ടിപ്പു ജയന്തി കാലത്തെ സംഘപരിവാർ രാഷ്ട്രീയം അഥവാ സംഘപരിവാറിന്റെ ടിപ്പു വിരുദ്ധ ചരിത്ര നിർമിതി

ലോകമെങ്ങും സഞ്ചരിച്ച് സെൽഫിയെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം അടിയന്തിരമായി സന്ദർശിക്കണം. അവിടെയൊരു പ്രദർശന വസ്തുവുണ്ട്. മൈസൂർ വ്യാഘ്രമായ ടിപ്പുവിന്റെ പ്രതീകം ബ്രിട്ടീഷുകാരന്റെ കൊല്ലാനൊരുങ്ങുന്ന രൂപത്തിൽ തയ്യാറാക്കിയ പാവ. വെറുമൊരു കളിപ്പാട്ടമല്ലത് . വ്യാഘ്രം അലറുന്നതിനുസരിച്ച് പേടിച്ചു വിറച്ച് പിടയുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വമാണത്. അതിന്റെ മുന്നിൽ നിന്നും മോദി ഒരു സെൽഫിയെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യണം, അതിനുള്ള ധൈര്യം മോദിക്കുണ്ടാവില്ല, തീർച്ച!

ടിപ്പു ജയന്തി കാലത്തെ സംഘപരിവാർ രാഷ്ട്രീയം അഥവാ സംഘപരിവാറിന്റെ ടിപ്പു വിരുദ്ധ ചരിത്ര നിർമിതി

തികച്ചും സമാധാനപരമായ  അന്തരീക്ഷത്തിൽ പോലും വർഗീയ പ്രശ്നങ്ങൾ നിർമിച്ചെടുക്കാൻ കഴിവുള്ളവരാണ് സംഘപരിവാർ. അതു പലപ്പോഴും അവർ തെളിയിച്ചിട്ടുള്ളതാണ്. ആട്ടിറച്ചി പോലും മറ്റൊന്നാക്കാനുള്ള കഴിവുള്ളവർ. അത്തരം ആളുകൾക്ക് മുന്നിലേക്കാണ് 'ടിപ്പു ജയന്തി' പോലൊന്നു വീണു കിട്ടുന്നത്. ചരിത്രവും വസ്തുതകളെയും മാത്രമല്ല ഭൂമിശാസ്ത്രം പോലെ കണ്മുന്നിൽ തെളിവു  കിടക്കുന്നതിനെപ്പോലും മാറ്റി മറിക്കാൻ കഴിയുന്ന സംഘപരിവാറിന് ടിപ്പു ജയന്തികൊണ്ട് പലതും ആളിക്കത്തിക്കാൻ കഴിയും. പ്രത്യേകിച്ചും തെന്നിന്ത്യയിലെ ആദ്യ ബിജെപി സർക്കാരിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ മതേതര സർക്കാർ എതിർ വശത്തു നിൽക്കുമ്പോൾ.


