പുള്ളിക്കാരി കലിപ്പിലാണ്; നോട്ട് ദുരന്തത്തിനെതിരെ ഷാരോണിന്റെ 'നോട്ട്ആര്‍ട്ട്'

നോട്ട് നിരോധനത്തിനെതിരെ ശക്തമായ 'വരച്ചടി' കൊടുക്കുകയാണ് മലയാളി ചിത്രകാരി ഷാരോണ്‍ റാണി. ഷാരോണിന്റെ കഥാപാത്രമായ 'പുള്ളിക്കാരി' സോഷ്യല്‍ മീഡിയയില്‍ പ്രതികരണം തുടരുന്നു- കാര്‍ട്ടൂണുകള്‍ കാണാം.

പുള്ളിക്കാരി കലിപ്പിലാണ്; നോട്ട് ദുരന്തത്തിനെതിരെ ഷാരോണിന്റെ

നോട്ട് നിരോധിച്ച രാത്രി ഷാരോണ്‍ റാണിയെന്ന ചിത്രകാരി, നോട്ട് നിരോധിച്ച വാര്‍ത്ത കേട്ടതും വലിയ ഞെട്ടലൊന്നും കൂടാതെ സ്വന്തം ഫേസ് ബുക്കില്‍ കുറിച്ചു- ഭൂമിയില്‍ സമ്പത്തില്ലാത്തവര്‍ക്ക് സമാധാനം. നോ ടെന്‍ഷന്‍ ഫോര്‍ ടുമാറോഅത് ആ രാത്രി ഷാരോണിനെ പോലെ പലരുടേയും വിചാരമായിരുന്നല്ലോ. കാശുള്ളവരുടെ മാത്രം സമാധാനം പേകുന്ന ദിവസങ്ങളാണ് തുടര്‍ന്നു വരാന്‍ പോകുന്നതെന്ന്.

നോട്ട് നിരോധനം അത്ര ലളിതമല്ലെന്നും കയ്യില്‍ കാശില്ലാത്തവന്റെ കഴുത്തു തേടി അതെത്തുമെന്നും തിരിച്ചറിഞ്ഞ ദിവസം, ചില്ലറകള്‍ മാത്രം അവശേഷിച്ച ദിവസം, നേര്‍ത്തൊരു പ്രതിഷേധം, വാടക വീട്ടില്‍ താമസിക്കുന്ന ഷാരോണിന്റേതായി വന്നു- 'വാടകയൊക്കെ ഇനി ചാക്കില്‍ കെട്ടി കൊടുക്കേണ്ടി വരുമോ?'
അന്ന് ഒന്‍പതാം തിയതിയാണ്. ഹിലാരിക്കു പകരം ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി. ആ വാര്‍ത്തയ്ക്ക് മുക്കികളയാനാവാത്ത വിധം നോട്ട് ഇന്ത്യയുടെ നാവുകളെ ശബ്ദമുഖരിതമാക്കി. സുഹൃത്തിന്റെ മെസേജ്, കോപ്പി പോസ്റ്റ് ചെയ്തു- 'അങ്ങനെ അമേരിക്കയ്ക്കും ഒരു മോദിയെ കിട്ടി'.

രാജ്യമൊട്ടാകെയുള്ള പ്രതിഷേധത്തോട് ചില ഉദ്ദരിണികളെടുത്തിട്ട് ഷാരോണും ഐക്യദാര്‍ഢ്യപ്പെട്ടു- 'വലിയ ഗ്രൂപ്പുകളിലെ വിഢികളുടെ ശക്തിയെ തെറ്റിദ്ധരിക്കരുതെ'ന്നതുപോലുള്ള, ചിലത്.

അതിനൊക്കെ ശേഷം, ക്യൂ നിന്ന് മരണങ്ങള്‍ ആരംഭിച്ച ശേഷം 'പുള്ളിക്കാരി' രംഗത്തെത്തി. ചെവിയില്‍ താമരപ്പൂ വെച്ച പുള്ളിക്കാരി സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുകയാണ്- മോഡി പറഞ്ഞ ചില്ലറ ഇവിടെയുണ്ടെന്ന്. അതെ ക്യൂ നിന്ന് ചത്തു ചെന്നാലെ ചില്ലറ കിട്ടുകയുള്ളെന്ന്.'പുള്ളിക്കാരി', ഷാരോണിന്റെ കഥാപാത്രമാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ പരിചിതയാണവള്‍. ഷാരോണിന്റെ 'സൂപ്പര്‍ സാംബാ ഗേള്‍' എന്ന ഗ്രാഫിക് കഥാപാത്രത്തെ പോലെ. പുള്ളിയുടുപ്പിടുന്നവള്‍, പുള്ളിക്കാരി.
unnamed-2

