സമസ്ത അയഞ്ഞു; പി കെ ഫിറോസ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാകും; ഇത്തവണയും സമിതിയില്‍ വനിതയില്ല

മത്സരമുണ്ടായാല്‍ പോലും പി കെ ഫിറോസ് വിജയിക്കുമെന്നാണ് കരുതുന്നത്. ഏറെക്കുറെ എല്ലാ ജില്ലാക്കമ്മിറ്റികളും ഫിറോസിനൊപ്പമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫിറോസിനെതിരെ മത്സരിക്കാന്‍ ആരും തയ്യാറുമല്ല.

സമസ്ത അയഞ്ഞു; പി കെ ഫിറോസ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാകും; ഇത്തവണയും സമിതിയില്‍ വനിതയില്ല

കോഴിക്കോട്: പാണക്കാട് നടന്ന ചര്‍ച്ചയുടെ അനന്തരഫലമായി പി കെ ഫിറോസിനെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റാക്കാന്‍ തത്വത്തില്‍ ധാരണയായി. സമസ്തയുടെ നേതാക്കളും പങ്കെടുത്ത് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ 12 വരെ കോഴിക്കോട്ടാണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം.

പി കെ ഫിറോസിനെ പ്രസിഡന്റാക്കാനും നിലവില്‍ യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറിയായ എം എ സമദിനെ സംസ്ഥാന സെക്രട്ടറിയാക്കാനുമാണ് ധാരണ. അഷ്‌റഫലി ട്രഷറര്‍ ആയേക്കുമെന്നും സൂചനയുണ്ട്. അതേസമയം സംസ്ഥാന കമ്മിറ്റിയില്‍ ഇത്തവണയും വനിതാപ്രാതിനിധ്യം വേണ്ടതില്ലെന്നാണ് മുസ്ലിംലീഗ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അത് യൂത്ത് ലീഗ് അംഗീകരിക്കുകയും ചെയ്തു.


പി കെ ഫിറോസിനെ യൂത്ത് ലീഗ് പ്രസിഡന്റാക്കുന്നതിനെതിരെ സമസ്ത രംഗത്ത് വന്നിരുന്നു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കണമെന്നതിലുൾപ്പടെ ഫിറോസ് എടുക്കുന്ന ചില നിലപാടുകളാണ് സമസ്തയ്ക്ക് ഫിറോസ് അനഭിമതനാകാന്‍ കാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഫിറോസിന്റെ ടിക്കറ്റ് സമസ്ത ഇടപെട്ട് വെട്ടിയിരുന്നു. കാന്തപുരം വിഭാഗത്തിന്റെ അടുത്തയാളെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളും ഫിറോസ് നേരിട്ടിരുന്നു.

ഇതിനിടെ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് നജീബ് കാന്തപുരത്തെ യൂത്ത് ലീഗ് പ്രസഡിന്റാക്കണമെന്ന ആവശ്യമുയര്‍ത്തി. എന്നാല്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള കോഴിക്കോട്, മലപ്പുറം ജില്ലാ കമ്മിറ്റികള്‍ ഫിറോസിനു വേണ്ടി ഉറച്ചുനിന്നു. യൂത്ത് ലീഗ് ഭാരവാഹികളുടെ പ്രായം 40 ആക്കി നിജപ്പെടുത്തിയതിനാല്‍ നജീബ് കാന്തപുരത്തിന് സാങ്കേതികമായി മത്സരിക്കാന്‍പോലും കഴിയാത്ത അവസ്ഥയായി.

സംസ്ഥാന സമ്മേളത്തിനുശേഷം ചേരുന്ന കൗണ്‍സിലിലാണ് പുതിയ ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുക്കുക. കെ ടി ജലീലിന് ശേഷം സംഘടനയില്‍ പി കെ ഫിറോസിനെപ്പോലെ ഇത്രയും പൊതു സ്വീകാര്യനായ നേതാവ് ഉണ്ടായിട്ടില്ല. സ്വതന്ത്ര അഭിപ്രായങ്ങളാണ് പലപ്പോഴും ഫിറോസിന് വിനയാകാറുള്ളതും. ഫിറോസിനെ ഒതുക്കുന്നതിന്റെ ഭാഗമായി യൂത്ത് ലീഗ് അഖിലേന്ത്യ കോര്‍ഡിനേറ്റര്‍ എന്ന അപ്രധാന സ്ഥാനത്ത് നിയമിച്ചപ്പോള്‍ത്തന്നെ സംഘടനയില്‍ നിന്ന് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

സമ്മേളനത്തിനുശേഷം നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ മത്സരമുണ്ടായാല്‍ പോലും പി കെ ഫിറോസ് വിജയിക്കുമെന്നാണ് കരുതുന്നത്. കാരണം ഏറെക്കുറെ എല്ലാ ജില്ലാക്കമ്മിറ്റികളും ഫിറോസിനൊപ്പമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫിറോസിനെതിരെ മത്സരിക്കാന്‍ സംഘടനയില്‍ ആരും തയ്യാറുമല്ല.

സമസ്തയുടെ നിലപാട് പ്രധാനമാണ്. സമസ്തയെ തൃപ്തിപ്പെടുത്താന്‍ കാന്തപുരത്തെ ഒറ്റപ്പെടുത്തണമെന്ന നിലപാടും പരസ്യമായിത്തന്നെ യൂത്ത് ലീഗ് പ്രകടിപ്പിച്ചിട്ടുണ്ട്.

Read More >>