ഓടണ്ട ഡ്രൈവറേ പിന്നാലെ എസ്ഐ ജെര്‍ട്ടീനയുണ്ട്!

മദ്യലഹരിയില്‍ ലക്കും ലഗാനുമില്ലാതെ മരണ ഓട്ടം നടത്തിയ ബസ് ഡ്രൈവറെ പിന്തുടര്‍ന്ന് പിടികൂടിയ ആലുവയിലെ വനിതാ എസ്ഐ ജെര്‍ട്ടിനാ ഫ്രാന്‍സിസ്.

ഓടണ്ട ഡ്രൈവറേ പിന്നാലെ എസ്ഐ ജെര്‍ട്ടീനയുണ്ട്!

കേറ്റടാ ദാ.... എന്റെ നെഞ്ചത്തേക്കു തന്നെ കയറ്റ്...

ഈ മലരുകള്‍ മാനത്തു നോക്കിയാണോ വണ്ടി ഓടിക്കണേ...
വെളളം അടിച്ചു വണ്ടി ഓടിക്കുന്നവന് നല്ല ഇടി കൊടുക്കണം. സാറെ നല്ല മുട്ടന്‍ ഇടി...

കൊച്ചിയിലെ സ്വകാര്യ ബസില്‍ കയറിയാല്‍ തെറി കൂടി ചേര്‍ത്ത് കേള്‍ക്കുന്ന സാധാരണക്കാരുടെ രോദനങ്ങളാണ് ഇത്. കൊച്ചിയില്‍ പൊതുവെ രണ്ട് ശല്യങ്ങളാണ് ഉളളത്. ഒന്ന് പട്ടണത്തിലിറങ്ങിയാല്‍ കൊത്തിപ്പറിക്കുന്ന കൊതുക്. രണ്ട് മദ്യലഹരിയില്‍ റോക്കറ്റിനെക്കാള്‍ വേഗതയില്‍ സ്വകാര്യ ബസ് പായിക്കുന്ന ഡ്രൈവര്‍മാര്‍.അപകടങ്ങളുടെ ചോരതെറിപ്പിച്ച് പായുന്ന സകല ബസുകളോടുമുള്ള പ്രതിഷേധത്തിന്റെ ശബ്ദം എവിടെയും ഉയരുകയാണ്. നിലയ്ക്കു നിര്‍ത്താന്‍ നിയമം ഇല്ലാത്തതിനാലല്ല. നിയമം നടപ്പാക്കാന്‍ പ്രത്യേകിച്ചാരും താല്‍പ്പര്യമെടുക്കാറില്ലെന്നു മാത്രം. ആലുവയില്‍ അതിന് മാറ്റമുണ്ടായിരിക്കുന്നു.

മദ്യലഹരിയില്‍ ലക്കുലഗാനുമില്ലാതെ മരണ ഓട്ടം നടത്തിയ ബസ് ഡ്രൈവറെ പിന്തുടര്‍ന്ന് പിടികൂടിയ ആലുവയിലെ വനിതാ എസ്ഐ ജെര്‍ട്ടിനാ ഫ്രാന്‍സിസ്. ജനങ്ങളുടെ ജീവിതം വച്ചു പന്ത് കളിക്കുന്ന ഇവന്‍മാരുടെ മൂക്കിനിട്ടു തന്നെ ഇടിക്കണം. ഇനി വെളളമടിച്ചു കൊണ്ട് സ്റ്റീയറിംഗില്‍ തൊടാന്‍ പോലും ഇവന്‍മാര്‍ ധൈര്യം കാണിക്കരുത്- നാട്ടുകാര്‍ പറയുന്നു.

ഞായാറാഴ്ചയായാല്‍ ബസിനും ലഹരി

കൊച്ചിയില്‍ മദ്യ ലഹരിയില്‍ വണ്ടി ഓടിക്കുന്നത് പതിവ് കാഴ്ചയാണ്. ഞായറാഴ്ചയായാല്‍ പറയുകയും വേണ്ടെന്ന് പോലീസ് പറയുന്നു. ബിവേറേജിന്റെ മുന്‍പില്‍ സഹായി ക്യൂ നിന്ന് വാങ്ങി കൊണ്ടു വരുന്ന മദ്യം വിളമ്പാന്‍ ബസില്‍ തന്നെ ഗ്ലാസും ടച്ചിങ്ങ്സും ഒക്കെ സജ്ജീകരിച്ചിട്ടുണ്ടാകും. കേരളത്തില്‍ വാഹനപകടങ്ങള്‍ മൂലം സംഭവിക്കുന്ന മരണനിരക്കിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനമാണ് കൊച്ചിക്ക്. ഭൂരിഭാഗം അപകടങ്ങളും മദ്യവും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണ്. സ്വകാര്യ ബസുകളുടെ മരണപാച്ചിലു കൊണ്ടും കൊച്ചിയില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനയാണ് ഉളളത്.

