ഇത് 'ചില്ലറ' പ്രശ്‌നമല്ല മച്ചാനേ...'സിനിമയുണ്ടോ ചേട്ടാ ചില്ലറയെടുക്കാന്‍'! ചില ചില്ലറയാക്കല്‍ കഥകള്‍

പാലാരിവട്ടം ജംഗ്ഷനില്‍ കുലുക്കി സര്‍ബത്തും സിഗരറ്റും വില്‍ക്കുന്ന കടയില്‍ നോട്ടുകള്‍ പിന്‍വലിച്ച വാര്‍ത്ത അറിഞ്ഞ ഉടന്‍ ചെന്ന് 'അഞ്ഞൂറിന് ചില്ലറയുണ്ടോ ചേട്ടാ' എന്ന് കൂളായി ചോദിച്ച ഫ്രീക്കന്മാര്‍ തൊട്ട് എറണാകുളത്ത് നടന്ന ചില ചില്ലറയാക്കല്‍ സംഭവങ്ങള്‍.

ഇത്

അഞ്ഞൂറും ആയിരവും പിന്‍വലിച്ചതറിഞ്ഞ നിമിഷം തൊട്ടു കയ്യിലിരിക്കുന്ന ഈ കറന്‍സി ഒഴിവാക്കാന്‍ പെടാപ്പാടു പെട്ടവര്‍ നിരവധിയാണ്. ലക്ഷങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പലിശക്കാരും, കറന്‍സി പിന്‍വലിച്ചെന്ന പ്രഖ്യാപനത്തിനു തൊട്ടു മുമ്പ് എടിഎഎമ്മില്‍ നിന്ന് പണമെടുത്തവരും പതിനെട്ടടവും പയറ്റി. പാലാരിവട്ടം ജംഗ്ഷനില്‍ കുലുക്കി സര്‍ബത്തും സിഗരറ്റും വില്‍ക്കുന്ന കടയില്‍ നോട്ടുകള്‍ പിന്‍വലിച്ച വാര്‍ത്ത അറിഞ്ഞ ഉടന്‍ ചെന്ന് 'അഞ്ഞൂറിന് ചില്ലറയുണ്ടോ ചേട്ടാ' എന്ന് കൂളായി ചോദിച്ച ഫ്രീക്കന്മാര്‍ തൊട്ട് എറണാകുളത്ത് നടന്ന ചില ചില്ലറയാക്കല്‍ സംഭവങ്ങള്‍.


മച്ചാനെത്ര വേണമെന്ന് പറ...

വൈറ്റിലയില്‍ സ്വന്തമായി ഷോപ്പ് നടത്തുന്ന യുവാവ്. കച്ചവടത്തില്‍ വലിയ മെച്ചമൊന്നുമില്ല. കട നവീകരിച്ച് കച്ചവടം കൂട്ടാമെന്ന് കരുതി. രണ്ടു ലക്ഷം രൂപ ചോദിച്ച് പരിചയമുള്ള പലിശക്കാരനെ വിളിച്ചെങ്കിലും അയാള്‍ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി പത്തരയോടെ പലിശക്കാരന്‍ വിളിച്ച് 'മച്ചാനെത്ര ലക്ഷം വേണം, ഇപ്പോള്‍ തന്നെ വന്നോ' എന്നു പറഞ്ഞു. ഉദ്ദേശം മനസ്സിലായ താന്‍ അഞ്ഞൂറും ആയിരവും പിന്‍വലിച്ചെന്ന വാട്‌സആപ്പ് മെസേജ് പലിശക്കാരന് ഫോര്‍വേര്‍ഡ് ചെയ്ത് സംഗതി ക്ലോസ് ചെയ്‌തെന്ന് യുവാവ്.

