രാജ്യത്ത് ആദ്യ സംഭവം: കൊച്ചിയില്‍ 17 വയസുകാരിയില്‍ 12 വയസുകാരന് കുട്ടി; ആര്‍ക്കെതിരെ കേസെടുക്കണമെന്നതില്‍ തര്‍ക്കം

നവജാത ശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തും. പോക്‌സോ നിയമപ്രകാരം പ്രായം കുറഞ്ഞ ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പെണ്‍കുട്ടിക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ഒരു വാദം. ഇരുകൂട്ടരേയും പ്രതികളാക്കണമെന്നും വാദം. തല്‍ക്കാലം ബാലനെതിരെ കേസ് ചാര്‍ജ് ചെയ്‌തെങ്കിലും കസ്റ്റഡിയിലെടുക്കാതെ പോലീസ്- രാജ്യത്ത് തന്നെ ഇത് ആദ്യ സംഭവം.

രാജ്യത്ത് ആദ്യ സംഭവം: കൊച്ചിയില്‍ 17 വയസുകാരിയില്‍ 12 വയസുകാരന് കുട്ടി; ആര്‍ക്കെതിരെ കേസെടുക്കണമെന്നതില്‍ തര്‍ക്കം

കൊച്ചി: 12 വയസുകാരനും 18 വയസെത്താത്ത കൗമാരക്കാരിയും (17 വയസും 10 മാസവും പ്രായം) തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് കുട്ടിയുണ്ടായി എന്ന സംഭവത്തില്‍ ആര്‍ക്കെതിരെ കേസെടുക്കുമെന്നതില്‍ നിയമജ്ഞര്‍ക്കിടയില്‍ തര്‍ക്കം. നിലവില്‍ 12 വയസുകാരനെതിരെ കേസെടുത്തരിക്കുകയാണ് പോലീസ്.

എന്നാല്‍ പ്രായക്കുറവ് ബാലനായതിനാല്‍ ബാലപീഡനം നടത്തിയത് കൗമാരക്കാരിയാണ് എന്ന നിയമ പ്രശ്‌നം ഉണ്ടാകില്ലേ എന്നതാണ് പോലീസ് നേരിടുന്ന ചോദ്യം.


18 വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് 2012 മുതല്‍ നിലവിലുള്ള പോക്‌സോ നിയമത്തിന്റെ പരിരക്ഷയില്‍ ഇവരില്‍ ആരാണ് വരുന്നതെന്ന ആശയക്കുഴപ്പം പരിഹരിക്കാനാവില്ല. നിയമത്തിന്റെ പരിരക്ഷ ഇരുവര്‍ക്കും കിട്ടേണ്ടതില്ലേ എന്ന സംശയം ഉയരുന്നു.

ശാരീരികമായി 12 വയസുകാരനെക്കാള്‍ കരുത്തുളള പെണ്‍കുട്ടിയല്ലേ ബാലനെ പീഡിപ്പിച്ചത് എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. എന്നാല്‍ റേപ്പിന്റെ പരിധിയില്‍ കേസ് പരിഗണനയ്‌ക്കെടുത്താല്‍ സംഭോഗം നടത്തിയത് (പുരുഷ ലൈംഗികാവയവും സ്ത്രീ ലൈംഗികാവയവത്തില്‍ പ്രവേശിപ്പിക്കുന്നത്) ബാലനാകും. റേപ്പ് നടന്നോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ ഈ ലിംഗപ്രവേശനത്തിന് സ്ഥാനമുണ്ട്. റേപ്പിന്റെ പരിധിയില്‍ ബാലനെ ഉള്‍പ്പെടുത്താനാകുമോ എന്നതാണ് അപ്പോള്‍ ഉയരുന്ന മറ്റൊരു ചോദ്യം.

പോക്‌സോ നിയമത്തിന്റെ പരിധിയില്‍ ഇരുവരും വാദിയും പ്രതിയുമാകുന്നതാണ് മറ്റൊരു അനിശ്ചിതാവസ്ഥ. ബാലനെ പീഡിപ്പിച്ചതിലും കൗമാരക്കാരി പീഡിപ്പിക്കപ്പെട്ടതും പോക്‌സോ നിയമം അനുസരിച്ച് കുറ്റമാണ്. കൗമാരക്കാരിയെ റേപ്പിന്റെ ഇര എന്ന നിലയിലും പരിഗണിക്കേണ്ടി വരും.

