കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ളത് 3000 കോടിയുടെ കള്ളപ്പണം

സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലായി പൂഴ്ത്തിയിരിക്കുന്നത് 3000ഓളം കോടിയുടെ കള്ളപ്പണമാണെന്ന് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. കോഴിക്കോട് സര്‍ക്കിളില്‍ മാത്രം ഏകദേശം 150 കോടിയുടെ കള്ളപ്പണമാണ് ഈ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.

കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ളത് 3000 കോടിയുടെ കള്ളപ്പണം

കോഴിക്കോട്: കള്ളപ്പണം സ്വിസ് ബാങ്കുകളില്‍ മാത്രമല്ല, കേരളത്തിലെ സഹകരണ ബാങ്കുകളിലും. സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലായി പൂഴ്ത്തിയിരിക്കുന്നത് 3000ഓളം കോടിയുടെ കള്ളപ്പണമാണെന്ന് ആദായനികുതിവകുപ്പിന്റെ കണ്ടെത്തല്‍. എന്നാല്‍ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്ക് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. കോഴിക്കോട് സര്‍ക്കിളില്‍ മാത്രം ഏകദേശം 150 കോടിയുടെ കള്ളപ്പണമാണ് ഈ വര്‍ഷം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.


നിക്ഷേപകന്‍ പണത്തിന്റെ നികുതി അടയ്ക്കാതിരിക്കുകയും അതിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ തുക പൂര്‍ണമായും തങ്ങള്‍ പിടിച്ചെടുക്കുമെന്ന് കോഴിക്കോട് ജില്ലാ ആദായനികുതി വകുപ്പ് കമ്മീഷണര്‍ പിഎന്‍ ദേവദാസന്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ സാമ്പത്തിക നിയമലംഘനത്തിന് കേസെടുത്തുകഴിഞ്ഞാല്‍ കോടതിയില്‍ ഹാജരാക്കുകയും ശക്തമായ ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വരുമാനത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുകയും ആദായനികുതി അടയ്ക്കാതിരിക്കുകയും ചെയ്ത 11,000 പേര്‍ക്കാണ് ഈ വര്‍ഷം മലബാറില്‍ നോട്ടീസ് നല്‍കിയത്. ഇത്തരക്കാരില്‍ നിന്നായി 29.62 കോടിയാണ് തങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ നോട്ടീസിന് മറുപടി നല്‍കാത്ത 4000 പേര്‍ വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും ദേവദാസന്‍ വ്യക്തമാക്കി. മാത്രമല്ല, 3000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള പുരയിടത്തില്‍ വീട് പണിയുന്നവര്‍ക്ക് തങ്ങളുടെ വരുമാന സ്രോതസ്സ് വെളിപ്പെടുത്തണമെന്നുകാട്ടി നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഇത്തരം വീടുകളില്‍ പലതും കള്ളപ്പണം കൊണ്ട് നിര്‍മിക്കുന്നവയാണ്. വരുമാന സ്രോതസ്സ് വെളിപ്പെടുത്താത്തതും ആദായനികുതി അടയ്ക്കാത്തതുമായ ഇത്തരം പുരയിടങ്ങള്‍ ജപ്തി ചെയ്യുന്നതടക്കമുള്ള നടപടികള്‍ ആദായനികുതി വകുപ്പ് സ്വീകരിക്കുമെന്നും കമ്മീഷണര്‍ പിഎന്‍ ദേവദാസന്‍ വ്യക്തമാക്കി.

അതേസമയം, വലിയ തോതിലുള്ള നികുതിവെട്ടിപ്പുകളെ പറ്റി വിവരമറിയിക്കുന്നവര്‍ക്ക് വകുപ്പ് പാരിതോഷികം നല്‍കുമെന്നും അവരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. നികുതി വെട്ടിപ്പുകളെ പറ്റി രേഖാമൂലം വിവരം നല്‍കുന്നയാള്‍ക്ക് ആ നികുതിയുടെ അഞ്ചു ശതമാനമാണ് പാരിതോഷികം നല്‍കുക.

കടപ്പാട്: Deccan Chronicle

Read More >>