ആദ്യ ലൈംഗികാനുഭവമല്ല; ആദ്യ കയ്യേറ്റമെന്നു തന്നെ വിളിക്കൂ: മെമ്മറീസ് ഓഫ് എ മെഷീന്‍ വിമര്‍ശിക്കപ്പെടുന്നു

ശിശുപീഡനത്തെ ന്യായീകരിച്ചു എന്ന പേരില്‍ വിമര്‍ശിക്കപ്പെടുന്ന മലയാളം ഷോര്‍ട്ട് ഫിലിം 'മെമ്മറീസ് ഓഫ് എ മെഷീന്‍' -കാഴ്ചപ്പാടുമായി സന്ധ്യ കെ പി

ആദ്യ ലൈംഗികാനുഭവമല്ല; ആദ്യ കയ്യേറ്റമെന്നു തന്നെ വിളിക്കൂ: മെമ്മറീസ് ഓഫ് എ മെഷീന്‍ വിമര്‍ശിക്കപ്പെടുന്നു

നാദാപുരം പാറക്കടവില്‍ നാല് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍, പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ച സ്‌കൂള്‍ മാനേജര്‍ പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്കെതിരെ പോലീസ് കേസെടുത്തതും നമ്മളൊക്കെ അയാളെ വിമര്‍ശിച്ചതും രണ്ടു വര്‍ഷം മുമ്പാണെന്നു തോന്നുന്നു. ഇന്നലെ മെമ്മറീസ് ഓഫ് എ മെഷീന്‍ എന്ന ഹ്രസ്വ ചിത്രം കണ്ടപ്പോള്‍ വീണ്ടും ഓര്‍ത്തു. മൂന്നാം ക്ലാസുകാരിക്കുണ്ടായ ആദ്യ 'ലൈംഗികാനുഭവം'! ആദ്യാനുരാഗം എന്നൊക്കെ പറയുന്നതു പോലെ എത്ര എളുപ്പത്തിലാണ് ആദ്യ കയ്യേറ്റത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞത്.


ഹോസ്റ്റലുകളിലെ രാത്രി ചര്‍ച്ചകള്‍ ഒരിക്കല്‍ വിഷയം മാറി ചൈല്‍ഡ് അബ്യൂസില്‍ എത്തിയപ്പോഴാണ് ഞാന്‍ മാത്രമല്ല, എനിക്കു ചുറ്റുമുള്ള ഓരോ പെണ്‍കുട്ടിയും കടന്നു വന്നിരിക്കുന്നത് ഇത്തരം ക്രൂരമായ അനുഭവങ്ങളിലൂടെയാണ് എന്നു തിരിച്ചറിഞ്ഞത്. വര്‍ഷങ്ങള്‍ക്കു ശേഷവും അതു നല്‍കുന്ന അരക്ഷിതാവസ്ഥ, തനിക്കു സംഭവിച്ചതു തുറന്നു പറയാനും, ഒരിക്കല്‍ കൂടി ലോകത്തെ വിശ്വസിക്കാനുള്ള അധൈര്യം... ചേര്‍ത്തു പിടിച്ച് 'പേടിക്കേണ്ട, ഒന്നുമില്ല' എന്നു പറയാനാരുമില്ലെന്ന തിരിച്ചറിവില്‍ നിന്നുമുണ്ടാകുന്ന നിസ്സഹായത... അതൊന്നും പറഞ്ഞു മനസിലാക്കിത്തരാനാകില്ല.

[caption id="attachment_62601" align="alignleft" width="321"]sandhya മാധ്യമപ്രവര്‍ത്തകയും ജെന്‍ഡര്‍ സ്റ്റഡീസില്‍ വിദ്യാര്‍ത്ഥിയുമാണ് സന്ധ്യ കെപി[/caption]

പിന്നെ, ബാല പീഡനത്തിനു ശേഷം അത് ആസ്വദിച്ച എത്ര പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്തിട്ടുണ്ടെന്നും, ആ 'മഹാപരാധ'ത്തിന് എത്ര പേരെ വീട്ടുകാര്‍ കല്ല്യാണം കഴിപ്പിച്ചിട്ടുണ്ടെന്നും അറിഞ്ഞുകൂടാ. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കനി കുസൃതി പറഞ്ഞത്, താന്‍ ഒരു അഭിനേതാവാണെന്നും തന്റെ ജോലി അഭിനയം മാത്രമാണെന്നുമായിരുന്നു. ഈ ബുദ്ധി കുറച്ചു നേരത്തേ പറഞ്ഞിരുന്നെങ്കില്‍, 'അട്ടപ്പാടികള്‍ ലുലുമാളില്‍ കയറിയതു പോലെ' എന്നു പറഞ്ഞതിനും, 'നീ വെറുമൊരു പെണ്ണായിപ്പോയി' എന്നു പറഞ്ഞതിനും വിമര്‍ശിക്കപ്പെട്ടപ്പോള്‍, മോഹന്‍ലാലിനും മമ്മൂട്ടിക്കും കൂടി ഇത്തരത്തില്‍ പറഞ്ഞ് തടിതപ്പാമായിരുന്നു.

എന്തെന്നാല്‍, അഭിനയം എന്നതു സാമൂഹിക പ്രതിബദ്ധത അരികില്‍കൂടി പോലും പോകേണ്ടതായിട്ടില്ലാത്ത ഒരു കലയാണത്രെ! വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികള്‍ ബാലപീഡനത്തിന് ഇരയാകുന്നുണ്ട്. പീഡിപ്പിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ മുഴുവന്‍ കുഞ്ഞുങ്ങളുടെയും മുഖത്തു നോക്കിക്കൊണ്ടു നിങ്ങള്‍ ചിരിച്ച ചിരിയുണ്ടല്ലോ, നന്നായിട്ടുണ്ട്.

മനസിലായ മറ്റൊരു കാര്യം, നമ്മളില്‍ പലരും വിയോജിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ വിമര്‍ശിപ്പെടേണ്ടവരുടെ ക്ലാസ് കൂടി നോക്കുന്നുണ്ടെന്നതാണ്. സമൂഹത്തിലെ അംഗീകൃത ബുദ്ധിജീവികള്‍ക്ക് അടുപ്പിലുമാകാം എന്നാണല്ലോ. ബോധമുള്ളൊരു സമൂഹത്തിലാണെങ്കില്‍, അകത്തു പോകേണ്ട കേസാണ്. കലാസൃഷ്ടികള്‍ എന്ന പേരിലുള്ള ഇത്തരം പടപ്പുകള്‍ അബ്യൂസ് ചെയ്യുന്ന ആളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, മുകളില്‍ പറഞ്ഞ സഖാഫിയെ പോലുള്ളവരുടെ വിവരക്കേടിനെ ബലപ്പെടുത്തുക കൂടി ചെയ്യും. ഓരോ പെണ്‍കുട്ടിയും (ആണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നല്ല) തന്റെ 'മെമ്മറീസ്' പങ്കുവച്ചാല്‍, അതു നിങ്ങള്‍ക്കൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരിക്കും.