'ഇസ്ലാമിന്റെ സൂഫി അന്തസ്സത്ത കളഞ്ഞുകുളിച്ചത് സലഫിസം': മുസ്ലിം നവോത്ഥാനത്തിന്റെ അടരുകൾ വീണ്ടെടുക്കപ്പെടുന്നു

നാലാൾപ്പൊക്കത്തിൽ തൂക്കിയിട്ട വിളക്ക് കൊളുത്തി, അത് കെടാവിളക്കായി സൂക്ഷിച്ച പളളിയിൽ അഞ്ചു നേരം നിസ്കരിച്ച് നൂറ്റാണ്ടുകൾ കഴിച്ചവരാണ് കേരളത്തിലെ മുസ്ലിങ്ങൾ. ആ സമൂഹം ഐഎസിലേക്ക് ആളെക്കൂട്ടുന്ന ഇസ്ലാമായി അധഃപതിച്ചതിനു പിന്നിലെ കാരണങ്ങൾ

സൂഫി അന്തസ്സത്ത കളഞ്ഞുകുളിച്ച് സലഫിസത്തിലേക്ക് കേരളത്തിലെ ഇസ്ലാമിനെ കൊണ്ടുകെട്ടുന്ന പ്രക്രിയയുടെ ഉള്ളറകൾ വെളിപ്പെടുത്തുന്ന പഠനം ഇസ്ലാമിക വൃത്തങ്ങളിലും മുസ്ലിം നവോത്ഥാനത്തിന്റെ ചരിത്രമന്വേഷിക്കുന്നവരിലും ചർച്ചയാവുന്നു. ഇസ്ലാമികജീവിതം അതിന്റെ ഉറവിടത്തിലേക്ക് പിന്മടങ്ങണമെന്ന് ചരിത്രഘടകങ്ങളെ മുൻനിർത്തി ആവശ്യപ്പെടുന്ന പഠനം, ജമാഅത്തെ ഇസ്ലാമിയടക്കമുള്ള വഹാബി പ്രസ്ഥാനക്കാരെയും അവരുടെ സുന്നി വകഭേദമായ സമസ്തയെയും ഇസ്ലാമിന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള തുറന്ന ചർച്ചയിലേക്ക് ക്ഷണിക്കുന്നു. ഒപ്പം സെക്യുലറിസ്റ്റുകളെയും!


ഇടതുപക്ഷ സാംസ്കാരികപ്രവർത്തനങ്ങളിലെ ചരിത്രധാരണക്കുറവുകൾ ആത്മവിമർശനത്തോടെ വെളിപ്പെടുത്തിക്കൊണ്ട് സിപിഐഎം മുഖവാരികയായ 'ദേശാഭിമാനി'യാണ് ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്. മാർക്സിസത്തിലും ഇസ്ലാമിക ദർശനങ്ങളിലും ഒരുപോലെ അവഗാഹമുള്ള കേരളത്തിലെ ചുരുക്കം യുവ ചിന്തകരിലൊരാളായ പി.പി. ഷാനവാസിന്റെതാണ് പഠനം.

കർമ്മശാസ്ത്രപരമായി പൊന്നാനി മഖ്ദൂമുമാരുടെയും സൂഫി ഉള്ളടക്കംകൊണ്ട് കൊണ്ടോട്ടിത്തങ്ങമ്മാരുടെയും പാരമ്പര്യമുള്ള കൊണ്ടോട്ടിയിലെ തന്റെ സ്വജീവിതാനുഭവങ്ങൾ മുൻനിർത്തിയാണ് ഷാനവാസിന്റെ പഠനം. ഇസ്ലാം വരുന്നതിനും മുമ്പത്തെ അറബിക്കച്ചവടക്കാലംതൊട്ടുള്ള 'മുസ്ലി'ങ്ങളുടെ സദ് പാരമ്പര്യം കളഞ്ഞുകുളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെയാണെന്ന് അത് വിശദമായി അന്വേഷിക്കുന്നു. രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും ഹിന്ദുത്വവാദികളും ഒരുപോലെ തമസ്കരിക്കുന്നതാണ് ആ ചരിത്രം.