മദ്യ ലഹരിയില്‍ പാഞ്ഞവര്‍ കുടുങ്ങിയത് ഇങ്ങനെ

ജെര്‍ട്ടീന പറയുന്നു: ഞായറാഴ്ച ഉച്ചയോടെ പന്ത്രണ്ട് മണിയോടു കൂടിയാണ് ഞാനും എഎസ്ഐ ശശി സാറും കൂടി മാര്‍ക്കറ്റ് റോഡില്‍ കരോത്തുകുഴി കവല കഴിഞ്ഞുളള ഭാഗത്ത് വാഹന പരിശോധന നടത്തിയത്. ആലുവ- എറണാകുളം റൂട്ടില്‍ ഓടുന്ന ലക്ഷമിഗൗരി എന്ന ബസ് യൂണിഫോം ധരിക്കാതെ ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ കൈ കാണിച്ചുവെങ്കിലും നിര്‍ത്തിയില്ല. ബസിന്റെ പിന്നാലെ ജീപ്പുമായി പിന്തുടരുകയായിരുന്നു. ഇതിനിടെ ബസ് സ്റ്റാന്‍ഡിന്റെ എന്‍ട്രന്‍സില്‍ ബസ് നിര്‍ത്തി ഡൈവര്‍ ഇറങ്ങിയോടി.ഇയാളെ ഞാന്‍ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. നല്ലവണ്ണം കുടിച്ചിരുന്നു. ഞാന്‍ ബസിലെ സഹായി മാത്രമാണ് സാറെ എന്നായിരുന്നു അയാള്‍ പറഞ്ഞത്. ബസ് ഡ്രൈവര്‍ റിഷാദിനെ ഫോണില്‍ വിളിച്ചു വരുത്തി അയാളും നന്നായി മദ്യപിച്ചിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് ആറുമാസത്തിനിടെ അന്‍പതോളം ഡ്രൈവര്‍മാരാണ് ആലുവയില്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കൃഷിക്കാരന്റെ രണ്ടു പെണ്‍മക്കളും പോലീസ്

രാമപുരം കുണുങ്ങി എന്ന ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ജെര്‍ട്ടിനയുടെ പിതാവ് സി.ടി ഫ്രാന്‍സിസ് കൃഷിക്കാരനായിരുന്നു. ചെമ്മീന്‍കെട്ട് ഒക്കെ ഉണ്ടായിരുന്ന ഫ്രാന്‍സിസിന് തന്റെ മക്കളെ പോലീസാക്കണമെന്ന് അടങ്ങാത്ത ആഗ്രഹമായിരുന്നു. ജെര്‍ട്ടിനയുടെ ചേച്ചി ഷാജി ഫ്രാന്‍സിസും ആലപ്പുഴയില്‍ എസ്ഐയാണ്. നാല് ആണുങ്ങളും രണ്ട് പെണ്‍മക്കളുമുളള ഫ്രാന്‍സിസിന്റെ രണ്ട് പെണ്‍മക്കളാണ് പോലീസായത്. മര്‍മ്മ ചികിത്സ നടത്തുന്ന ജോയിസണ്‍ അഗസ്റ്റീനാണ് ജെര്‍ട്ടീനയുടെ ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളും ഒരു പെണ്‍മക്കളും ഉണ്ട് ജെര്‍ട്ടീനയക്ക്. 1991ല്‍ സര്‍വ്വീസില്‍ കയറിയ ജെര്‍ട്ടീന അഞ്ചുവര്‍ഷം മുന്‍പാണ് എസ്ഐയായത്.

സ്പോര്‍ട്സില്‍ സജീവമായിരുന്ന ജെര്‍ട്ടീനയെ ഓടിതോല്‍പ്പിക്കാമെന്ന് മദ്യപിച്ച് യാത്രക്കാരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു ബസ് ഡ്രൈവറും കരുതണ്ട. പ്രതികളെ ഓടിച്ചിട്ട് പിടികൂടുന്നത് തെറ്റല്ലേയെന്ന് ചോദിച്ചേക്കാം. യാത്രാ ബസ് ഓടിക്കാനുള്ള ലൈസന്‍സലില്ലാതെ നിറയെ യാത്രക്കാരുമായി മദ്യപിച്ച് ഡ്രൈവ് ചെയ്തയാളെ രക്ഷപെടാന്‍ അനുവദിക്കണോ എന്ന ചോദ്യം അതിനൊപ്പം തന്നെയുണ്ട്. കുറ്റം ചെയ്തശേഷം ഓടിരക്ഷപെടാമെന്ന വ്യാമോഹം ആലുവ സ്റ്റേഷന്‍ പരിധിയിലെങ്കിലും ഇനി നടപ്പില്ല.

Read More >>