ബ്ലോഗെഴുതൂ ലാലേട്ടാ; കേരളം ആവശ്യപ്പെടുന്നു!

യുദ്ധ ബ്ലോഗിനു ശേഷം നോട്ടിനെ കുറിച്ച് മോഹന്‍ലാല്‍ ബ്ലോഗ് എഴുതുമോയെന്ന് ഉറ്റു നോക്കുകയാണ് മോദി അനുകൂലികള്‍. പതിവു പോലെ 21നാണ് അദ്ദേഹത്തിന്റെ ബ്ലോഗ് പ്രസിദ്ധീകരിക്കേണ്ടത്- നോട്ട് വിഷയത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കുമോ?

ബ്ലോഗെഴുതൂ ലാലേട്ടാ; കേരളം ആവശ്യപ്പെടുന്നു!

നവംബര്‍ 21നായി കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ ആരാധകര്‍. നോട്ട് നിരോധനത്തേയും തുടര്‍ന്നുണ്ടായ സ്ഥിതിഗതികളേയും വിലയിരുത്തുന്നതാകും പുതിയ ബ്ലോഗെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

സെപ്റ്റംബര്‍ മാസം അദ്ദേഹം എഴുതിയ അമര്‍ ജവാന്‍.. അമര്‍ ഭാരത് എന്ന ബ്ലോഗ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പാക്കിസ്ഥാന്‍ ലജ്ജയില്ലാതെ ഇന്ത്യയെ ആക്രമിച്ചിരിക്കുന്നു എന്നാരംഭിക്കുന്ന ബ്ലോഗ് ഉറി അക്രമണത്തിന്റെ പശ്ചാത്തലത്തിലുള്ളതായിരുന്നു. ഉറി അക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്മാരെ കുറിച്ച് വികാര നിര്‍ഭരമായ വരികളോടെയാണ് ആ ബ്ലോഗ് ആരംഭിക്കുന്നത്. പട്ടാളക്കാരുടെ ജോലിയല്ലേ അവര്‍ ചെയ്യുന്നത് അതിന് ശമ്പളവും കിട്ടുന്നില്ലേയെന്ന് ചോദിക്കുന്നവരെ ചാരുകസേര ബുദ്ധിജീവികള്‍ എന്നു വിളിച്ച് അദ്ദേഹം പരിഹസിച്ചു.


താനൊരു യുദ്ധകൊതിയനല്ലെന്നും യുദ്ധം സിനിമയിലല്ലാതെ കാണാന്‍ താല്‍പ്പര്യമില്ലെന്നും എന്നാല്‍ ശത്രുവിന്റെ ആയുധം നമ്മുടെ ചങ്കില്‍ ആഴ്ന്നിറങ്ങുമ്പോഴും അലസമായിരിക്കാന്‍ യുദ്ധ വിരുദ്ധനുമല്ലെന്നും ലാല്‍ പറയുന്നു.

മതവും രാഷ്ട്രീയവും പ്രത്യശാസ്ത്രവുമെല്ലാം പോര്‍മുഖങ്ങളില്‍ ഉപയോഗശൂന്യമാണെന്നു കൂടി ഒര്‍മ്മിപ്പിച്ച ആ ബ്ലോഗ് മോദി അനുകൂലികള്‍ ആഘോഷത്തോടെ ഏറ്റെടുക്കുകയും മോഹന്‍ ലാല്‍ മോദി അനുകൂലിയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തതോടെ എതിര്‍പ്പുകളും ഉയര്‍ന്നു. ബ്ലോഗ് വിവാദമാവുകയും ചെയ്തു.

എല്ലാമാസവും 21നാണ് ലാല്‍ ബ്ലോഗ് എഴുതുന്നത്. ചുംബന സമരം നടന്ന 2014 നവംബറില്‍ സദാചാര ഗുണ്ടായിസത്തിന് എതിരെ ബ്ലോഗൊഴുതിയയാളാണ് ലാല്‍. എന്നാല്‍ യുദ്ധത്തെ കുറിച്ചുള്ള ബ്ലോഗ് ചേരി തിരഞ്ഞുള്ള ്അഭിപ്രായങ്ങള്‍ക്കിടയാക്കി. ജന്മദിനമായ മെയ് 21നെ ഓര്‍മ്മപ്പെടുത്തുന്നതാണ് എല്ലാമസവും 21നുള്ള ലാല്‍ ബ്ലോഗ്.

യുദ്ധ ബ്ലോഗിനു ശേഷം കഴിഞ്ഞ മാസം അദ്ദേഹം എഴുതിയില്ല. യാത്രയുടെ തിരക്കായതിനാല്‍ ബ്ലോഗ് എഴുതുന്നില്ലെന്നും അടുത്തമാസം വിചാരങ്ങള്‍ പങ്കുവെയ്ക്കാമെന്നും പറയുകയായിരുന്നു. ഇത്തവണ നോട്ട് വിഷയത്തിലും കള്ളപ്പണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ബ്ലോഗ് എല്ലാവരും പ്രതീക്ഷിക്കുന്നു- പ്രത്യകിച്ച് മോഹന്‍ലാലിന്റെ ബ്ലോഗ് മോദിക്ക് അനുകൂലമാണെങ്കില്‍ അതുപയോഗിച്ച് പ്രചരണം നടത്താന്‍ ആഗ്രഹിക്കുന്ന മോദി അനുകൂലികള്‍. 100 കോടി ക്ലബില്‍ അദ്ദേഹത്തിന്റെ സിനിമ പ്രവേശിച്ചതിനു ശേഷമുള്ള മാസമായതിനാല്‍, അതും ബ്ലോഗിന് വിഷയമായേക്കാം.

ബ്ലോഗെഴുതൂ ലാലേട്ടാ- എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെടുന്നുണ്ട്.