ഷാരോണ്‍ റാണി ഗ്രാഫിക് നോവലിസ്റ്റാണ്. കുങ്ഫു പാണ്ടേ, ഹാരിപോട്ടര്‍- റോക്ക് സ്റ്റാര്‍ ഗെയിമുകള്‍ തുടങ്ങി നിരവധി ഇന്റര്‍നാഷണല്‍ പ്രൊജക്ടുകളില്‍ അനിമേറ്റര്‍മാരില്‍ ഒരാളായിരുന്നു. ഭൂട്ടാന്‍ രാജാവിന്റേയും രാജ്ഞിയുടേയും രാജകീയ വിവാഹത്തില്‍ നേരിട്ട് പങ്കെടുത്ത് ഷാരോണ്‍ ഗ്രാഫിക്കായി ചിത്രീകരിച്ച 'ജുവല്‍ ഇന്‍ ദി ക്രൗണ്‍' ഫെയറിടെയില്‍ പുസ്തകം ഏറെ പ്രസിദ്ധമാണ്.

ഡബിള്‍ ബാരല്‍ സിനിമയുടെ ഗ്രാഫിക് നോവല്‍ ചെയ്യാന്‍ ഭൂട്ടാനില്‍ നിന്ന് കേരളത്തിലെത്തി, ഇവിടത്തെ തമ്പടിക്കല്‍ തുടരുന്നതിനിടയിലാണ് 'നോട്ടടി' ഷാരോണിനും കിട്ടിയത്.

ഷാരോണിനാവട്ടെ, പഴയൊരു രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റിന്റെ ചരിത്രവുമുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുന്ന കാലത്ത് വാഷിങ്ടണ്ണില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന രണ്ട് ഇംഗ്ലീഷ് പത്രങ്ങളില്‍ അഞ്ചുവര്‍ഷത്തോളം കാര്‍ട്ടൂണിസ്റ്റായിരുന്നതാണ് ആ ഭൂതകാലക്കുളിര്‍. നോട്ട് നിരോധനവും നോട്ടിനായി പായുന്ന താനടക്കമുള്ളവരും കുളിരില്‍ മൂടിപ്പുതച്ചുറങ്ങാന്‍ കൂട്ടാക്കാതെ പുള്ളിക്കാരിയെ കുതറിച്ച് പുറത്തെത്തിച്ചു. പുള്ളിക്കാരി അങ്ങനെ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ സോഷ്യല്‍ മീഡിയ രൂപം പൂണ്ട്, അങ്ങോട്ടിറങ്ങുകയായി.

ഇന്‍ ജപ്പാന്‍- എന്ന നവംബര്‍ 12ലെ വരയില്‍ പുള്ളിക്കാരി വീണ വായിക്കുകയാണ്. അത് നോട്ട് നിരോധിച്ച ശേഷം ജപ്പാനില്‍ പോയി പീപ്പി വായിച്ച നരേന്ദ്ര മോദിയെ മാത്രമല്ല, രാജ്യം കത്തിയെരിഞ്ഞപ്പോള്‍ വീണവായിച്ച നീറോ ചക്രവര്‍ത്തിയേയും ഓര്‍മ്മിപ്പിച്ചു. 'ചിലപ്പോ രാജാവ് സൂര്യനോട് പറഞ്ഞു കാണും ഉദിക്കരുതെന്ന്... മണ്ടന്‍' എന്നെല്ലാം രോഷം കുറിച്ചു പോകുന്നുണ്ട് അതിനിടയില്‍.

നവംബര്‍ 12ന് രാത്രി പത്തുകഴിഞ്ഞപ്പോള്‍ മന്‍മോഹന്‍ സിങ്ങിന് വിളക്കു വച്ചു പൂജിക്കുന്ന പുള്ളിക്കാരി പാടി- സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...വിയര്‍ത്തൊലിച്ച് എടിഎം കൗണ്ടറിനു മുന്നില്‍ നിന്നു തന്നെ പുള്ളിക്കാരി രാത്രി പാടി ആത്മ വിദ്യാലയമേ... ആത്മത്തിനുള്ളില്‍ നിന്ന് എടിഎം എന്നു വായിക്കാം. ശ്മശാന മൂകമാണ് എടിഎം സ്‌ക്രീന്‍.