IMG_2313

മൊയ്തു മൗലവിയുടെ കാലത്ത് അദ്ദേഹത്തിന്റെ സഹപാഠികളായി വാഴക്കാട് ദാറുൽ ഉലൂമിൽ മതവിദ്യാഭ്യാസം കഴിച്ച മായൻ മൗലവി - ഉണ്ണീൻ മൗലവി സഹോദരന്മാരിൽനിന്നു തുടങ്ങുന്നതാണ് ലേഖകന്റെ സമകാലിക ജീവിതചരിത്രം. അതിനുംമുമ്പത്തെ കൊണ്ടോട്ടി - പൊന്നാനി കൈത്തർക്കങ്ങളുടെ സമന്വയഭൂമിയിൽനിന്നുള്ള യാഥാർത്ഥ്യങ്ങളാണ് പഠനത്തിൽ നിരത്തുന്നതെന്നത് ലേഖകന് കൂടുതൽ ആധികാരികത നൽകുന്നു.

മഖ്ദൂമും കൊണ്ടോട്ടിയും


കേരളത്തിലെ മുസ്ലിങ്ങൾക്ക് ആധുനിക കാലത്ത് ജീവിത ചട്ടക്കൂട് നൽകുന്നത് പ്രധാനമായും പൊന്നാനിക്കാരായ മഖ്ദൂം പണ്ഡിത കുടുംബമാണ്. കായൽപട്ടണം വഴി മട്ടാഞ്ചേരിയിൽ എത്തിച്ചേർന്ന ശേഷമാണ് അവർ പൊന്നാനിയിൽ കുടിയേറിയിട്ടുണ്ടാവുക എന്ന് ചരിത്രകാരന്മാർ കരുതുന്നു.

_MG_1742 (1)

മഖ്ദൂമി പ്രചാരണങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ സമുദായ ചട്ടക്കൂടിനെ പ്രദാനംചെയ്യുന്ന ഫിക്ഹിന്റെ വ്യാഖ്യാനങ്ങൾ ഉണ്ടാക്കിയപ്പോൾ കൊണ്ടോട്ടിയിൽ അതിന് നേതൃത്വംനൽകിയത് മഖ്ദൂം നാലാമനാണ്. (കൊണ്ടോട്ടി വലിയ ജുമാമസ്ജിദിൽ അന്ത്യവിശ്രമംകൊള്ളുന്ന മഖ്ദൂം നാലാമനൊപ്പം ഈ വലിയ പള്ളിയുടെ കാര്യകർത്താക്കളായെത്തിയതാണ് വംശാവലി ചരിത്രപ്രകാരം ഷാനവാസിന്റെ 'പള്ളിപ്പറമ്പൻ' കുടുംബം). കേരളീയ വാസ്തുവിദ്യാ മാതൃകയിൽ ഇന്നും ഒളിമങ്ങാതെ തലയെടുപ്പോടെ നിലകൊള്ളുന്നു ഈ പളളി. ഈ പള്ളിയുടെ സ്ഥാപനമാണ്
കൊണ്ടോട്ടിക്ക് ആ പേര്
നൽകിയത്.

_MG_8608

മഖ്ദൂമുമാർക്ക് പിന്നീടുള്ള കേരളത്തിലെ ഇസ്ലാമികജീവിതം ഇന്ത്യയിലെ യൂറോപ്യൻ അധിനിവേശവുമായി കെട്ടുപിണഞ്ഞ് കിടക്കുന്നു. യൂറോപ്യൻ അധിനിവേശമെന്ന രാഷ്ട്രീയ യാഥാർഥ്യത്തോടുള്ള നിരന്തരമായ ഏറ്റുമുട്ടലുകളാണ് ഇസ്ലാമിക ജീവിതത്തിന് ഇന്നുള്ള വന്ധ്യതകൾ വരുത്തിവച്ചതെന്ന് ലേഖനം പറയുന്നു. ഇസ്ലാമിന് അതിന്റെ സൂഫി അന്തസ്സത്ത നഷ്ടമാക്കിയത് അധിനിവേശത്തോട് പ്രതികരിക്കാൻ സ്വയം രൂപീകരിച്ച അതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഘടനകളായിരുന്നുവെന്നർത്ഥം.

