രജനീകാന്തിന്റെ കുടി; തടയിട്ടത് സൂര്യയുടെ പിതാവ്

ഒരുകാലത്ത് മദ്യത്തിനും പുകവലിക്കും അടിമയായ സ്റ്റൈല്‍ മന്നനെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിന് മുന്‍കൈയെടുത്തത് സൂര്യ-കാര്‍ത്തി യുവതാരങ്ങളുടെ പിതാവാണ്.

രജനീകാന്തിന്റെ കുടി; തടയിട്ടത് സൂര്യയുടെ പിതാവ്

അഭിനയത്തിന്റെ പല അളവുകോലുകളിലും തെന്നിന്ത്യന്‍ താരചക്രവര്‍ത്തി രജനീകാന്തിന് പിന്നിലേ മറ്റ് പല താരങ്ങളും വരൂ. എന്നാല്‍ അദ്ദേഹത്തിനുണ്ടായിരുന്ന ദുശീലത്തെക്കുറിച്ച് ആരാധകരില്‍ പലര്‍ക്കും അറിവുണ്ടാകില്ല. ഒരുകാലത്ത് മദ്യത്തിനും പുകവലിക്കും അടിമയായിരുന്നു രജനി. എന്നാല്‍ അദ്ദേഹത്തെ ഉപദേശിച്ച് നേര്‍വഴിക്കാക്കിയതിന് പിന്നില്‍ തമിഴ് യുവതാരങ്ങളായ സൂര്യയുടേയും കാര്‍ത്തിയുടേയും പിതാവും പഴയകാല നടനുമായ ശിവകുമാറിന് വലിയൊരു പങ്കാണുള്ളത്. ശിവകുമാറിന്റെ 75ാം ജന്മദിനത്തോടനുബന്ധിച്ച് രജനി അദ്ദേഹത്തിനെഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


ശിവകുമാര്‍ മഹാനായ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ നമുക്ക് മാനസികമായും ശാരീരികമായും കരുത്തുപകരുമെന്ന് രജനി പിറന്നാള്‍ ആശംസിച്ചെഴുതിയ കത്തില്‍ പറയുന്നു. 1977ല്‍ പുറത്തിറങ്ങിയ കവികുയില്‍, ഭുവന ഒരു കേള്‍വികുറി എന്നീ ശിവകുമാര്‍ ചിത്രങ്ങളില്‍ രജനിയായിരുന്നു ഉപനായകന്‍. മദ്യപാനവും പുകവലിയും ഉപേക്ഷിച്ചില്ലെങ്കില്‍ അത് തന്റെ ഭാവിയെത്തന്നെ ബാധിക്കുമെന്ന് ശിവകുമാര്‍ പല തവണ ഉപദേശിച്ചിരുന്നതായി രജനി കത്തില്‍ സ്മരിക്കുന്നു.