കള്ളപ്പണക്കാരനേയും വെട്ടിക്കും

അഞ്ഞൂറും ആയിരവും പിന്‍വലിച്ച കാര്യം അറിഞ്ഞ ഉടന്‍ ചിലര്‍ ഇതില്‍ നിന്നെങ്ങനെ നേട്ടമുണ്ടാക്കാമെന്ന ഗവേഷണത്തില്‍ മുഴുകി. ഗവേഷകരിലൊരാള്‍ കള്ളപ്പണശേഖരമുണ്ടെന്ന് അറിയുന്ന ഒരാളെ വിളിച്ചിങ്ങനെ പറഞ്ഞു. ''ഏതായാലും നിങ്ങള്‍ക്ക് ആ പണം വെച്ചോണ്ടിരുന്നിട്ട് കാര്യമില്ല. ബാങ്കില്‍ കൊടുക്കാനും പറ്റില്ല. ഇങ്ങോട്ട് തന്നേക്ക്. ഞാന്‍ പന്ത്രണ്ട് ലക്ഷം രൂപ വീടു പണിക്ക് ബാങ്കില്‍ നിന്നെടുത്തിട്ടുണ്ട്. കുറച്ച് തുകയേ എനിക്ക് ചെലവായുള്ളൂ എന്ന് പറഞ്ഞ് നിങ്ങള്‍ തരുന്ന പണം ബാങ്കില്‍ ഞാന്‍ തിരിച്ചടയ്ക്കാം. നിങ്ങള്‍ നാല് ലക്ഷം രൂപ തരുമെങ്കില്‍ മൂന്ന് ലക്ഷം തിരിച്ചു തരാം. ഒരു ലക്ഷം എന്റെ കമ്മീഷന്‍''- എങ്ങനെയുണ്ടെന്റെ ഐഡിയ...

ടിക്കറ്റുണ്ടോ ചേട്ടാ ചില്ലറയെടുക്കാന്‍?

ഇന്നലെ രാവിലെ എറണാകുളത്തെ ഒരു തിയറ്ററില്‍ അഞ്ഞൂറിന്റെ നോട്ട് കൊടുത്ത് നൂറുരൂപാ ടിക്കറ്റെടുത്ത പയ്യന്‍. കൗണ്ടറിലിരുന്നയാള്‍ 400 രൂപ തിരികെ നല്‍കി. കുറച്ചു സമയം അവിടിവിടെ ചുറ്റിത്തിരിഞ്ഞ് ചെവിയില്‍ മൊബൈല്‍ഫോണും വച്ച് വീണ്ടും തിരികെയെത്തി. അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെന്നും ഫോണില്‍ അവര്‍ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ടിക്കറ്റ് തിരിച്ചെടുത്ത് നൂറ് രൂപ മടക്കി തരണമെന്നായിരുന്നു ആവശ്യം. പയ്യന്റെ തന്ത്രം തിരിച്ചറിഞ്ഞ തിയറ്റര്‍ ജീവനക്കാരന്‍ പണം തിരികെ നല്‍കിയില്ല. ആളു കയറാത്ത സിനിമയായതിനാല്‍ വേറെയാര്‍ക്കും ടിക്കറ്റ് മറിച്ചു കൊടുക്കാനും കഴിഞ്ഞില്ല. സിനിമ കാണാതെ നൂറു രൂപയും നഷ്ടപ്പെട്ട് പയ്യന്‍ തിയറ്റര്‍ ഗേറ്റും കടന്ന് റോഡിലൂടെ നടന്നു നീങ്ങി...

ഫുള്‍ടാങ്ക് പെട്രോള്‍ കണ്ട വണ്ടികള്‍


പെട്രോള്‍ പമ്പുകളില്‍ 500, 1000 രൂപാ നോട്ടുകള്‍ എടുക്കുമെന്നത് മിക്കവര്‍ക്കും ആശ്വാസമായിരുന്നു. ചൊവ്വാഴ്ച രാത്രി മുതല്‍ അഞ്ഞൂറു രൂപയുമായി വന്ന് 50 രൂപയ്ക്ക് പെട്രോള്‍ അടിച്ച് മടങ്ങിയര്‍ ഏറെ. ഇന്നലെ രാവിലെ ഒമ്പതു മണിയോടെ ജില്ലയിലെ മിക്ക പെട്രോള്‍ പമ്പുകളിലും ചില്ലറ തീര്‍ന്നു. എങ്കിലും അമ്പതിനും നൂറിനും പെട്രോള്‍ അടിക്കാന്‍ വരുന്നവര്‍ക്ക് കുറവുണ്ടായില്ല. ചില്ലറ തരില്ലെന്നും വേണമെങ്കില്‍ അഞ്ഞൂറിനും ആയിരത്തിനും അടിച്ചോളാനും പമ്പുകാര്‍. അങ്ങനെ വണ്ടികളുടെ എണ്ണടാങ്കുകള്‍ നിറഞ്ഞു. ജഗജില്ലി കച്ചവടമായിരുന്നു പമ്പുകളില്‍. ചില്ലറ കിട്ടാത്തവരില്‍ ചിലര്‍ ഒച്ചപ്പാടും ബഹളവുമായി കളംനിറഞ്ഞു നിന്നു. ഏതായാലും മൂന്ന് ദിവസത്തെ കച്ചവടം പമ്പുകളില്‍ ഒറ്റ ദിവസം കൊണ്ട് നടന്നു.