_MG_8472

ചന്ദ്രനെ പിളർത്തിയ റസൂലിനെ
ഹൃദയത്തിലറിഞ്ഞ കേരളം

മാനും തേക്കും മയിലും കറുത്ത പൊന്നും തേടി അറബികൾ പൗരാണികകാലം മുതൽ എത്തിച്ചേർന്നിരുന്നു. ഇസ്ലാമിക സമൂഹത്തിന്റെ രൂപീകരണത്തിനു മുമ്പുതന്നെ അറേബ്യൻ കച്ചവട സമൂഹങ്ങൾ കേരളത്തിൽ കുടിപാർപ്പ് ആരംഭിച്ചതിന് പുരാവസ്തു തെളിവുകൾ ധാരാളമായി കിട്ടിക്കൊണ്ടിരിക്കുകയാണ്. കണ്ണൂരിലെ തീരദേശങ്ങൾ അതിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്. ആ നിലയ്ക്ക്, കേരളത്തിലെ 'ഇസ്ലാമിക ജീവിതം' പ്രവാചകനും പിന്നിലേക്ക് നീണ്ടുകിടക്കുന്നു! ഇസ്ലാമിന്റെ വരവിനെ സ്വാഗതംചെയ്ത ആദ്യകാല നാടുകളിലൊന്നാണ് കേരളമെന്നതിൽ അതിനാൽ അൽഭുതമേയുണ്ടാവേണ്ട കാര്യമില്ല.

IMG_4386

ചേരമാൻ പെരുമാളിന്റേതുപോലത്തെ മിത്തുകളിൽപോലുമുണ്ട് കേരളത്തിന് ഇസ്ലാമിക ജീവിതവുമായുള്ള ചാർച്ച. മക്കത്തുപോയി ഇസ്ലാമിനെ പുണർന്ന ചേരമാൻ പെരുമാൾ രാജാവ്, പ്രവാചകൻ ചന്ദ്രനെ പിളർത്തിക്കാണിച്ച അൽഭുതകൃത്യം ഇവിടെ കേരളത്തിൽനിന്നു ദർശിച്ചുവെന്നതാണ് ആ മിത്ത്. നവോത്ഥാനത്തിന്റെ വെള്ളിവെളിച്ചം ഇവിടെയൊരു രാജാവിലും ഉണ്ടായി എന്ന ഭൗതികാർത്ഥവുമുള്ളതാണ് ഈ മിത്തെന്ന് ലേഖനം പറയുന്നു.

പെരുമാൾ ഏൽപിച്ച ദൗത്യവുമായി കേരളത്തിലെത്തിയ മാലിക് ദിനാറും സംഘവും ഇവിടെ അവശേഷിപ്പിച്ച കബറിടങ്ങളും പള്ളികളുമെല്ലാം കേരളീയ വാസ്തുവിദ്യയുടെ ഈടുവെപ്പുകളായി ഇവിടെ നിലനിൽക്കേണ്ടവയായിരുന്നു. എന്നാൽ, ഇസ്ലാമിലെ 'ആധുനികത' ചെയ്തതോ, ഇവയെയെല്ലാം പൊളിച്ചടുക്കി കോൺക്രീറ്റ് കൂടുകളാക്കി നശിപ്പിക്കുകയായിരുന്നു!

കോൺക്രീറ്റ് ആധുനികതയിൽ
കെട്ടുപോവുന്ന നിലവിളക്കുകൾ

പുതുക്കിപ്പണിത് കോൺക്രീറ്റുശാലയാക്കിയ കൊടുങ്ങല്ലൂർ പള്ളിയും, പള്ളിയിൽ പുരാവസ്തുവായിത്തീർന്ന എണ്ണ വറ്റിപ്പോയ തൂക്കുവിളക്കും സലഫീ ചിന്തകൾ കേരളത്തിലെ ഇസ്ലാമിക സമൂഹത്തിന്റെ കടയ്ക്കൽ കത്തിവച്ചതിന്റെ നിദർശനങ്ങളിൽ പെടും.

IMG_4257c

നാലാൾപ്പൊക്കത്തിൽ തൂക്കിയിട്ട വിളക്ക് കൊളുത്തി, അത് കെടാവിളക്കായി സൂക്ഷിച്ച പളളിയിൽ അഞ്ചു നേരം നിസ്കരിച്ച് നൂറ്റാണ്ടുകൾ കഴിച്ചവരാണ് കേരളത്തിലെ മുസ്ലിങ്ങൾ. ആ സമൂഹം ഐഎസിലേക്ക് ആളെക്കൂട്ടുന്ന ഇസ്ലാമായി അധഃപതിച്ചതിനു പിന്നിലെ കാരണങ്ങൾ ചികഞ്ഞാൽ മേൽപ്പറഞ്ഞ 'കടയ്ക്കൽ കത്തിവെപ്പിന്റെ' നൂറ് ഉദാഹരണങ്ങൾ കിട്ടും.

