വീണ്ടും ശ്രീനിവാസന്‍ പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടിനുമൊപ്പം

പത്രം വായനയില്ലാത്ത മകന്‍ വിനീത് ശ്രീനിവാസനടക്കമുള്ള പുതുതലമുറയ്ക്ക് ആക്ഷേപഹാസ്യ സിനിമകള്‍ എടുക്കാനറിയില്ലെന്ന് ശീനിവാസന്‍ തമാശരൂപേണ പറഞ്ഞു.

വീണ്ടും ശ്രീനിവാസന്‍ പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടിനുമൊപ്പം

പല വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിയില്ലാത്ത ആളാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍. ജൈവ പച്ചക്കറികള്‍ക്ക് വേണ്ടിയും രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനും ശ്രീനി അടുത്ത കാലത്ത് നടത്തിയ പ്രസ്താവനകള്‍ക്ക് ഒരേ സമയം വന്‍ സ്വീകരണവും വിമര്‍ശനവും ലഭിച്ചിരുന്നു. സിനിമയെക്കുറിച്ചും തന്റെ രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രത്തിന്് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വീണ്ടും മനസ് തുറക്കുന്നുണ്ട്.


സിനിമാ സംവിധായകന്റെ കുപ്പായം അടുത്ത കാലത്തൊന്നും അണിയുന്നില്ലെന്ന് ശ്രീനിവാസന്‍. ഒരു പ്രിയദര്‍ശന്‍ സിനിമയുടെ തിരക്കഥയുടെ തിരക്കിലാണിപ്പോള്‍. അടുത്ത വര്‍ഷം അവസാനത്തോടെ സത്യന്‍ അന്തിക്കാടുമായിച്ചേര്‍ന്ന് പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന സിനിമയിലാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനും അവസാനമായി ഒരുമിച്ചത്. 2003ല്‍ പുറത്തിറങ്ങിയ കിളിച്ചുണ്ടന്‍ മാമ്പഴം ആണ് പ്രിയദര്‍ശനോടൊത്തുള്ള ശ്രീനിയുടെ അവസാന ചിത്രം.

എക്കാലത്തെയും മികച്ച രാഷ്ട്രീയ വിമര്‍ശന സിനിമയെന്ന് വിലയിരുത്തപ്പെടുന്ന സന്ദേശം പോലൊന്ന് പുതുതലമുറയ്ക്ക് സൃഷ്ടിക്കാന്‍ കഴിയാത്തത് അവര്‍ക്ക് പത്രം വായിക്കുന്ന ശീലമില്ലാത്തതിനാലാണെന്ന് ശ്രീനിവാസന്‍ തുറന്നടിക്കുന്നു. നടനും സംവിധായകനും ഗായകനുമെല്ലാമായ തന്റെ മകന്‍ വിനീതും ഇക്കാര്യത്തില്‍ വ്യത്യസ്തനല്ലെന്ന് അദ്ദേഹം തമാശരൂപേണ പറയുന്നു. സന്ദേശത്തിന് കഥയെഴുതുമ്പോള്‍ ആ സിനിമ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാകുമെന്ന് തങ്ങള്‍ കരുതിയില്ല. ഒരുപക്ഷെ അന്നത്തെ രാഷ്ട്രീയ സാഹര്യത്തില്‍ നിന്നും കേരളം അത്രയേറെ പുരോഗമിക്കാത്തതു കൊണ്ടാകാം സിനിമയ്ക്ക് ഇന്നും വന്‍ സ്വീകാര്യത ലഭിക്കുന്നത്.

ഇന്ന് സന്ദേശത്തിന് കഥയെഴുതുകയാണെങ്കില്‍ അഴിമതിയാകും മുഖ്യ വിഷയമായി കടന്നുവരിക. പാര്‍ട്ടി ഭേദമില്ലാതെ അഴിമതി ഇന്ന് രാജ്യത്തെ കാര്‍ന്നുതിന്നുകയാണ്.

'അയാള്‍ ശശി'യിലൂടെ വീണ്ടും നായകനാകുന്നു

സാജന്‍ ബാബു സംവിധാനം ചെയ്യുന്ന ഹാസ്യചിത്രമായ അയാള്‍ ശശിയിലൂടെ ശ്രീനിവാസന്‍ വീണ്ടും നായകനിരയിലേക്ക് മടങ്ങിവരുന്നു. പണം പലിശക്ക് കൊടുക്കുന്നയാളുടെ കഥാപാത്രമാണ് ശ്രീനിവാസന്റേത്. സ്ത്രീവിഷയങ്ങളില്‍ തല്‍പരനും മദ്യപാനിയുമാണ് ഈ കഥാപാത്രം. അതേസമയം ശശിയെന്ന കഥാപാത്രം പിന്നീട് ശശി നമ്പൂതിരി എന്ന് അറിയപ്പെടുന്ന തലത്തിലേക്ക് കഥ വികസിക്കുമെന്ന് ശ്രീനിവാസന്‍ പറയുന്നു.