പാലക്കാട് കൊടും വരൾച്ചയിലേക്ക്; കുടിവെള്ളം പോലും പണം കൊടുത്തു വാങ്ങേണ്ട അവസ്ഥ

ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ഡാമുകള്‍ കേന്ദ്രീകരിച്ചോ, ഭാരതപ്പുഴയിലും മറ്റു ചെറിയ പുഴകളിലും ഉണ്ടാക്കിയ താല്‍ക്കാലിക തടയണകള്‍ കേന്ദ്രീകരിച്ചോ ആണ്. എന്നാല്‍ ഇവയിലെല്ലാം വെള്ളം തീരെ കുറവാണ്. കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം എത്തിക്കുന്ന ഡാമുകളില്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലില്‍ ഒന്നു ഭാഗം വെള്ളം മാത്രമേയുള്ളു

പാലക്കാട് കൊടും വരൾച്ചയിലേക്ക്; കുടിവെള്ളം പോലും പണം കൊടുത്തു വാങ്ങേണ്ട അവസ്ഥ

പാലക്കാട്: ഡിസംബര്‍ വരാനിരിക്കുന്നതേയുള്ളു,  പക്ഷെ പാലക്കാട് ജില്ലയില്‍ വരള്‍ച്ച തുടങ്ങി. ഒപ്പം കുടിവെള്ള ക്ഷാമവും. മഴക്കാലം തുടങ്ങാന്‍ ഇനി ആറുമാസം കൂടി കഴിയണമെന്നതിനാല്‍ അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കും വരള്‍ച്ചയിലേക്കുമാണ് പാലക്കാട് നീങ്ങുന്നത്.

വേനല്‍ ശക്തമാകുന്നതോടെ  കുളിക്കാനും കുടിക്കാനും എല്ലാം വെള്ളം വില കൊടുത്ത് വാങ്ങേണ്ടി വരും.  കഴിഞ്ഞ വേനലില്‍ വരൾച്ച രൂക്ഷമായപ്പോൾ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്ക് വെള്ളം വില കൊടുത്ത് വാങ്ങേണ്ട അവസ്ഥ വന്നു. ഒരു കുടം വെള്ളത്തിന് അഞ്ചു രൂപ വരെയായിരുന്നു അന്നത്തെ വില. തമിഴ്‌നാട്ടില്‍ വരള്‍ച്ച രൂക്ഷമായ പ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കുടത്തിന് പത്തു രൂപ വെച്ച് വെള്ളം വാങ്ങേണ്ട അവസ്ഥയുണ്ട്.


കുടിവെള്ള സ്രോതസുകളെല്ലാം ഇല്ലാതാകുന്നതോടെ ജില്ലയും ഇത്തരമൊരു അവസ്ഥയിലേക്കാണ് നീങ്ങുന്നത്. കുടിവെള്ള പദ്ധതികളില്‍ പലതിലും വേനല്‍ കടുക്കുന്നതോടെ വെള്ളമുണ്ടാവില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ഡാമുകള്‍ കേന്ദ്രീകരിച്ചോ, ഭാരതപ്പുഴയിലും മറ്റു ചെറിയ പുഴകളിലും ഉണ്ടാക്കിയ താല്‍ക്കാലിക തടയണകള്‍ കേന്ദ്രീകരിച്ചോ ആണ്. എന്നാല്‍ ഇവയിലെല്ലാം വെള്ളം തീരെ കുറവാണ്. കുടിവെള്ള പദ്ധതികള്‍ക്ക് വെള്ളം എത്തിക്കുന്ന ഡാമുകളില്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലില്‍ ഒന്നു ഭാഗം  വെള്ളം മാത്രമേയുള്ളു. ഡാമുകളില്‍ വെള്ളം കുറവായതിനാല്‍ കൃഷിയാവശ്യത്തിന് വെള്ളം വിട്ടു നല്‍കേണ്ടെന്ന് ജില്ലാ കളട്കറുടെ നേതൃത്വത്തില്‍ കര്‍ഷകരുമായി നടന്ന ചര്‍ച്ചയില്‍ നേരത്തെ തീരുമാനമായിരുന്നു.

