'അച്ഛേ ദിന്‍' കാലത്ത് കണ്ടിട്ടും കാണാതെ പോകുന്ന അഴിമതി; ബിഎസ്എന്‍എല്‍- സിസ്‌കോ ഇടപാടില്‍ 300 കോടിയുടെ നഷ്ടം

ബിഎസ്എന്‍എല്ലിന് ഉപകരണങ്ങള്‍ വാങ്ങാനും അറ്റകുറ്റപണികള്‍ക്കും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ സിസ്‌കോയുമായി ചേര്‍ന്ന് 300 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഇടപാടുകളിലൂടെയാണ് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായത്.

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം വിപുലപ്പെടുത്താനുള്ള നാഷണല്‍ ഇന്റര്‍നെറ്റ് ബാക്ക്‌ബോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ പേരിലാണ് കോടി കണക്കിന് രൂപയുടെ തട്ടിപ്പ്. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഉപകരണങ്ങള്‍ വാങ്ങാനും അറ്റകുറ്റപണികള്‍ക്കും അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ സിസ്‌കോയുമായി ചേര്‍ന്ന് 300 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഇടപാടുകളിലൂടെയാണ് ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായത്.


ബിഎസ്എന്‍എല്ലിന്റേയും സിസ്‌കോയുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്‍തുക തട്ടിയെടുക്കുകയായിരുന്നു. 2015 ലാണ് നാഷണല്‍ ഇന്റര്‍നെറ്റ് ബാക്ക്‌ബോണ്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ബിഎസ്എന്‍എല്‍ സിസ്‌കോയുമായി ധാരണയിലെത്തിയത്. അഴിമതി സംബന്ധിച്ച് അമേരിക്കയിലേയും ഇന്ത്യയിലേയും ഓഫീസുകള്‍ കേന്ദ്രീകരിച്ച് സിസ്‌കോ അന്വേഷണം ആരംഭിച്ചു. കമ്പനിയുടെ യുകെ കേന്ദ്രീകരിച്ചുള്ള ഡയറക്ടര്‍ സ്റ്റീവ് വില്യംസിനും ഗ്ലോബല്‍ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെല്ലി ക്രാമര്‍ക്കുമാണ് അന്വേഷണചുമതല. അഴിമതി സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര ടെലികോം മന്ത്രാലയത്തിനും കേന്ദ്ര വിജിലന്‍സ് കമ്മീഷനും അറിവുണ്ടായിട്ടും അന്വേണത്തിന് തയ്യാറായിട്ടില്ല.

നാഷണല്‍ ഇന്റര്‍നെറ്റ് ബാക്ക്‌ബോണ്‍ ഇന്‍ഫ്രാസ്ട്രക്ച്ചറിനായി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള 95 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ സിസ്‌കോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രെസ്റ്റോ ഇന്‍േഫോ സൊല്യൂഷന് നല്‍കുകയായിരുന്നു. പ്രെസ്റ്റോ ഇന്‍ഫോ സൊല്യൂഷന്റെ സാമ്പത്തിക ശേഷിയോ വിലമൂല്യനിര്‍ണയമോ മറ്റ് കാര്യങ്ങളോ പരിശോധിക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാറായിട്ടില്ല. ഉപകരണങ്ങള്‍ വാങ്ങുന്നതിലോ സ്ഥാപിക്കുന്നതിലോ മുന്‍പരിചയമില്ലാത്ത സ്ഥാപനമാണ് പ്രെസ്റ്റോ ഇന്‍ഫോസൊലൂഷന്‍.

ടെണ്ടര്‍ വിളിക്കാതെ പര്‍ച്ചേസ് ഓര്‍ഡര്‍ പ്രെസ്റ്റോ ഇന്‍പോ സൊല്യൂഷന് നല്‍കിയത് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ ചട്ടങ്ങളുടെ ലംഘനവുമാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി എന്‍ഐബിയ്ക്ക് സിസ്‌കോ ഉപകരണങ്ങള്‍ നല്‍കിവരുന്നുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി റൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതും മെയിന്റനന്‍സും നടത്തിവരുന്നത് എച്ച്‌സിഎല്‍ കമ്പനിയാണ്. എച്ച്‌സിഎല്ലും ഈ രംഗത്ത് മുന്‍പരിചയമുള്ള വിപ്രോ, ഐബിഎം തുടങ്ങിയ മുന്‍പരിചയമുള്ള കമ്പനികളെ ഒഴിവാക്കിയാണ് 150 കോടി രൂപയുടെ വിറ്റുവരവ് മാത്രമുള്ള പ്രെസ്റ്റോയെ പര്‍ച്ചേസിംഗ് ഏല്‍പ്പിച്ചത്.

പര്‍ച്ചേസ് ഓര്‍ഡര്‍ ഇടപടിലൂടെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന് കൂടുതല്‍ വരുമാനം ലഭിക്കുമെന്നും സിസ്‌കോ ബോര്‍ഡിനെ കമ്പനി ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചെന്നും രേഖകള്‍ പറയുന്നു. എന്നാല്‍ 2016 മാര്‍ച്ച് 31 കഴിഞ്ഞിട്ടും പര്‍ച്ചേസ് നടപടികള്‍ പൂര്‍ത്തിയാക്കാതെ ബിഎസ്എന്‍എല്ലിന് സാമ്പത്തിക ലാഭം എങ്ങനെ കണക്ക്കൂട്ടാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

പ്രെസ്റ്റോ ഇന്‍ഫോസൊല്യൂഷന്‍ സിംഗപൂര്‍ ആസ്ഥാനമായ ഇന്‍ഗ്രാം മൈക്രോയ്ക്ക് പര്‍ച്ചേസിംഗ് ഓര്‍ഡര്‍ 50 കോടി രൂപയ്ക്ക് മറിച്ചു നല്‍കുകയായിരുന്നു. ഇതിലൂടെ 45 കോടിയുടെ അഴിമതി നടന്നെന്ന് വ്യക്തമാകുന്നു. ഇന്‍ഗ്രാം മൈക്രോ വഴി ബിഎസ്എന്‍എല്ലിനായി വാങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തനയോഗ്യമല്ലാത്തതോ കാലാവധി തീര്‍ന്നതോ ആണ്.

ഇപ്പോഴുള്ളതിനേക്കാള്‍ അധിക ഉപകരണങ്ങള്‍ വാങ്ങലും വാര്‍ഷിക അറ്റകുറ്റപണിയുമായി ബന്ധപ്പെട്ടാണ് രണ്ടാം ഘട്ട അഴിമതി നടക്കുന്നത്. 95 കോടി രൂപയുടെ അഴിമതി നടത്തിയ അതേ നടപടിക്രമങ്ങളിലൂടെയാണ് 200 കോടി രൂപയുടെ രണ്ടാംഘട്ട അഴിമതിയും നടന്നതെന്ന വിവരങ്ങളും പുറത്ത് വന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനോ ബിഎസ്എന്‍എല്ലും സിസ്‌കോയും തയ്യാറായിട്ടില്ല. അഴിമതിരഹിത ഭരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പല വേദികളിലും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ബിഎസ്എന്‍എല്ലുമായി ബന്ധപ്പെട്ട അഴിമതി കണ്ടില്ലെന്ന് നടിക്കാന്‍ കേന്ദ്രസര്‍ക്കാരിനാകില്ല.

Story by
Read More >>