ശശി തരൂർ അളന്നാൽ ജാലിയൻ വാലാബാഗിൽ നിന്ന് ഗുജറാത്തിലേയ്ക്ക് എത്ര ദൂരമുണ്ടാകും?

ജാലിയൻവാലാ ബാഗിൽ കൊല്ലപ്പെട്ടതിന്റെ പലമടങ്ങധികം പേർ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1919ലെ കൂട്ടക്കൊലയുടെ പേരിൽ ബ്രിട്ടീഷ് സർക്കാർ മാപ്പു പറയണമെന്ന് ശശി തരൂർ ആവശ്യപ്പെടുന്നത് മനസിലാക്കാം. പക്ഷേ, ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോഡി മാപ്പു പറയണമെന്ന ആവശ്യമുയർത്താൻ അദ്ദേഹത്തിനു കഴിയാത്തത് എന്തുകൊണ്ടായിരിക്കാം

ശശി തരൂർ അളന്നാൽ ജാലിയൻ വാലാബാഗിൽ നിന്ന് ഗുജറാത്തിലേയ്ക്ക് എത്ര ദൂരമുണ്ടാകും?

മൻസൂർ അൽവി

"സൂര്യനസ്തമിക്കാത്ത സാമ്രാജ്യം" എന്ന വിശേഷണത്തെ കളിയാക്കി ഓക്സ്ഫഡിൽ ശശി തരൂർ നടത്തിയ പ്രഭാഷണം നമ്മളൊക്കെ ഒരുപാട് ഷെയർ ചെയ്തതാണ്. ''And no wonder that the sun never set on the British empire because even god couldn't trust the English in the dark.'' അതായത്, ബ്രിട്ടീഷ് സാമ്രാജ്യത്തിന് മുകളിൽ സൂര്യൻ അസ്തമിക്കില്ല, കാരണം ദൈവത്തിനു പോലും ഇരുട്ടിൽ വെള്ളക്കാരെ വിശ്വാസമില്ല എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞത്. മരണമാസ്സ്‌ ഡയലോഗ് തന്നെ, ഞാനും രോമാഞ്ചകഞ്ചുകനായി കൈ അടിച്ചു; അപ്പൊ തന്നെ ഷെയറും ചെയ്തു.


ജാലിയൻ വാലാബാഗ്, സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും ഭീകരവും പൈശാചികവുമായ സംഭവങ്ങളിൽ ഒന്നാണ്. ഒരു പ്രകോപനവുമില്ലാതെ പതിനായിരക്കണക്കിന് ആളുകൾക്ക് നേരെ ജനറൽ ഡയറുടെ ഉത്തരവ് പ്രകാരം ബ്രിട്ടീഷ് പട്ടാളം വെടിയുതിർക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ആയിരത്തഞ്ഞൂറ് ആളുകളെങ്കിലും കൊല്ലപ്പെട്ടു എന്നാണു കണക്ക്. ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഇളകിയ സമരങ്ങൾക്ക് തുടക്കം കുറിച്ച സംഭവമായിരുന്നു അത്. കഴിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറോൺ അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദർശനത്തിനിടെ ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട സംഭവമായിരുന്നു ജാലിയൻ വാലാബാഗ് എന്ന് പറയുകയും സ്മാരകത്തിൽ ബഹുമാനാർത്ഥം ശിരസ്സ് കുനിക്കുകയും പുഷ്പാർച്ചന നടത്തുകയും ഒക്കെ ചെയ്തിരുന്നു.