മലമ്പുഴ ഡാമില്‍ നിന്ന് മാത്രമാണ് ഇത്തവണ 20 ദിവസത്തോളം കൃഷിയാവശ്യത്തിന് വെള്ളം വിടുകയുള്ളു. മറ്റു ഡാമുകളിലെ വെള്ളം കുടിവെള്ളത്തിന് മാത്രം മാറ്റി വെക്കുകയാണെങ്കിലും പരമാവധി ഒന്നു രണ്ടു മാസത്തിനകം ഈ വെള്ളവും തീരും. ജില്ലയുടേയും മറ്റു രണ്ടു സമീപ ജില്ലകളുടെ കൂടി ദാഹശമനിയായ ഭാരതപ്പുഴ വറ്റി വരണ്ടു തുടങ്ങി. പ്രധാന തടയണകളില്‍ കെട്ടി നിര്‍ത്തിയ വെള്ളം മാത്രമാണ് ഭാരതപ്പുഴയില്‍ ഉള്ളത്. വേനല്‍ ശക്തമാകുന്നതോടെ ഇതും ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. പിന്നെ ജെ സി ബി യും മറ്റും ഉപയോഗിച്ച് പുഴയില്‍ കുഴിയുണ്ടാക്കി പുഴയിലെ കുടിവെള്ള കിണറുകളിലേക്ക് വെള്ളം എത്തിക്കേണ്ടി വരും. കടുത്ത വരള്‍ച്ച കാരണം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പുഴയില്‍ കുഴിയെടുത്താലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടാകാറുണ്ട്. സ്ഥിരം തടയണ ഇല്ലാത്ത ഷൊര്‍ണൂരിലും മറ്റും ഇത്തവണ കുടിവെള്ളം വലിയ പ്രശ്‌നമാകും.

മലമ്പുഴ ഡാമില്‍ ഇത്തവണ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ജലനിരപ്പ് നാല്‍പ്പത് ശതമാനം കുറവാണ്. കഴിഞ്ഞ വര്‍ഷം 152.901 ദശലക്ഷം ഘനയടി വെള്ളമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 95 ഘനയടിക്ക് അടുത്താണ് വെള്ളമുള്ളത്. ജല നിരപ്പ് അനുദിനം താഴുന്നതിനാല്‍ കുടിവെള്ള വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.

മണ്ണാര്‍ക്കാട് കുന്തിപ്പുഴയില്‍ രണ്ടു തടയണകളിലും വെള്ളം വറ്റി തുടങ്ങി. മണ്ണാര്‍ക്കാട് നഗരസഭയുള്‍പ്പടെ മൂന്നോളം പഞ്ചായത്തുകളിലെ കുടിവെള്ളത്തെ ഇത് ബാധിക്കും. പോത്തുണ്ടി, മീങ്കര, ചുള്ളിയാര്‍ ഡാമുകളിലും വേനല്‍ക്കാലത്തെ അതിജീവിക്കാനുള്ള കുടിവെള്ള ശേഖരമില്ല.

ജില്ലയെ ഭൂഗര്‍ഭ ജലത്തിന്റെ അളവിലും കാര്യമായ കുറവു വന്നതോടെ കുഴല്‍കിണറുകള്‍ കുഴിച്ചാലും വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. ചിറ്റൂര്‍ താലൂക്കില്‍ ഒഴികെ മറ്റൊരിടത്തും കുഴല്‍കിണറുകള്‍ കുഴിക്കാന്‍ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ ആയിര കണക്കിന് കുഴല്‍കിണറുകളാണ് കുഴിച്ചിട്ടുള്ളത്. നേരത്തെ ചെറിയ താഴ്ച്ചയില്‍ പോലും കുഴല്‍ കിണറുകളില്‍ നിന്ന് വെള്ളം കിട്ടിയിരുന്നുവെങ്കില്‍ ഇപ്പോള്‍ എത്ര താഴ്ത്തിയാലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളിലും അതിര്‍ത്തിയിലും കുഴല്‍കിണര്‍ കുഴിച്ചാല്‍ ഉപയോഗിക്കാന്‍ പറ്റാത്ത ഉപ്പുവെള്ളം കിട്ടുന്നതും പതിവാണ്. ലക്ഷങ്ങള്‍ മുടക്കിയാലും വെള്ളം കിട്ടുമെന്ന് ഉറപ്പില്ലാത്ത് അവസ്ഥയാണ് ജില്ലയില്‍ പലേടത്തും ഇപ്പോഴുള്ളത്.

Read More >>