ഷൂട്ടിങ് അപകടം: മലയാളം സേഫാണോ? ത്യാഗരാജനും മാഫിയ ശശിയും പറയുന്നു

കോളിളക്കം സിനിമയില്‍ ഹെലികോപ്ടറില്‍ നിന്ന് വീണ് നടന്‍ ജയന്‍ മരിച്ച അനുഭവമുള്ള മലയാളം സിനിമ ഷൂട്ടിങ്ങ് അപകടങ്ങളില്‍ നിന്ന് സുരക്ഷിതമാണോ. മലയാളത്തിന്റെ സ്റ്റണ്ട് ഡയറക്ടേഴ്സായ ത്യാഗരാജന്‍ മാസ്റ്ററും മാഫിയ ശശിയും പറയുന്നു

ഷൂട്ടിങ് അപകടം: മലയാളം സേഫാണോ? ത്യാഗരാജനും മാഫിയ ശശിയും പറയുന്നു

ഷൂട്ടിംഗ് അപകടത്തില്‍ കന്നഡ നടന്‍മാരായ അനില്‍, രാഘവ് ഉദയ് എന്നിവര്‍ മരിച്ചിരുന്നു. വെള്ളത്തില്‍ ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഇരുവരും മുങ്ങിമരിച്ചതെന്നാണ് സൂചന.

കോളിളക്കം സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്ടറില്‍ നിന്ന് വീണ് നടന്‍ ജയന്‍ മരിച്ച അനുഭവം മലയാളം സിനിമയ്ക്കുണ്ട്. ഷൂട്ടിങ് അപകടങ്ങളില്‍ നിന്ന് ഇക്കാലത്ത് സുരക്ഷിതമാണോ? മലയാളത്തിന്റെ സ്റ്റണ്ട് ഡയറക്ടേഴ്സായ ത്യാഗരാജന്‍ മാസ്റ്ററും മാഫിയ ശശിയും നാരദ ന്യൂസിനോട് പറയുന്നു:


നായകന് പ്രത്യേക പരിഗണന നല്‍കാറില്ല: ത്യാഗരാജന്‍

സംഭവത്തിന്റെ വിശദാശംങ്ങള്‍ പൂര്‍ണമായി ലഭ്യമായിട്ടില്ല. രക്ഷാ ബോട്ട് തക്കസമയത്ത് സ്റ്റാര്‍ട്ടാകാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് ലഭിച്ച വിവരം. സിനിമയുടെ സ്റ്റണ്ട് മാസ്റ്റര്‍ക്ക് വീഴ്ച പറ്റിയോ എന്ന് ഈ ഘട്ടത്തില്‍ പറയാനാകില്ല. ഇത്തരത്തില്‍ പല അപകടങ്ങളും ഷൂട്ടിംഗിന്റെ ഭാഗമായി ദിവസേനയെന്നവണ്ണം സംഭവിക്കാറുണ്ട്.

സ്റ്റണ്ട് മാസ്റ്ററെന്ന നിലയില്‍ ഒരു നടനോടും വിവേചനം കാണിച്ചിട്ടില്ല. എല്ലാവരുടെ ജീവനും വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ സംഘട്ടന രംഗങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാ അഭിനേതാക്കള്‍ക്കും ഒരുപോലെയുള്ള സുരക്ഷാ സംവിധാനങ്ങളാണ് ലഭ്യമാക്കുന്നത്. നായകന് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കാറില്ല.

സുരക്ഷാ ക്രമീകരണം സംശയമുണ്ട്: മാഫിയ ശശി

നീന്തല്‍ അറിയുന്നവരാണ് വെള്ളത്തില്‍ച്ചാടുന്നതെങ്കില്‍പ്പോലും നാല് ഭാഗത്തും ബോട്ടുകള്‍ ഒരുക്കി നിര്‍ത്തിയാണ് ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ ശരിയായ സുരക്ഷ ഒരുക്കിയിരുന്നോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇപ്പോള്‍ ഗോവയില്‍ ഒരു സിനിമയുടെ സെറ്റിലാണ്. നായകന്‍ വിജയ് ബാബുവും മണികണ്ഠനും (കമ്മട്ടിപ്പാടം ഫെയിം) തമ്മിലുള്ള ഒരു സംഘട്ടന രംഗം ചിത്രീകരിച്ചിരുന്നു. ഈ രംഗത്തില്‍ പങ്കെടുത്ത ജൂനിയര്‍ ആര്‍ട്ടിസ്റ്റിനും ഡ്യൂപ്പിനും നായകന് തുല്യമായ സുരക്ഷയാണ് ഒരുക്കിയത്. കാര്‍ വെള്ളത്തില്‍ച്ചാടുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ നാല് വശത്തും രക്ഷാ ബോട്ടുകള്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു.

വേണ്ടത്ര വൈദഗ്ധ്യം നേടാത്തവര്‍ സ്റ്റണ്ട് മാസ്റ്റര്‍മാരായി വരുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളുമുണ്ട്. ത്യാഗരാജന്‍ മാസ്റ്ററെപ്പോലുള്ളവരുടെ കീഴില്‍ 10 വര്‍ഷമെങ്കിലും പരിശീലനം നേടിയ ശേഷം സ്വതന്ത്ര സ്റ്റണ്ട് മാസ്റ്ററാകുന്നതാണ് ശരിയായ രീതി. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മൂന്നോ നാലോ വര്‍ഷം മാത്രം പരിശീലനം നേടിയ ശേഷം സ്റ്റണ്ട് മാസ്റ്റര്‍മാരാകുന്നവരുമുണ്ട്. ഇത് ചില ഘട്ടങ്ങളില്‍ അപകടങ്ങള്‍ക്ക് വഴിവച്ചേക്കാം.

ഗ്രാഫിക്‌സിന്റെ സാധ്യതകളും വികസിച്ച സാങ്കേതിക വിദ്യകളും ഇന്ന് സംഘട്ടനരംഗങ്ങള്‍ അപകടം വളരെ കുറഞ്ഞ രീതിയില്‍ ചിത്രീകരിക്കുന്നതിന് സഹായിക്കുന്നു.