നോട്ടുപിന്‍വലിക്കല്‍; എട്ടുദിവസത്തിനിടെ എസ്ബിഐയില്‍ 1.26 ലക്ഷം കോടിയുടെ നിക്ഷേപം

നോട്ട് പിന്‍വലിച്ചതിന് ശേഷം പണം എടുക്കുന്നത് കുറയുകയും നിക്ഷേപം കൂടുകയും ചെയ്തിരുന്നു. സ്ഥിരനിക്ഷേപങ്ങളാണ് കൂടുതലും. നിഷ്‌ക്രിയമായിക്കിടന്ന അക്കൗണ്ടുകളില്‍പ്പോലും നിക്ഷേപം നടന്നതായാണ് റിപ്പോര്‍ട്ട്.

നോട്ടുപിന്‍വലിക്കല്‍; എട്ടുദിവസത്തിനിടെ എസ്ബിഐയില്‍ 1.26 ലക്ഷം കോടിയുടെ നിക്ഷേപം

ന്യൂ ഡല്‍ഹി: നോട്ടു പിന്‍വലിക്കലിനെ തുടര്‍ന്നു ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കഴിഞ്ഞ എട്ടു ദിവസത്തിനുള്ളില്‍ ഉണ്ടായത് 1.26 ലക്ഷം കോടി രൂപയുടെ നിക്ഷേപം. നവംബര്‍ 10 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. എസ്ബിഐയില്‍ മാത്രമല്ല എല്ലാ ബാങ്കുകളിലും പൊതുവെ ഈ ദിവസങ്ങളില്‍ നിക്ഷേപങ്ങളുടെ അളവ് വര്‍ധിച്ചിട്ടുണ്ട്. നോട്ട് പിന്‍വലിച്ചതിന് ശേഷം പണം എടുക്കുന്നത് കുറയുകയും നിക്ഷേപം കൂടുകയും ചെയ്തിരുന്നു. സ്ഥിരനിക്ഷേപങ്ങളാണ് കൂടുതലും. നിഷ്‌ക്രിയമായിക്കിടന്ന അക്കൗണ്ടുകളില്‍പ്പോലും നിക്ഷേപം നടന്നതായാണ് റിപ്പോര്‍ട്ട്.


ഉയര്‍ന്ന നിക്ഷേപമായതുകൊണ്ടു തന്നെ സ്ഥിരനിക്ഷേപ വരുമാനം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ ഒന്നു മുതല്‍ പലിശനിരക്ക് ഇളവ് പ്രബല്യത്തിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എസ്ബിഐ മാനേജിങ് ഡയറക്ടര്‍ രജനീഷ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടുത്ത ആഴ്ച ചേരുന്ന മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിക്ഷേപം കൂടിയതോടെ ഇതിനുള്ള പലിശ നിരക്കുകളില്‍ അര ശതമാനം കുറവുവരുത്താന്‍ എസ്ബിഐ തീരുമാനിച്ചിരുന്നു. വൈകാതെ വായ്പകളുടെ പലിശ നിരക്കിലും കുറവു വരുത്താനുള്ള തീരുമാനത്തിലാണ് എസ്ബിഐ. സ്വകാര്യബാങ്കായ ആക്സിസ് ബാങ്ക് കഴിഞ്ഞ ആഴ്ച വായ്പാ പലിശനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ അടുത്തമാസം ചേരുന്ന റിസര്‍വ് ബാങ്ക് യോഗം വായ്പാ പലിശ നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയില്‍ ഇപ്പോഴത്തെ ഈ നോട്ടുപിന്‍വലിക്കല്‍ നടപടി വിലക്കയറ്റം തടയാന്‍ കാരണമായിട്ടുണ്ടെന്നാണ് മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ രാജീവ് മാലിക്കിന്റെ അഭിപ്രായം. എന്നാല്‍ ഇത് ആര്‍ബിഐയുടെ പലിശ നിരക്ക് കുറയ്ക്കാന്‍ ഇടയാക്കുകയും ചെയ്തു. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ റിസര്‍വ് ബാങ്ക് മൂന്നുതവണ റിപോ നിരക്ക് കുറയ്ക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>