നിലമ്പൂരില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ അട്ടപ്പാടിയില്‍ അഭയം തേടാൻ സാധ്യതയെന്ന് പോലീസ്

നിലമ്പൂരില്‍ ഏറ്റുമുട്ടലിന് ശേഷം ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്ക് അട്ടപ്പാടി വനത്തിൽ എളുപ്പം കടക്കാമെന്നാണ് പോലീസ് നിഗമനം. നിലമ്പൂര്‍ വനത്തോട് ചേര്‍ന്ന സൈലന്റ് വാലി, ആനവായ് വനമേഖലയില്‍ പോലീസും വനപാലകരും സുരക്ഷ ശക്തമാക്കി. അപ്പര്‍ ഭവാനി, മുള്ളി പ്രദേശത്തെ വനാതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും, ആന്റി നക്‌സല്‍ സ്‌ക്വാഡും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

നിലമ്പൂരില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ അട്ടപ്പാടിയില്‍ അഭയം തേടാൻ സാധ്യതയെന്ന് പോലീസ്

പാലക്കാട്: നിലമ്പൂരില്‍ നിന്ന് രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ അട്ടപ്പാടി വനത്തിലെ ആദിവാസി ഊരുകളിൽ അഭയം തേടാൻ സാധ്യതയെന്ന് പോലീസ്. നിലമ്പൂരില്‍ ഏറ്റുമുട്ടലിന് ശേഷം ചിതറിയോടിയ മാവോയിസ്റ്റുകള്‍ക്ക്  അട്ടപ്പാടി വനത്തിൽ എളുപ്പം  കടക്കാമെന്നാണ് പോലീസ് നിഗമനം.  നിലമ്പൂര്‍ വനത്തോട് ചേര്‍ന്ന സൈലന്റ് വാലി, ആനവായ് വനമേഖലയില്‍ പോലീസും വനപാലകരും സുരക്ഷ ശക്തമാക്കി. അപ്പര്‍ ഭവാനി, മുള്ളി പ്രദേശത്തെ വനാതിര്‍ത്തിയില്‍ തമിഴ്‌നാട് പോലീസും, ആന്റി നക്‌സല്‍ സ്‌ക്വാഡും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.


അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ സജീവ സാന്നിദ്ധ്യമാണെന്ന് പോലീസിന് വിവരം ലഭിക്കുന്നത് 2013 മുതലാണ്.  വനത്തിനുളളിൽ സായുധ സംഘങ്ങളെ കണ്ടതായി ആദിവാസികള്‍  നൂറിലേറെ തവണ മൊഴി നല്‍കിയിട്ടുണ്ട്. പല തവണ പോലീസും ഈ സംഘങ്ങളെ നേരില്‍ കണ്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 17 ന്‌. ആനവായ് വനമേഖയില്‍ കടുകുമണ്ണ ഊരില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെ ഉള്‍വനത്തില്‍ മാവോയിസ്റ്റ് സംഘത്തെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാവോയിസ്റ്റുകളും പോലീസ് ഉള്‍പ്പെട്ട തണ്ടര്‍ബോള്‍ട്ടും തമ്മില്‍ വനത്തില്‍ വെടിവെയ്പ് നടന്നിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘം തണ്ടര്‍ബോള്‍ട്ടിന് നേരെയും മറ്റും വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ആരേയും പിടികൂടാന്‍ പോലീസിനായില്ല.

ഇതിനു മുമ്പ് 2014 ല്‍ ഒക്ടോബര്‍ 22 ന് മുക്കാലി സൈലന്റ് വാലി റേഞ്ച് ഓഫീസും വാഹനവും തീയിട്ട് നശിപ്പിച്ചതാണ് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആദ്യ ആക്രമണം. 2014 ഡിസംബറില്‍ ആനവായ് ഹാവലോക്കിയിലെ വനംവകുപ്പിന്റെ ക്യാമ്പ് ഷെഡും 2015 നവംബര്‍ എട്ടിന് ആനവായിലും ഒമ്പതിന് തുടുക്കിയിലും വനംവകുപ്പിന്റെ ഷെഡുകളും മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു.

അഗളി, ഷോളയൂര്‍ പോലീസ് സ്‌റ്റേഷനുകളിലായി  മാവോയിസ്റ്റുകള്‍ക്കെതിരെ കേസുകളും ഉണ്ട്. 2013 മുതല്‍ തന്നെ അട്ടപ്പാടി മേഖലയില്‍ നോട്ടീസ്, പോസ്റ്റര്‍ വിതരണം നടത്തിയും മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ യോഗം നടത്തിയെന്നും വനം വകുപ്പു ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുമ്പോഴും ഒരാളെ പോലും പിടികൂടാന്‍ പോലീസ് സേനക്കായിട്ടില്ല.

അട്ടപ്പാടി വനത്തില്‍ മൂന്നും നാലു സംഘങ്ങളായി 12 മുതല്‍ 20 നുള്ളില്‍ മാവോയിസ്റ്റുകള്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം. ഇവരില്‍ നാലോ അഞ്ചോ സ്ത്രീകളും ഉണ്ട്. ആദിവാസി ഊരുകളില്‍ നിന്നും ഭക്ഷണം വാങ്ങിയും വനത്തിനകത്തെ ഷെഡുകളില്‍ തങ്ങിയുമാണ് ഇവര്‍ കഴിയുന്നതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ആഴ്ച്ച ആഞ്ചക്കകൊമ്പ് ഊരിലെ ഒരു ആദിവാസിയുടെ വീട്ടില്‍ നിന്ന് അരിയും പലവൃഞ്ജനവും പണവും മോഷണം പോയിരുന്നു. ചില തിരിച്ചറിയല്‍ രേഖകളും ഇതിന്റെ കൂടെ കാണാതായിരുന്നു. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശമായതിനാല്‍ ഇതിന്റെ പുറകില്‍ മാവോയിസറ്റുകളാണെന്നാണ് പോലീസ് കരുതുന്നത്.

മൂലക്കൊമ്പ് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ യോഗം ചേര്‍ന്നതായും നാട്ടില്‍ നിന്നുള്ള ചിലര്‍ വരെ അതില്‍ പങ്കെടുത്തതായും രഹസ്യന്വേഷണ വിഭാഗം കരുതുന്നുണ്ട്. ഈയാഴ്ച്ച ആദ്യം പുതൂര്‍ പഞ്ചായത്തില്‍ സ്വര്‍ണഗദ്ധ ഊരിന് സമീപം രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ സായുധരായ സംഘം എത്തിയതായി പോലീസിനു വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പന്ത്രണ്ടിന് ഭവാനിപ്പുഴയില്‍ മീന്‍പിടിക്കാന്‍ പോയ ബെന്നിയെന്ന യുവാവ് മരിച്ചിരുന്നു. ഇയാളെ മാവോയിസ്റ്റുകൾ വെടിവെച്ചു കൊന്നതെന്നാണ് പോലീസ് ആരോപിക്കുന്നത്. എന്നാല്‍ ബെന്നിയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തിന് ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല.Read More >>