വയറു വേദനയെന്ന പേരില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടി പ്രസവിക്കുകയായിരുന്നു. അമ്മയ്‌ക്കൊപ്പം വന്ന കുട്ടി 18 തികഞ്ഞു എന്നാണ് പറഞ്ഞത്. മകള്‍ ഗര്‍ഭിണിയാണെന്ന വിവരം അമ്മയ്ക്കും അറിയില്ലായിരുന്നുവത്രേ. പിന്നീടാണ് ആശുപത്രി അധികൃതര്‍ക്ക് പ്രായപൂര്‍ത്തിയാകും മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന് മനസിലാവുന്നത്. അപ്പോള്‍ തന്നെ വിവരം ചൈല്‍ഡ് ലൈനെ അറിയിക്കുകയായിരുന്നു. ചെല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഹോസ്പിറ്റലിലെത്തി വിവരം ശേഖരിക്കുകയും പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ ഫാ. ടോമി പറഞ്ഞു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനെ പ്രതിയാക്കിയാണ് നിലവില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.

ഇരുഭാഗത്തേയും പ്രതിയാക്കി കേസെടുക്കണമെന്നും പ്രായത്തിന്റെ മേല്‍ക്കൈ പരിഗണിച്ച് പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു- കേസ് അന്വേഷിക്കുന്ന കളമശ്ശേരി സി.ഐ ജയകൃഷ്ണന്‍ എസ് നാരദയോട് പറഞ്ഞു. എന്നാല്‍ കുറ്റത്തിന്റെ ദൂഷ്യഫലം അനുഭവിക്കുന്നതും നഷ്ടമുണ്ടായതും പെണ്‍കുട്ടിക്കാണ് എന്ന് കണക്കാക്കിയാണ് ബാലനെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ രണ്ടും കുട്ടികളാണെന്ന പരിഗണനയും നിയമോപദേശങ്ങളും സ്വീകരിച്ചേ മുന്നോട്ടു പോവുകയുള്ളു. കോടതിയുടെ അനുവാദത്തോടെ കേസ് അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തും. 12 വയസുകാരന്‍ ഗര്‍ഭിണിയാക്കി എന്നത് പെണ്‍കുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ വിശ്വസിക്കാതെ ശാസ്ത്രീയമായി പരിഗണിക്കുന്നതാകും ഉചിതമെന്നാണ് പോലീസ് കരുതുന്നത്.

ഡല്‍ഹിയില്‍ ഈ വര്‍ഷം ജൂലൈയില്‍ 26 വയസുള്ള യുവതി 17 വയസുള്ള കൗമാരക്കാരനെ റേപ്പ് ചെയ്തുവെന്ന കേസില്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് നടന്നിട്ടുണ്ട്. സ്ത്രീ പുരുഷനെ റേപ്പ് ചെയ്തു എന്ന പേരില്‍ രാജ്യത്തു തന്നെ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസാണത്രേ ഇത്. ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു ഇരുവരും. ആണ്‍കുട്ടി ഹോട്ടലില്‍ റൂം ബുക്ക് ചെയ്ത് മദ്യം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു സ്ത്രീ നല്‍കിയ പരാതി. അതില്‍ കേസെടുത്തത് കൗമാരക്കാരന് എതിരെ ആയിരുന്നു. കൗമാരക്കാരനാവട്ടെ ബലപ്രയോഗത്തിലൂടെ തന്നെ ലൈംഗിക ബന്ധത്തിന് വിധേയനാക്കുകയായിരുന്നു എന്ന മൊഴി നല്‍കി. അതു പ്രകാരം പോക്‌സോയിലെ വകുപ്പ് പ്രകാരം യുവതിക്കെതിരെ കേസെടുക്കുകയായിരുന്നു.
എറണാകുളം സംഭവത്തിലെ നവജാത ശിശുവിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. പോക്‌സോ പ്രകാരം നവജാത ശിശുവും അച്ഛനെന്ന് പെണ്‍കുട്ടി പറയുന്ന ബാലനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ പരിരക്ഷയ്ക്ക് അര്‍ഹരല്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്.

ഇപ്പോള്‍ നവജാത ശിശുവിന്റെ സംരക്ഷണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്നും നവജാത ശിശുവിനെ അമ്മയുടെ ഒപ്പം വിടണമെന്ന വാദം ബന്ധുക്കളില്‍ ചിലര്‍ തന്നെ ഉന്നയിച്ചിട്ടുണ്ടെന്നും എന്നാല്‍ അമ്മയുടെ സംരക്ഷണയില്‍ നവജാത ശിശുവിന്റെ ഭാവിയും പോഷണവും ഉറപ്പാകില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അധ്യക്ഷ പദ്മജ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കമ്മറ്റി നിലവില്‍ ഇടപെട്ടിട്ടില്ല.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം മറച്ചു പിടിച്ചു എന്ന പേരില്‍ കാക്കനാട് സണ്‍ റൈസ് ഹോസ്പിറ്റലിനെതിരെ കേസെടുത്തെന്നും സിഐ പറഞ്ഞു.

Read More >>