ഗോഡ്‌സെ ജയന്തി ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് ടിപ്പു ജയന്തി ഒരു ആവശ്യകത തന്നെയാണ്. ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയാണോ അല്ലയോ എന്നുള്ള സാങ്കേതികത്വമാണ് ആട്ടിൻതോൽ അണിഞ്ഞുകൊണ്ടു സംഘപരിവാർ ചോദിക്കുന്നത്. അഫ്ഗാൻ അതിർത്തികൾക്കും അപ്പുറത്ത് നിന്നു പ്രാചീന ഇന്ത്യയുടെ ഭൂഭാഗങ്ങളെ ആക്രമിക്കാൻ എത്തിയ മുസ്ലിം പേരുള്ള രാജാക്കന്മാരോട് യുദ്ധം ചെയ്ത ഹിന്ദു നാമമുള്ള നാട്ടുരാജാക്കന്മാർ സംഘപരിവാറിന് സ്വാതന്ത്ര സമര സേനാനികളാകുമ്പോൾ ജീവിതത്തിൽ ഒരിക്കൽ പോലും ബ്രിടീഷുകാർക്കു മുന്നിൽ മുട്ടുമടക്കാത്ത ടിപ്പുവിനെ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ എന്താണ് തെറ്റ്? ഉത്തരേന്ത്യൻ രാജാക്കന്മാരായിരുന്ന റാണാ പ്രതാപിനും ശിവജിക്കും സ്വാതന്ത്ര്യ സമരസേനാനികളാവാം. എന്നാൽ ടിപ്പുവിന് അതായിക്കൂടാ എന്നാണു വാദം.
ടിപ്പുവിന്റെ മതം ചൂണ്ടിക്കാണിച്ചാണ് സംഭപരിവാർ കോലാഹലമുണ്ടാക്കുന്നത്. വർഗീയവാദിയായ നാട്ടുരാജാവായിരുന്നു ടിപ്പു എന്നാണു വാദം. സംഘപരിവാറിന്റെ ടിപ്പു വിരോധത്തിന് കാലമേറെ പഴക്കമുണ്ട്. വിപി സിംഗിന്റെ ഭരണകാലത്ത് ഭഗവാൻ ഗിദ്വാനിയുടെ പ്രശസ്തമായ സാഹിത്യകൃതിയെ ആസ്പദമാക്കി സഞ്ജയ്ഖാൻ സംവിധാനം ചെയ്ത 'ടിപ്പു സുൽത്താന്റെ വാൾ' എന്ന ടെലിസീരിയൽ ആർഎസ്എസ് മുടക്കിയിരുന്നു. തുടർന്ന് 'ടിപ്പുവിന്റെ വാളിന്റെ' ആധികാരികത പരിശോധിക്കാൻ റോമിലാ ഥാപ്പറെ ചുമതലപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.

എന്നാൽ ആർഎസ്എസ് ഇതും എതിർത്തു. പിന്നീട് 'ഓർഗനൈസർ' വാരികയുടെ മുൻ പത്രാധിപർ കെ ആർ മൽക്കാനിയെ ഇതിനായി ചുമത്തപ്പെടുത്തി. എന്നാൽ മൽക്കാനി നൽകിയ റിപ്പോർട് അക്ഷരാർത്ഥത്തിൽ സംഘപരിവാറിനെ ഞെട്ടിക്കുന്നതായിരുന്നു. ടിപ്പു രാജ്യസ്നേഹിയാണെന്നും ടിപ്പുവിന്റെ ഭരണം മികച്ചതായിരുന്നുവെന്നും സംസ്കാര സമ്പന്നനായ രാജാവായിരുന്നു ടിപ്പുവെന്നും മൽക്കാനി റിപ്പോർട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ സീരിയൽ സംപ്രേഷണം പുനരാരംഭിച്ചു.  ഇതു  വിസ്മരിച്ചുകൊണ്ട് ടിപ്പുവിന്റെ ചരിത്രം വക്രീകരിക്കുന്നതിൽ നിന്നും സംഘപരിവാർ പിന്നോക്കം പോയതേയില്ല എന്നുള്ളതാണ് വസ്തുത.
പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു നടത്തിയ പടയോട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് വ്യാജചരിത്ര നിർമിതി. വിവാഹസമ്മാനമായി എന്തുവേണം എന്ന് ചോദിച്ച പിതാവിനോട് പുസ്തകശാല ആവശ്യപ്പെട്ട ടിപ്പുവിനെ സംസ്കാര ശൂന്യനും വിവരമില്ലാത്തവനുമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. ചരിത്രപരമായ യാതൊരുവിധ തെളിവുകളും ഇല്ലാതെ ടിപ്പു വിരോധികളായ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ നടത്തത്തിയ ജൽപനങ്ങളും മറ്റും അടിസ്ഥാനപ്പെടുത്തിയാണ് സംഘപരിവാറിന്റെ ചരിത്ര നിർമിതി.

