കണ്ണൂരിന്റെ നന്മകൾ തീരുന്നില്ല; വിദ്യാലയ വികസനത്തിന് കുപ്പയിൽ നിന്നും മാണിക്യം തേടി ചട്ടുകപ്പാറ സ്‌കൂൾ

വീടുകളിലും മറ്റും ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക്, ഇരുമ്പ്, പാത്രങ്ങൾ, കടലാസ്, ഇലക്ട്രോണിക് മാലിന്യം എന്നിവ ശേഖരിച്ച് ഇടനിലക്കാരില്ലാതെ റീസൈക്കളിംഗ് കേന്ദ്രങ്ങൾക്ക് നേരിട്ട് വിൽക്കാനാണ് പദ്ധതി.

കണ്ണൂരിന്റെ നന്മകൾ തീരുന്നില്ല; വിദ്യാലയ വികസനത്തിന് കുപ്പയിൽ നിന്നും മാണിക്യം തേടി ചട്ടുകപ്പാറ സ്‌കൂൾ

കണ്ണൂർ: കണ്ണൂരിനെക്കുറിച്ചും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെക്കുറിച്ചും വാർത്തകൾ വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മലപ്പട്ടത്ത് സർക്കാർ വിദ്യാലയത്തിന്റെ വികസനത്തിനായി വിദ്യാർത്ഥിനികളും അമ്മമാരും സ്വർണാഭരണങ്ങൾ ഊരി നൽകിയ നന്മയെക്കുറിച്ചുള്ള വാർത്ത എത്തിയത്. പൊതുവിദ്യാലയ സംരക്ഷണത്തിനായുള്ള ഈ 'മലപ്പട്ടം മോഡൽ' കണ്ണൂരിലെ മറ്റു ഗ്രാമങ്ങളിലേക്കും പടരുകയാണ്.
വിലപിടിപ്പുള്ള സ്വർണാഭരണത്തിൽ നിന്നുമാത്രമല്ല വിലയില്ലെന്ന് കരുതി നമ്മൾ വലിച്ചെറിയുന്ന മാലിന്യത്തിൽ നിന്നും നന്മയുടെ ഗോപുരങ്ങൾ പണിയാമെന്ന് കാട്ടിത്തരുകയാണ് ചട്ടുകപ്പാറഗ്രാമം. ചട്ടുകപ്പാറ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്താനുള്ള പണമാണ് പാഴ്‌വസ്തുക്കൾ ശേഖരിച്ച് വിറ്റുകൊണ്ട് ചട്ടുകപ്പാറ നിവാസികൾ സ്വരൂപിക്കുന്നത്. തളിപ്പറമ്പ് എംഎൽഎ ജെയിൻസ് മാത്യു തന്നെയാണ് ഈ സംരഭത്തിന്റെയും പിന്നിൽ. കുട്ട്യാറ്റൂർ, മയ്യിൽ പഞ്ചായത്തുകളിലെ വീടുകളിലും മറ്റും ഉപയോഗശൂന്യമായി കിടക്കുന്ന പ്ലാസ്റ്റിക്, ഇരുമ്പ്, പാത്രങ്ങൾ, കടലാസ്, ഇലക്ട്രോണിക് മാലിന്യം എന്നിവ ശേഖരിച്ച് ഇടനിലക്കാരില്ലാതെ റീസൈക്കളിംഗ് കേന്ദ്രങ്ങൾക്ക് നേരിട്ട് വിൽക്കാനാണ് പദ്ധതി.

പ്രദേശത്തെ ഗ്രാമീണ വായനശാലകൾ വഴിയാണ് പഴയ സാധനങ്ങൾ ശേഖരിക്കുക. പിന്നീട് സ്‌കൂൾ അധികൃതർ ഇത് സ്വീകരിക്കും. സ്‌കൂൾ വാഹനം ഉപയോഗിച്ചാണ് ശേഖരണം നടത്തുന്നത്. എന്നാൽ പലരും സ്വന്തം വാഹനത്തിൽ തന്നെ പഴയ സാധനങ്ങൾ സ്‌കൂളിലേക്ക് നേരിട്ട് എത്തിക്കുന്നുണ്ട്. 'ശുചിത്വഗ്രാമം' എന്ന ലക്‌ഷ്യം കൂടി കൈവരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നുണ്ട്. വായനാശാലാ - വാർഡുതല കമ്മിറ്റികളാണ് പ്രവർത്തനനത്തിന് ചുക്കാൻ പിടിക്കുന്നത്.
പദ്ധതി ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നന്മയുടെയും കൂട്ടായ്മയുടെയും രൂപത്തിൽ നിരവധി പാഴ്‌വസ്തുക്കൾ ആണ് സ്‌കൂളിലേക്ക് ഒഴുകുന്നത്. ശുചിത്വവും സ്‌കൂൾ വികസനവും ഒരേ പാതയിൽ കൊണ്ടുവന്ന ഈ പുതിയ മോഡൽ തീർച്ചയായും അനുകരണീയം തന്നെ.

Read More >>