സ്വന്തം പണത്തിനുവേണ്ടി ജനം ക്യൂ നിന്നു തുടങ്ങിയതിന്റെ ആറാം നാള്‍; വില്ലന്‍ പരിവേഷത്തില്‍ നിന്നും നായകനിലേക്കുയര്‍ന്നു തോമസ് ഐസക്

സാധാരണക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഐസക്ക് ചൂണ്ടിക്കാട്ടിയതെന്നും എന്നാല്‍ അതിനെ മുഖവിലയ്‌ക്കെടുക്കാതെ പരിഹസിക്കുകയാണ് ചെയ്തതെന്നും പ്രതികരണങ്ങളിലൂടെ അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സമ്പൂര്‍ണമായി ദിവസങ്ങളോളം ദുരിതത്തിലേക്ക് തള്ളിയിട്ട് ഉണ്ടാക്കാന്‍ പോകുന്ന രാജ്യനന്മയില്‍ രാഷ്ട്രീയാന്ധത ബാധിച്ചിട്ടില്ലാത്ത ഒരാള്‍ക്കുപോലും തരിമ്പും വിശ്വാസമുണ്ടാകില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

സ്വന്തം പണത്തിനുവേണ്ടി ജനം ക്യൂ നിന്നു തുടങ്ങിയതിന്റെ ആറാം നാള്‍; വില്ലന്‍ പരിവേഷത്തില്‍ നിന്നും നായകനിലേക്കുയര്‍ന്നു തോമസ് ഐസക്

നോട്ടുപിന്‍വലിക്കലിന്റെ ആറാം ദിനവും ചില്ലറയുടെ അഭാവം മൂലം അത്യാവശ്യ കാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം കുറഞ്ഞുവരികയാണ്. മുന്നൊരുക്കങ്ങളേതുമില്ലാതെ നിലവില്‍ വിനിമയത്തിലിരുന്ന ഭൂരിപക്ഷം നോട്ടുകളും പിന്‍വലിച്ച നടപടി രാജ്യത്ത് വന്‍ പ്രതിസന്ധിയാണ് ഉയര്‍ത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ നോട്ടു പിന്‍വലിക്കല്‍ നടപടി വന്‍ വിമര്‍ശനം നേരിടുകയും എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായിക്കഴിഞ്ഞു.


നവംബര്‍ 8ന് രാത്രി നോട്ടു പിന്‍വലിക്കല്‍ നടപടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു പിന്നാലെ കേരള ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക് പത്രസമ്മേളനം വിളിക്കുകയും പ്രസ്തുത നടപടിയുടെ കോട്ടങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കള്ളപ്പണം ആരും നോട്ടുകളായല്ല സൂക്ഷിക്കുന്നതെന്നും കീഴ്വഴക്കങ്ങളും പാരമ്പര്യവും ലംഘിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ഐസക് പറഞ്ഞു. രാജ്യത്ത് 500 രൂപ, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് തനി അരാജകത്വമാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക ഇടപാട് എന്നു തുടങ്ങുമെന്നു പോലും പറയാനാകാതെ സംസ്ഥാന സര്‍ക്കാര്‍ നിസഹായമായിരിക്കുകയാണെന്നും ഐസക് ചൂണ്ടിക്കാണിച്ചു.

എന്നാല്‍ പല പ്രമുഖരും അന്ന് സംസ്ഥാന ധനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തുകയാണ് ചെയ്തത്. രാജ്യത്തിനുള്ളിലെ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ തോമസ് ഐസക് എതിര്‍ത്തത് എതിര്‍പ്പുകൊണ്ടു മാത്രമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പ്രസ്താവനയുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ വന്‍ ആക്രമണം തന്നെ സംസ്ഥാന ധനമന്ത്രിക്ക് എതിരെ നടന്നിരുന്നു. തോമസ് ഐസക്കിന്റെ പ്രസ്താവന കള്ളപ്പണക്കാരെ സഹായിക്കാനുള്ള നിലപാടിന്റെ ഭാഗമാണെന്ന് സൂചിപ്പിച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും രംഗത്തെത്തി.

