ഐഒസി ടാങ്കര്‍ സമരം; സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക്

ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ പമ്പുകള്‍ തുറക്കില്ലന്നു ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു.മറ്റ് കമ്പനികളുടെ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സമരം പൊതുജനത്തെ കാര്യമായി ബാധിക്കാത്തത്. സമരം തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങും. 1000 പമ്പുകളാണ് ഐഒസിയ്ക്ക് സംസ്ഥാനത്തുള്ളത്.

ഐഒസി ടാങ്കര്‍ സമരം; സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക്

കൊച്ചി: ഐഒസി ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം അഞ്ചാം ദിവസത്തേക്ക് കടന്നതോടെ സംസ്ഥാനത്തെ ഐഒസി പമ്പുകളില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇന്ധനം ലഭിക്കാത്തതിനാല്‍ ഐഒസിയുടെ അഞ്ചൂറോളം പെട്രോള്‍ പമ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഇരുമ്പനം പ്ലാന്റിലെ ഇന്ധന നീക്കത്തിനുള്ള പുതിയ ടെണ്ടറുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ പേരില്‍ ശനിയാഴ്ച മുതലാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും സമരം ആരംഭിച്ചത്.

ഇന്നലെ സമരം ഒത്തു തീര്‍ക്കുന്നതിന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയുടെ നേതൃത്വത്തില്‍ സംയുക്തസമര സമിതി നേതാക്കളുമായും ഐഒസി അധികൃതരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പുതിയ ടെണ്ടര്‍ നടപടികളില്‍ കമ്പനി അധികൃതര്‍ വിട്ടുവീഴ്ചയ്ക്കു തയാറാകാത്തതിനേത്തുടര്‍ന്നാണു ചര്‍ച്ച പരാജയപ്പെട്ടത്. കമ്പനി മാനേജ്മന്റ് പ്രഖ്യാപിച്ച ടെണ്ടര്‍ നടപടികള്‍ റദ്ദാക്കണമെന്നാണ് ടാങ്കര്‍ ലോറി ഉടമകളുടെയും തൊഴിലാളികളുടേയും ആവശ്യം.

2013-ലെ കരാറനുസരിച്ചുള്ള തുകയേക്കാള്‍ കുറവാണ് അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ടെണ്ടറിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് 65000 രൂപ മുടക്കി ടാങ്കറിന്റെ മുകളില്‍ സ്ഥാപിച്ച സ്റ്റീലിന്റെ കവചം മാറ്റി വേറെ സ്ഥാപിക്കണം. 55 ടാങ്കര്‍ ലോറികളുള്ളവര്‍ക്ക് പരിഗണന നല്‍കും തുടങ്ങിയ പുതിയ ടെണ്ടറിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി പറയുന്നു.

ഇന്ധനം ലഭിക്കാത്ത സാഹചര്യത്തില്‍ പമ്പുകള്‍ തുറക്കില്ലന്നു ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു.മറ്റ് കമ്പനികളുടെ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് സമരം പൊതുജനത്തെ കാര്യമായി ബാധിക്കാത്തത്. സമരം തുടരുകയാണെങ്കില്‍ അടുത്ത ദിവസങ്ങളില്‍ സംസ്ഥാനം ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങും. 1000  പമ്പുകളാണ് ഐഒസിയ്ക്ക് സംസ്ഥാനത്തുള്ളത്.

സമരം ഒത്തുതീര്‍ക്കാന്‍ ഇന്ന് വൈകിട്ട് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചര്‍ച്ച വിളിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയുടെ കാര്യങ്ങള്‍ അറിയിച്ചില്ലെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവിഡ് പറഞ്ഞു. ടെണ്ടറിലെ വ്യവസ്ഥകള്‍ റദ്ദാക്കണമെന്ന ആവശ്യം ഐഒസി മാനേജ്‌മെന്റ് വഴങ്ങിയില്ലെങ്കില്‍ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.

Read More >>