കേന്ദ്ര ധനമന്ത്രാലയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി; ലക്ഷ്യം അരുണ്‍ ജയറ്റ്‌ലി

പിന്‍വലിക്കുന്നയത്രയും മൂല്യത്തിനുള്ള നോട്ടുകള്‍ വിന്യസിക്കാനുള്ള നടപടിയില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം പരാജയപ്പെട്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ഒരുക്കിവയ്ക്കുന്നതില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം കഴിഞ്ഞ 2.5 വര്‍ഷമായി ശ്രദ്ധിച്ചിട്ടില്ലെന്ന് സ്വാമി ട്വിറ്ററില്‍ കുറിച്ചു.

കേന്ദ്ര ധനമന്ത്രാലയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി; ലക്ഷ്യം അരുണ്‍ ജയറ്റ്‌ലി

നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്ര ധനകാര്യമന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പിന്‍വലിക്കുന്നയത്രയും മൂല്യത്തിനുള്ള നോട്ടുകള്‍ വിന്യസിക്കാനുള്ള നടപടിയില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം പരാജയപ്പെട്ടെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം. അടിയന്തര ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ഒരുക്കിവയ്ക്കുന്നതില്‍ കേന്ദ്ര ധനകാര്യമന്ത്രാലയം കഴിഞ്ഞ 2.5 വര്‍ഷമായി ശ്രദ്ധിച്ചിട്ടില്ലെന്ന് സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഗ്രാമീണ മേഖലകളിലും ചെറിയ പട്ടണങ്ങളിലേയും നിലവിലെ സ്ഥിതിയില്‍ നിന്നും ഇതാണ് മനസ്സിലാവുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ഇതോടെ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ലക്ഷ്യമെന്ന് വീണ്ടും വ്യക്തമാവുകയാണ്.


മാസങ്ങളായി അരുണ്‍ ജയറ്റ്‌ലിക്കെതിരെയും ധനകാര്യം മന്ത്രാലയത്തിനെതിരെയും പരസ്യനിലപാടുകളുമായി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുണ്ട്. താന്‍ അരുണ്‍ ജെയ്റ്റ്ലിയേക്കാള്‍ മികച്ച ധനമന്ത്രിയായിരിക്കുമെന്നായിരുന്നു സ്വാമി കഴിഞ്ഞ സെപ്തംബറില്‍ നടത്തിയ പ്രസ്താവന. ഞാന്‍ സാമ്പത്തിക വിദഗ്ദ്ധനാണ്. ജെയ്റ്റ്ലി അഭിഭാഷകനും. അങ്ങനെ ഒരാള്‍ക്ക് എങ്ങനെയാണ് തന്നേക്കാള്‍ മികച്ചതാകാന്‍ സാധിക്കുക. ജെയ്റ്റ്ലിയുമായുള്ള അഭിപ്രായ ഭിന്നതയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദക്ഷിണേന്ത്യന്‍ ബ്രാഹ്മണനും ഉത്തരേന്ത്യന്‍ ബ്രാഹ്മണനും തമ്മില്‍ എന്നും പ്രശ്നം ഉണ്ടാകാറുണ്ട് എന്നായിരുന്നു സ്വാമിയുടെ മറുപടി.

ഒപ്പം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരെയും സ്വാമി വിമര്‍ശനമുന്നയിച്ചിരുന്നു. മരുന്നുകളുടെ ബൗദ്ധിക സ്വത്ത് അവകാശത്തില്‍ അമേരിക്കക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യമെന്നായിരുന്നു സ്വാമി ട്വിറ്ററിലൂടെ ആരോപിച്ചത്. അരവിന്ദ് സുബ്രമണ്യം അമേരിക്കക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. അദ്ദേഹത്തിന് അമേരിക്കയുടെ ഗ്രീന്‍കാര്‍ഡ് കിട്ടുകതന്നെ ചെയ്യും. ചരക്കുസേവന നികുതി ഉടമ്പടിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ കര്‍ശന നിലപാടുകള്‍ക്ക് പിന്നിലും അരവിന്ദ് സുബ്രമണ്യമാണെന്ന് സ്വാമി ആരോപിച്ചിരുന്നു.

Read More >>