ഇതിനിടെ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കള്ളപ്പണത്തിന്റെ കേന്ദ്രങ്ങളാണെന്നും സഹകരണ ബാങ്കുകള്‍ പരിശോധിച്ച് കള്ളപ്പണം പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സോഷ്യല്‍മീഡിയയിലൂടെ പ്രസ്താവനയിറക്കി. സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളും സുതാര്യതയും ചുണ്ടിക്കാട്ടി സുരേന്ദ്രന്റെ പ്രസ്താവനയ്ക്കു തോമസ് ഐസക് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കുകയും ചെയ്തു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഇത്തരത്തില്‍ കൊണ്ടും കൊടുത്തും നില്‍ക്കുന്നതിനിടയില്‍ രാജ്യത്തെ സാമ്പത്തിക രംഗം താറുമാറുകുന്ന സ്ഥിതിവിശേഷവും വന്നെത്തുകയായിരുന്നു.

Troll 1യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നോട്ട് പിന്‍വലിക്കല്‍ നടപടി പ്രഖ്യാപിക്കുകയും പിന്നാലെ ജപ്പാന്‍- സിംഗപ്പൂര്‍ സന്ദര്‍ശനം നടത്തുകയും ചെയ്ത പ്രധാനമന്ത്രിക്കെതിരെ കടുത്ത ബിജെപി അനുഭാവികളില്‍ നിന്നുവരെ വിമര്‍ശനമുണ്ടായി. തെറ്റുപറ്റിയാല്‍ സമ്മതിക്കണമെന്നും അതു മറച്ചുവച്ച് ദേശീയതയ്ക്കു വേണ്ടി ക്യൂ നിൽക്കാനല്ല പ്രധാനമന്ത്രി പറയേണ്ടതെന്നുമാണ് മോദിയുടെ മിക്ക നടപടികളെയും പ്രശംസിച്ചിട്ടുള്ള വ്യക്തികൂടിയായ പ്രശസ്ത സാഹിത്യകാരന്‍ ചേതന്‍ ഭഗത് പറഞ്ഞത്. ബിജെപി ദേശീയ നേതാവ് അരുണ്‍ ഷൂരിയും ഗുജറാത്ത് സര്‍ക്കാരും ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു.

ദിനംപ്രതി രാജ്യത്തെ ബാങ്കുകള്‍ക്കു മുന്നിലെ ക്യൂ വലിപ്പം വയ്ക്കുകയും ആകമാനം എതിര്‍പ്പുകളും ഉയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ കൈയിലുള്ള പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു തവണയാണ് മാറ്റിയത്. ഏറ്റവുമൊടുവില്‍ നവംബര്‍ 14 എന്നുള്ളത് 24 ആക്കി കൂട്ടുകയും ചെയ്തു. രാജ്യത്ത് വളരെ ഗുരുതരമായ സ്ഥിതി വിശേഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇതിനു തയ്യാറായതെന്നാണ് സൂചന. അതും നിശ്ചയിച്ച തീയതിയില്‍ നിന്നും പത്തു ദിവസം കൂട്ടി നല്‍കിയതിലൂടെ സാഹചര്യം കൂടുതല്‍ രൂക്ഷമാണെന്ന സന്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതും.

15094276_740188879461768_4560144697961752356_nഇതിനിടെ നോട്ടുപിന്‍ലിക്കലിനെതിരെ പ്രതികരിച്ച തോമസ് ഐസക്കിനെ പരസ്യമായി എതിര്‍ത്ത പലരും തങ്ങളുടെ നിലപാട് തിരുത്തി രംഗത്തെത്തിയതും ശ്രദ്ധേയമായി. ചരിത്രനടപടിയുടെ അഞ്ചാം നാള്‍ പിന്നിട്ടപ്പോള്‍, ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ എടുക്കേണ്ട നടപടികള്‍ പാളിയത് അവര്‍ ചുണ്ടിക്കാണിക്കുന്നു. സാധാരണക്കാര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ഐസക്ക് ചൂണ്ടിക്കാട്ടിയതെന്നും എന്നാല്‍ അതിനെ മുഖവിലയ്‌ക്കെടുക്കാതെ പരിഹസിക്കുകയാണ് ചെയ്തതെന്നും പ്രതികരണങ്ങളിലൂടെ അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ സമ്പൂര്‍ണമായി ദിവസങ്ങളോളം ദുരിതത്തിലേക്ക് തള്ളിയിട്ട് ഉണ്ടാക്കാന്‍ പോകുന്ന രാജ്യനന്മയില്‍ രാഷ്ട്രീയാന്ധത ബാധിച്ചിട്ടില്ലാത്ത ഒരാള്‍ക്കുപോലും തരിമ്പും വിശ്വാസമുണ്ടാകില്ലെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.

Read More >>