IMG_4377തൊണ്ണൂറുകളിൽ, പുരാവസ്തുശാസ്ത്രത്തിന്റെ പ്രാധാന്യം ചർച്ചക്കു വരുന്നതിനു മുമ്പത്തെ അറിവുകേടാണ് കൊടുങ്ങല്ലൂർ പള്ളി കോൺക്രീറ്റുവൽക്കരിക്കാൻ ഇടവരുത്തിയതെന്ന് പള്ളിക്കമ്മിറ്റി പിൽക്കാലത്ത് ഏറ്റുപറച്ചിൽ നടത്തി.

അതേസമയം, കേരളത്തിലെ എല്ലാ പൗരാണിക പള്ളികളും സൂഫി ഗുരുക്കന്മാരുടെ കബറിടങ്ങളും വെളിച്ചത്തിന്റെ മനസ്സിനെ കാത്തു പോരുമ്പോഴും, വിളക്കിനും വെളിച്ചത്തിനുമെതിരെയാണ് കേരളത്തിൽ ഇന്ന് 'നവോത്ഥാന ചർച്ചകൾ' നടക്കുന്നതെന്ന വൈപരീത്യം ലേഖനം ഉന്നയിക്കുന്നു. മധ്യകാലമതങ്ങൾ കൊളുത്തിവച്ച വെളിച്ചങ്ങളെയാണ് ഹിന്ദുത്വവാദികളും സലഫി ചിന്തകരും ചേർന്ന് കെടുത്തിക്കളയുന്നത്. വിളക്കു കൊളുത്തിയാൽ കെട്ടുപോകുന്നതാണോ ഇസ്ലാമും ഖുർആനും പകരുന്ന ജ്ഞാനമെന്ന് ലേഖനം ചോദിക്കുന്നു. (ഖുർആനിലെ സൂറത്തുൽ നൂർ അധ്യായം അള്ളാഹുവിനെ പരിചയപ്പെടുത്തുന്നതുതന്നെ സ്ഫടികപ്പാത്രത്തിനുള്ളിലെ നക്ഷത്രവിളക്കായാണ്. ഉള്ളിൽ കൊളുത്തിവച്ച ആട്ടവും അനക്കവുമില്ലാത്ത മിസ്ബാഹിൽ അള്ളാഹുവിനെ ദർശിക്കാം എന്ന് സൂഫികൾ).

IMG_4302

കേരളത്തിൽ ഇസ്ലാം കൊളുത്തിവച്ച കീഴാളനവോത്ഥാനത്തിന്റെ വെളിച്ചങ്ങളെ കെടുത്തിക്കളയുകയും, അതിന്റെ പാരമ്പര്യസമൃദ്ധിയെ മരുഭൂവൽക്കരിക്കുകയും ചെയ്തത് എൺപതുകളിൽ തുടങ്ങിയ ഗൾഫ് പണത്തിന്റെ ഒഴുക്കാണെന്ന വിമർശനം ലേഖനം ഉയർത്തുന്നു. പണവും വ്യഭിചാരവും എന്റെ സമൂഹത്തെ നശിപ്പിക്കുമെന്ന പ്രവാചകവചനം അന്വർത്ഥമാവുന്ന കാലത്ത് ഇതിലൊന്നും അസ്വാഭാവികതയില്ലെന്നും ലേഖനം സമാശ്വസിക്കുന്നു.

കൊണ്ടോട്ടി വലിയ മുഹമ്മദ് ഷാ തങ്ങളെന്ന സൂഫി

പോർച്ചുഗീസുകാലം വരെ പുലർന്നുപോന്ന ഒരു ' ഉത്തമ നൂറ്റാണ്ട് ' സംഭാവനചെയ്ത സൂഫി ഇസ്ലാമിന്റെ വെളിച്ചമാണ് കേരളക്കരയിൽ ഒരു കാലത്ത് ഇസ്ലാമികജീവിതത്തെ നയിച്ചത്. കേരളത്തിലെ കടലോരവും മലയോരവും സമതലവും വ്യാപിച്ച 'മാപ്പിളമാർ' എന്നറിയപ്പെടുന്ന കേരളത്തിലെ മുസ്ലിംസമൂഹത്തിന് ലോകത്തുതന്നെ ഒരിടത്തും സമാനതകളില്ല.