1784 ൽ ടിപ്പു മംഗലുരുവിലെ മിലാഗ്രസ് ചർച്ച് തകർത്തുവെന്നും ബ്രിട്ടീഷ് ചാരന്മാർ എന്നുവിളിച്ചു ക്രിസ്ത്യാനികളെ ജയിലിലടച്ചുവെന്നും ആരോപിച്ചുകൊണ്ട് യുണൈറ്റഡ് ക്രിസ്ത്യൻ അസോസിയേഷനും സംഘപരിവാറിനൊപ്പമുണ്ട്. 2008ൽ കർണാടകയിലെ തന്നെ ക്രിസ്ത്യൻ പള്ളികളെ ആക്രമിച്ച സംഘപരിവാറിനൊപ്പമാണ് ഇവരുടെ ടിപ്പു വിരുദ്ധ കൂട്ടണി എന്ന് നോക്കുക. 2013ൽ ശ്രീരംഗപട്ടണത്തെ സെൻട്രൽ യൂണിവേഴ്‌സിറ്റിക്ക് ടിപ്പുവിന്റെ പേരു  നൽകാൻ ശ്രമിച്ചപ്പോൾ അതിനെ എതിർത്തതുകൊണ്ടാണ് ഈ കൂട്ടുകെട്ടു  രംഗത്തുവരുന്നത്. ഇപ്പോൾ ടിപ്പു ജയന്തിക്കെതിരെയും ഇതേ കൂട്ടുകെട്ടു പ്രവർത്തിക്കുന്നുണ്ട്.
ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ചു തകർത്ത മതഭ്രാന്തനായി ടിപ്പുവിനെ ചിത്രീകരിക്കുന്ന സംഘപരിവാർ, ബോധപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചില ചരിത്ര ഏടുകളുണ്ട്. 1782 ൽ മാറാത്ത സൈന്യം രഘുനാഥറാവു പട്‍വർദ്ധൻ എന്ന സൈനികത്തലവന്റെ നേതൃത്വത്തിൽ ശ്രംഗേരി മഠം ആക്രമിച്ചു. മഠവും ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും സന്യാസിമാരെ കൊല്ലുകയും ചെയ്തു. അപ്പോൾ മഠാധിപതി ജഗദ്ഗുരു സച്ചിദാനന്ദ ഭാരതി അപേക്ഷിച്ചതനുസരിച്ച് സൈന്യത്തെ അയച്ച് മഠവും ക്ഷേത്രങ്ങളും തിരിച്ചുപിടിച്ചതും സംരക്ഷിച്ചതും ടിപ്പുവായിരുന്നു. 156 ക്ഷേത്രങ്ങൾ  ഇഷ്ടദാനമായി നല്‍കിയ ഭരണാധികാരിയാണ് ടിപ്പു. തന്റെ രാജ്യതലസ്ഥാനമായ ശ്രീരംഗപട്ടണത്തെ കോട്ടയ്ക്കകത്തെ ശ്രീരംഗദേവനെ പ്രഭാതത്തില്‍ കുളിച്ചുവണങ്ങുക എന്നത് ടിപ്പുവിന്റെ പതിവായിരുന്നു. ടിപ്പുവിന്റെ ഭരണ സംവിധാനത്തിൽ സർവ്വ സൈന്യാധിപൻ കൃഷ്ണറാവുവും പ്രധാനമന്ത്രി പൂർണ്ണയ്യയും ഉൾപ്പെടെ നിരവധി ഹിന്ദുക്കൾ ഉണ്ടായിരുന്നു.

ബെംഗളൂരു വിമാനത്താവളത്തിനു ടിപ്പുവിന്റെ പേര്  നൽകണമെന്ന് ആവശ്യപ്പെട്ട പ്രസിദ്ധ സാഹിത്യകാരൻ ഗിരീഷ് കർണാടിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും സംസ്ഥാന സർക്കാർ നടത്തുന്ന ടിപ്പു ജയന്തിയെ എതിർക്കുന്നതുമെല്ലാം മോദി ഭരണത്തിന്റെ കീഴിലാണ്.

ലോകമെങ്ങും സഞ്ചരിച്ച് സെൽഫിയെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയം അടിയന്തിരമായി സന്ദർശിക്കണം. അവിടെയൊരു പ്രദർശന വസ്തുവുണ്ട്. മൈസൂർ വ്യാഘ്രമായ ടിപ്പുവിന്റെ പ്രതീകം  ബ്രിട്ടീഷുകാരന്റെ കൊല്ലാനൊരുങ്ങുന്ന രൂപത്തിൽ തയ്യാറാക്കിയ  പാവ. വെറുമൊരു കളിപ്പാട്ടമല്ലത് . വ്യാഘ്രം അലറുന്നതിനുസരിച്ച് പേടിച്ചു വിറച്ച് പിടയുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വമാണത്. അതിന്റെ മുന്നിൽ നിന്നും മോദി ഒരു സെൽഫിയെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യണം, അതിനുള്ള ധൈര്യം മോദിക്കുണ്ടാവില്ല, തീർച്ച!