ഇനി ശശി തരൂർ ആവശ്യപ്പെടുന്ന കാര്യം എടുക്കാം, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള അന്നത്തെ ഒരു ജനറലിന്റെ എടുത്ത് ചാട്ടത്തെ, ഇനി അതല്ല അന്നത്തെ ബ്രിട്ടീഷ് അധികാരികൾ അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കൂട്ടക്കുരുതി എന്ന് തന്നെ പറയാം.. അതിൻറെ പേരിൽ ഇന്നത്തെ ബ്രിട്ടീഷ് സർക്കാറിനെ വിമർശിക്കുന്നതിൽ തെറ്റൊന്നും കാണാൻ കഴിയില്ല, മാത്രമല്ല ഇതൊന്നും ഒരിക്കലും പൊറുക്കാൻ കഴിയുന്ന തെറ്റുമല്ല. കാരണം കൊല്ലപ്പെട്ടത് നിരപരാധികളാണ്. അതുകൊണ്ട് തന്നെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണം എന്നാണ് ശശി തരൂർ പറഞ്ഞത്. ശരി, ഞാനും അനുകൂലിക്കുന്നു. അവർ മാപ്പ് പറയട്ടെ, നൂറ്റാണ്ട് പിന്നിട്ട ഒരു തലമുറ അവരുടെ പൂർവ്വീകരുടെ തെറ്റിനെ തിരുത്തി തങ്ങൾ പരിഷ്‌കൃതരും പരിവർത്തനത്തിന് വിധേയമായവരുമാണ് എന്ന് കാണിക്കട്ടെ..

അന്താരാഷ്‌ട്ര തലത്തിൽ മാതൃകയാവുന്നു സന്ദേശങ്ങൾ അതിലൂടെ പരക്കട്ടെ.

ചരിത്രത്തിലെ നീതിയും ന്യായവും നൂറ്റാണ്ടുകൾ കഴിഞ്ഞാലും ചർച്ച ചെയ്യപ്പെടണം, അല്ലെ? നമുക്കിനി പത്ത് പതിനാല് വര്ഷം മുമ്പ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടന്ന ഒരു സംഭവം പറയാം. ഗുജറാത്തിലെ ഗോധ്രയിൽ ഒരു ട്രെയിൻ ബോഗി കത്തിച്ച് 58 പേരെ കൊലപ്പെടുത്തിയതിന് പകരമായി ഈ സംഭവത്തിൽ ഒരു ബന്ധവുമില്ലാത്ത ഏകദേശം 150 കിലോമീറ്റർ അപ്പുറത്ത് ജീവിച്ചിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആളുകളെ കൊന്നൊടുക്കി. ഗർഭിണികളെ പോലും ബലാത്സംഘം ചെയ്ത് കത്തിച്ച് കൊന്നു. മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്, ജാലിയൻ വാലാബാഗിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ ഇരട്ടി. ഈ കൂട്ടക്കുരുതി നടത്തിയത് അന്ന് ഗുജറാത്ത് ഭരിച്ചിരുന്ന പാർട്ടിയും അവരുടെ പോഷക സംഘടനകളും അനുകൂലികളും.

''ജനങ്ങൾ അവരുടെ രോഷം തീർക്കട്ടെ''എന്ന് അന്നത്തെ മുഖ്യമന്ത്രി പറഞ്ഞു എന്നാണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരും അന്ന് സർവീസിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും പറയുന്നത്. ''let the people vent their anger'' എന്നായിരുന്നത്രേ ഡയലോഗ്.

ഇതേ മുഖ്യമന്ത്രിയാണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി. അദ്ദേഹം ശശി തരൂരിൻറെ ഓക്സ്ഫോഡ് പ്രസംഗത്തെ അഭിനന്ദിച്ച് പറഞ്ഞത് ''പറയേണ്ടത് പറയേണ്ടിടത്ത് പറഞ്ഞു'' എന്നാണ്. ശശി തരൂരിപ്പോൾ വീണ്ടും അതേ ആവശ്യം ആവർത്തിച്ച് ഉന്നയിച്ചിരുക്കുന്നു ''നൂറു വർഷം മുമ്പ് നടന്ന ജാലിയൻ വാലാബാഗ് സംഭവത്തിന് ഇന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാപ്പ് പറയണം''.

ബഹുമാന്യനായ തരൂരിന് ലോങ്ങ് സൈറ്റാവാം, അടുത്തുള്ളതൊന്നും കാണാൻ കഴിയുന്നുണ്ടാവില്ല... മോഡി പ്രഭയിൽ എല്ലാം മഞ്ഞളിച്ച് പോയതുമാവാം. അതുമല്ലെങ്കിൽ ഭാര്യയുടെ ദുരൂഹമരണത്തിൽ അൽഷിമേഴ്‌സ് ബാധിച്ച് തന്മാത്രയിലെ ലാലേട്ടനെപ്പോലെ പിച്ചും പേയും പറയുന്നതാവാം.

Read More >>