സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഷൊര്‍ണൂരില്‍ തുടങ്ങി

വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 8000 ത്തോളം വിദ്യാര്‍ത്ഥികള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവം ഷൊര്‍ണൂരില്‍ തുടങ്ങി

പാലക്കാട്:  മികവിന്റെ വിദ്യാലയങ്ങള്‍ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന രീതിയാണ് ഇന്ന് നടന്നു വരുന്നത്. നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയെന്നാല്‍ നന്നായി കാണാപാഠം പഠിക്കുന്ന എന്നെ അര്‍ത്ഥമുള്ളു. ഇതിന് മാറ്റം വരണം. പരീക്ഷകള്‍ വരെ ഉത്സവമാക്കി എല്ലാ വിദ്യാര്‍ത്ഥികളുടേയും അക്കാദമിക് മികവ് ഉയര്‍ത്തി കൊണ്ടു വരാനാണ് ശ്രമിക്കുന്നത്. ഇതിനായി സ്‌കൂളുകളേയും അന്തരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തും. സ്‌കൂളുകളിലെ കെട്ടിടങ്ങളും മറ്റും ഉണ്ടാക്കി നിലവാരം ഉയര്‍ത്തുന്ന കാര്യമല്ല പരിഗണിക്കുന്നതെന്നും വിദ്യാഭ്യാസ മികവ് ഉയര്‍ത്തുന്ന കാര്യമാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിനായി സ്‌കൂളുകളില്‍ വരെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഷൊർണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി


ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശി അധ്യക്ഷനായി. തൃത്താല എംഎല്‍എ വി ടി ബല്‍റാം, മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ കെ ഷംസുദ്ദീന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 8000 ത്തോളം വിദ്യാര്‍ത്ഥികള്‍ ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്.തത്സമയ പ്രവൃത്തി പരിചയ മേളക്കായി 60,000 ചതുരശ്രയടി പന്തലും ഒരെ സമയം 1200 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന പന്തലും ഒരുക്കിയിട്ടുണ്ട്. 100 പ്രദര്‍ശന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.

ഇന്ന് വൈകീട്ട് ശാസ്‌ത്രോത്സവത്തിലെ കലാ സാസ്‌കാരിക സദ്യ ഷൊര്‍ണൂര്‍ കെ വി ആര്‍ സ്‌കൂളില്‍ നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ ഐ എ എസ് കലാ സദ്യ ഉദ്ഘാടനം ചെയ്യും.