സൗദി വനിതകള്‍ ഡ്രൈവ് ചെയ്യേണ്ട സമയം അതിക്രമിച്ചതായി അല്‍വലീദ് രാജകുമാരന്‍

സൗദി രാജകുടുംബത്തിലെ അല്‍വലീദ് ബിന്‍ തലാല്‍ ആണ് കാലങ്ങളായി രാജ്യത്തു നിലവിലുള്ള നിയമം പൊളിച്ചെഴുതണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. തന്റെ ട്വിറ്ററിലൂടെയാണ് രാജകുമാരന്‍ ഈ സുപ്രധാന കാര്യം നിര്‍ദേശിച്ചത്. ''സൗദി വനിതകള്‍ കാര്‍ ഡ്രൈവ് ചെയ്യേണ്ട സമയം അതിക്രമിച്ചു'' എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

സൗദി വനിതകള്‍ ഡ്രൈവ് ചെയ്യേണ്ട സമയം അതിക്രമിച്ചതായി അല്‍വലീദ് രാജകുമാരന്‍

സൗദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കേണ്ട സമയം അതിക്രമിച്ചതായി സൗദി രാജകുമാരന്‍. സൗദി രാജകുടുംബത്തിലെ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ആണ് കാലങ്ങളായി രാജ്യത്തു നിലവിലുള്ള നിയമം പൊളിച്ചെഴുതണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചത്. തന്റെ ട്വിറ്ററിലൂടെയാണ് രാജകുമാരന്‍ ഈ സുപ്രധാന കാര്യം നിര്‍ദേശിച്ചത്. ''സൗദി വനിതകള്‍ കാര്‍ ഡ്രൈവ് ചെയ്യേണ്ട സമയം അതിക്രമിച്ചു'' എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ലോകത്തു വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതിയില്ലാത്ത ഏക രാജ്യമാണ് സൗദി അറേബ്യ.


''വനിതകള്‍ക്ക് ഡ്രൈവിങ്ങിനുള്ള അവസരം നിഷേധിക്കുന്നത് അവരുടെ അവകാശപ്രശ്‌നമാണ്. വിദ്യാഭ്യാസം നിഷേധിക്കുന്നതിനും സ്വന്തമായ വ്യക്തിത്വ രൂപീകരണത്തില്‍ നിന്ന് അവരെ തടയുന്നതിനും സമാനമാണ് ഇത്'' എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സാമ്പത്തികം, സാമൂഹികം, മതപരം, രാഷ്ട്രീയം എന്നീ മേഖലകളിലെല്ലാം വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അനുമതി നല്‍കണമെന്ന് അല്‍വലീദ് പറയുന്നു. വനിതകള്‍ക്ക് ഡ്രൈവിങ്ങിന് അവസരം നല്‍കുന്നത് അവരുടെ ജോലിയില്‍ പുരോഗതിയുണ്ടാകാന്‍ കാരണമാകുമെന്നും അതൊരു 'സാമൂഹിക ആഡംബരം' അല്ല, മറിച്ച് 'അനിവാര്യത' ആണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, മറ്റൊരു രാജകുമാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിന്റെ നിലപാടില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് അല്‍വലീദിന്റെ അഭിപ്രായം. വനിതകള്‍ ഡ്രൈവ് ചെയ്യുന്നത് തനിക്ക് വിശ്വസിക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സൗദിയിലെ അടുത്ത കിരീടാവകാശിയുടെ പിന്‍ഗാമിയാണ് ഇദ്ദേഹം. കഴിഞ്ഞ ഏപ്രിലില്‍ ആയിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്.