അധിനിവേശവുമായുള്ള ഏറ്റുമുട്ടലുകളുണ്ടാക്കിയ ആന്തരികമായ എല്ലാ പരിക്കുകൾക്കിടയിലും മാപ്പിള-മുസ്ലിം സമൂഹം അവരുടെ വിശുദ്ധിയും കുലീനതയും നിലനിർത്തിപ്പോന്നു. സ്വന്തം മതത്തിനുള്ളിലെ ജീർണ്ണതകളോടും ദേശീയരാഷ്ട്രീയത്തിലെ വ്യതിയാനങ്ങളോടും പ്രതികരിക്കുന്ന നവോത്ഥാനപാരമ്പര്യം അതിന് സ്വന്തമായുണ്ട്. വെളിയങ്കോട് ഉമർഖാസി വരെ നീളുന്ന ചരിത്രം ഇതിനെ സാധൂകരിച്ചുകൊണ്ട് ലേഖനം അവതരിപ്പിക്കുന്നു.

_MG_8477

എന്നാൽ, അധിനിവേശകാലത്ത് മുഴക്കിയ പ്രതിരോധത്തിന്റെ രാഷ്ട്രീയപാരമ്പര്യവും ആന്തരികസത്തയും നഷ്ടമായ വേളകളുമുണ്ട് കേരളത്തിലെ ഇസ്ലാമിന്. നഷ്ടമായ ആന്തരിക സത്തയെ പുനരാനയിക്കാനെന്നോണം വന്നതാണ് കൊണ്ടോട്ടിയിലെ തങ്ങൾ പാരമ്പര്യമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇന്നേക്ക് അഞ്ഞൂറു വർഷം മുമ്പാണ് മഖ്ദൂം നാലാമന്റെ മുൻ കയ്യിൽ കൊണ്ടോട്ടി വലിയ പള്ളി സ്ഥാപിക്കപ്പെടുന്നത്. അക്കാലത്ത്
പൊന്നാനിയായിരുന്നു മുസ്ലിങ്ങളുടെ ആത്മീയകേന്ദ്രം
. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം കൊണ്ടോട്ടിയിൽ എത്തിച്ചേർന്ന വലിയ മുഹമ്മദ് ഷാ തങ്ങൾ ഈ മേഖലയിലെ ആത്മീയ ജീവിതത്തിന് സൂഫി അന്തസ്സത്ത വീണ്ടെടുത്തു നൽകുകയായിരുന്നു.

സദ്‌പാരമ്പര്യങ്ങളിൽ നിന്ന് അകലുന്ന നാളുകൾ

ഇസ്ലാം അതിന്റെ സദ്‌പാരമ്പര്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതായി ശക്തമായ ആക്ഷേപങ്ങൾ ഉയരുന്ന സന്ദർഭത്തിലാണ് ഇസ്ലാമിന്റെ നവോത്ഥാനചരിത്രത്തിന്റെ ഇരുൾമൂടിയ ഇടങ്ങളിലേക്ക് വെളിച്ചം പകരുന്ന ഷാനവാസിന്റെ പഠനം. ആധുനിക മുസ്ലിം സമൂഹത്തിന് സ്വന്തം മഹനീയ ഭൂതകാലത്തെപ്പറ്റിയുള്ള അഭിമാനത്തോടൊപ്പം ആത്മവിമർശനത്തിനും അവസരമൊരുങ്ങണമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.

ഇസ്ലാമിൽ ഉണ്ടായിവരുന്ന സൈനികവത്ക്കരണം ഉദാഹരണം. രാജ്യത്ത് വളർന്നുവരുന്ന മുസ്ലിംവിരുദ്ധ അപസ്മാരത്തിന്റെ ഫാസിസ്റ്റ് കാലാവസ്ഥയിൽവച്ചാണ് ലേഖനം ഈ സൈനികവല്ക്കരണത്തെപ്പറ്റി പറയുന്നത്. മറ്റെല്ലാ സമുദായങ്ങളെയും പോലെയുള്ളതാണ് ഇസ്ലാമിലുണ്ടാവുന്ന സൈനികവത്കരണമെങ്കിലും ഇതിലേക്ക് വഴിവെട്ടുന്നത്, അറിഞ്ഞോ അറിയാതെയോ, ആഗോള സലഫി-വഹാബി പ്രസ്ഥാനങ്ങളുടെ കൈവഴികളാണെന്ന് ലേഖനം സ്ഥാപിക്കുന്നു.

ചിത്രങ്ങൾ: ബിജു ഇബ്രാഹിം

Read More >>