ചായ തൊട്ട് മട്ടണ്‍ ബിരിയാണി വരെ

അഞ്ഞൂറും ആയിരവും പിന്‍വലിച്ചെന്ന് ആദ്യം അറിഞ്ഞവരൊക്കെ ഹോട്ടലുകളിലേക്കും ബേക്കറികളിലേക്കും ഓടിക്കയറി. പാലാരിവട്ടത്തെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ വടയും ചായയും കഴിച്ച് അഞ്ഞൂറിന്റെ നോട്ടു കൊടുത്ത് ഒന്നും അറിയാത്തവരെപോലെ ബാക്കി പോക്കറ്റിലിട്ടു പോയവരുണ്ട്. കുടുംബസമേതം ഹോട്ടലുകളില്‍ ചെന്ന് പതിവില്ലാതെ കഴിച്ച് അഞ്ഞൂറും ആയിരവും ഒഴിവാക്കിയ ചിലര്‍. ഇവരില്‍ പലരും ചായ കുടിക്കുന്നതു പോലും പിശുക്കിയായിരുന്നുവെന്ന് തമ്മനത്തെ ഹോട്ടല്‍ നടത്തിപ്പുകാരന്‍ പറയുന്നു. അഞ്ഞൂറും ആയിരവും പിന്‍വലിച്ചത് ഞങ്ങളറിഞ്ഞില്ല എന്ന ഭാവത്തിലായിരുന്നു മറ്റു ചിലര്‍ ചൊവ്വാഴ്ച രാത്രി ഹോട്ടലുകളിലെത്തിയത്. എന്നാല്‍ ഹോട്ടലുകാരില്‍ ഭൂരിഭാഗവും ഈ നോട്ടുകള്‍ സ്വീകരിച്ചിരുന്നു.

കിളിപറന്ന കണ്ടക്ടര്‍മാര്‍

കയ്യിലുണ്ടായിരുന്ന അഞ്ഞൂറു രൂപ ചില്ലറയാക്കാന്‍ മധ്യവയസ്‌കനായ ഒരാള്‍ ഇന്നലെ വൈകിട്ട് അങ്കമാലിയില്‍ നിന്നു കെഎസ്ആര്‍ടിസി ബസില്‍ കയറി വൈറ്റിലയ്ക്ക് ടിക്കറ്റെടുത്തു. അഞ്ഞൂറെടുത്ത് കണ്ടക്ടര്‍ക്ക് വീശി തല കുനിച്ചു നിന്നു. രാവിലെ മുതല്‍ അഞ്ഞൂറിന് ചില്ലറ കൊടുത്തു മടുത്ത കണ്ടക്ടര്‍ അയാളെ നോക്കി പിറുപിറുക്കാന്‍ തുടങ്ങി. 'അയ്യോ പാവം' എന്ന മട്ടില്‍ ആ മധ്യവയസ്‌കന്‍ തല ഉയര്‍ത്തിയതേയില്ല. കുറെ പിറുപിറുത്ത കണ്ടക്ടര്‍ ഒടുവില്‍ ചില്ലറ തട്ടിക്കൂട്ടി കൊടുത്തു. എന്നാല്‍ വൈറ്റിലയ്ക്ക് ടിക്കറ്റെടുത്ത ആ മധ്യവയസ്‌കന്‍ ചില്ലറ കിട്ടിയതോടെ അങ്കമാലി കഴിഞ്ഞ് തൊട്ടടുത്ത സ്‌റ്റോപ്പായ അത്താണിയില്‍ ഇറങ്ങി കണ്ടക്ടര്‍ കാണാതെ അതിവേഗം നടന്നു.

അഞ്ഞൂറിന്റെ നോട്ടുമായി ആലുവയില്‍ നിന്ന് കയറിയ ഒരാള്‍ വൈറ്റിലയില്‍ ഇറങ്ങി അടുത്ത ബസില്‍ തിരികെ കയറിയ സംഭവവുമുണ്ടായെന്ന് കേള്‍ക്കുന്നു. ഒന്നര മണിക്കൂര്‍ പോയാലെന്താ കയ്യില്‍ ചില്ലറ വന്നല്ലോ! എറണാകുളം ജില്ലയില്‍ ഇന്നലെ സ്വകാര്യബസ്, ഓട്ടോ, ടാക്‌സി പണിമുടക്കായതിനാല്‍ അതിലെ ജീവനക്കാര്‍ ആശ്വാസത്തിലായിരുന്നു.

Read More >>