ഇപ്പോ ബാങ്ക് ജീവനക്കാരായി പുതിയ ജവാന്മാരെന്ന, പാവം അമ്മച്ചിമാര്‍ ഉപ്പുഭരണയില്‍ വെച്ച കള്ളപ്പണമേ പൊങ്ങിയുള്ളൂ എന്ന കുത്തോടെ പുള്ളിക്കാരി പിറ്റേന്നുണരാന്‍ പോയി.
പിറ്റേന്നായിരുന്നല്ലോ, പ്രധാനമന്ത്രി വിതുമ്പിയത്. കരയല്ലേ, കരയുന്ന കുഞ്ഞ് എല്ലാ സൈക്കോപാത്തുകളുടേയും ഉള്ളിലുണ്ടാകുമെന്ന് ആ ദിവസം പുള്ളിക്കാരി സമാധാനിപ്പിച്ചു.നവംബര്‍ 14ന്, ശിശുദിനത്തിന്, നജീബിന്റെ അമ്മയുടെ ചോദ്യം പുള്ളിക്കാരി ചോദിച്ചു- എവിടെയാണ് നജീബ്. നോട്ടിന്റെ നെട്ടോട്ടത്തില്‍ മറന്ന ചോദ്യം.സ്വന്തം കുടുക്ക പൊട്ടിച്ചു കൊണ്ടിരുന്ന പുള്ളിക്കാരിക്കു നേരെ നീണ്ടു വന്ന കട്ടന്‍ ചായയുടെ കൈ ആരുടേതെന്ന് പറയേണ്ടല്ലോ.

മഷി പുരട്ടണമെന്നു പറഞ്ഞപ്പോള്‍ പുള്ളിക്കാരി നടുവിരലില്‍ തന്നെ മഷി പുരട്ടി ഉയര്‍ത്തി കാട്ടി. നരേന്ദ്ര മോദി എന്നെഴുതിയ സൂപ്പര്‍ മാന്‍ സൂട്ടില്‍ കയറി പുള്ളിക്കാരി, ഓര്‍മ്മിപ്പിച്ചു, മലയാളികളെ ധൂര്‍ത്തന്മാരെന്നു വിളിച്ച കുമ്മനത്തെ, ധൂര്‍ത്തെന്നാല്‍ എന്തെന്ന്.1200 കോടിയോളം രൂപ കിങ് ഫിഷറിന്റെ കടം എഴുതി തള്ളിയതും മല്യയുടെ പിന്നാലെ പുള്ളിക്കാരിയെത്തി. പൂജ്യം കിലോമീറ്റര്‍ കൂടിയേ കട്ടന്‍ ബിയറിലേയ്ക്കുള്ളു എന്നു സൂചിപ്പിക്കുന്ന ബോര്‍ഡിനടുത്ത്.നല്ല മസിലുള്ള താമരെയെയും അതു വേരുപിടിച്ച രക്തജലത്തില്‍ തലയറ്റം വെള്ളത്തില്‍ മുങ്ങിപ്പോയ പുള്ളിക്കാരിയേയും നാം വരകളില്‍ കാണുന്നു.


പുള്ളിക്കാരി, പരമ്പരയായി നോട്ട് ദുരന്തത്തെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ഷാരോണ്‍ പറയുന്നു- " ഇതത്ര നല്ലതിനല്ല എന്ന നിലയ്ക്കുള്ള ഫേസ്ബുക്ക് ഭീഷണികളൊക്കെ വരുന്നുണ്ട്. അതൊന്നും കൂട്ടാക്കുന്നില്ല"

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വരുന്ന പ്രതികരണങ്ങളില്‍ പുള്ളിക്കാരിയുടെ ഇടപെടല്‍ ചിരിയും ചിന്തയും രോഷവും പരത്തുകയാണ്.പുള്ളിക്കാരി, നോട്ട് ശരിയാകും വരെ പ്രതിഷേധത്തിന്റെ പുള്ളിക്കുത്തുകളുമായി നോട്ടിനു പിന്നാലെയുണ്ടാകും. ഷാരോണിന്‍റെ നോട്ട്ആര്‍ട്ട് എന്ന സീരീസിലാണ് ഇത് ഉള്‍പ്പെടുക. ഈ കാര്‍ട്ടൂണ്‍ സീരീസ് പൂര്‍ത്തിയായ ശേഷം എല്ലാം ചേര്‍ത്ത് വീഡിയോ കാര്‍ട്ടൂണാക്കും.