ ക്വാറികള്‍ക്കും പരിസ്ഥിതി അനുമതി നിര്‍ബന്ധമല്ലേയെന്ന് ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ചോദിച്ചു.

അനുമതി ഇല്ലാതെ പെര്‍മിറ്റ് പുതുക്കിനല്‍കിയാല്‍ അത് എല്ലാകാലവും ആവര്‍ത്തിക്കപ്പെടില്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരുകളും ക്വാറി ഉടമകളും എല്ലായിടത്തും ഒത്തുകളിക്കുകയാണ്. കേരളത്തില്‍ അനുമതി നല്‍കിയാല്‍ നാളെ ഹരിയാനയും ഉത്തര്‍പ്രദേശും ക്വാറികള്‍ക്കനുകൂലമായ നിലപാടെടുക്കും. സ്വതന്ത്ര ഏജന്‍സിയായ കേന്ദ്ര പരിസ്ഥിതി പ്രത്യാഘാത അതോറിറ്റിയുടെ നിലപാടറിഞ്ഞേ അന്തിമ തീരുമാനം എടുക്കൂ എന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് കോടതി സോളിസിറ്റര്‍ ജനറലിനെ വിളിപ്പിച്ചു. അഞ്ച് ഹെക്ടറില്‍ താഴെയുള്ള എല്ലാ ക്വാറികള്‍ക്കും സംസ്ഥാന പരിസ്ഥിതി പ്രത്യാഘാത അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ ക്വാറി ഉടമകളുടെ ഹരജികള്‍ കോടതി അടുത്ത വെളളിയാഴ്ച വിശദമായ വാദംകേള്‍ക്കാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ നേരത്തെ പരിഗണിച്ചപ്പോള്‍ തല്‍സ്ഥിതി തുടരണമെന്ന് ഉത്തരവിട്ടതിന്റെ അര്‍ഥം എല്ലാവര്‍ക്കും ലൈസന്‍സ് നല്‍കണമെന്നല്ലെന്നും കോടതി വ്യക്തമാക്കി.

Read More >>