കലിയുഗവരദനു കലികാലം... ശബരിമലയ്ക്കു പേരുമാറ്റം

ദക്ഷിണഭാരതത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. ഏതാനും ദിവസങ്ങള്‍ മുന്‍പുവരെ 'ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം' എന്നായിരുന്നു ഈ ദേവാലയത്തിനു പേര്. എന്നാൽ ഒരു വാറോലയിലൂടെ ഒറ്റദിവസം കൊണ്ട് ശബരിമലയുടെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കി മാറ്റപ്പെട്ടിരിക്കുന്നു. ലക്ഷോപലക്ഷം ഭക്തരുടെ വികാരമായ ശബരിമലയുടെ പേര് ഒരു ഉത്തരവിലൂടെ മാറ്റിയ നടപടി ദൈവനിഷേധമാണ്.

കലിയുഗവരദനു കലികാലം... ശബരിമലയ്ക്കു പേരുമാറ്റം

അച്ചന്‍കോവില്‍ അജിത്

കലിയുഗവരദനും കലികാലബാധ. നൂറ്റാണ്ടുകളുടെ വിശ്വാസപ്പഴമയിലൂടെ തലമുറകള്‍ കൈമാറിയ വിഗ്രഹസങ്കല്‍പ്പങ്ങളെ ഒരൊറ്റയുത്തരവിലൂടെ എറിഞ്ഞുടച്ച് വിഗ്രഹഭഞ്ജനത്തിന്‍റെ വക്താവാകുന്നതോ , ആചാരാനുഷ്ഠാനങ്ങളുടെ പരിപാലനബാധ്യതയുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും.

ദക്ഷിണഭാരതത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല. ആരാധക ബാഹുല്യം കൊണ്ടും ആചാരപ്പഴമകള്‍ കൊണ്ടും , സര്‍വ്വോപരി മതമൈത്രിയുടെ മഹനീയ സന്ദേശം കൊണ്ടും ലോക തീര്‍ത്ഥാടന ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള കാനന ക്ഷേത്രസങ്കേതം.. നൂറ്റാണ്ടുകള്‍ക്കപ്പുറം മുതല്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പുവരെയും 'ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രം' എന്നായിരുന്നു ഈ ദേവാലയത്തിനു പേര്.


എന്നാല്‍ തിരുവനന്തപുരത്ത് നന്ദന്‍കോട് ജംഗ്ഷനിലെ ദേവസ്വം ബോര്‍ഡ് ആസ്ഥാന മന്ദിരത്തില്‍നിന്നും പറന്നിറങ്ങിയ ഒരു വാറോലയിലൂടെ ശബരിമലയുടെ പേര് 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്നാക്കി മാറ്റപ്പെട്ടിരിക്കുന്നു. സര്‍ക്കാരോ , ദേവസ്വം വകുപ്പ് മന്ത്രിയോ , ക്ഷേത്ര പൂജാവിധകളുടെ ആചാര്യരായ താഴമണ്‍ തന്ത്രി കുടുംബമോ , ശബരിമലയുമായി ആത്മീയബന്ധമുള്ള പന്തളം രാജകുടുംബമോ പോലും അറിഞ്ഞിട്ടില്ലത്രേ ഈ പേരുമാറ്റ നടപടി.

ഇതിനു തങ്ങള്‍ക്ക് ആരുടെയും അനുവാദത്തിന്‍റെ ആവശ്യമില്ലെന്നു പറയുന്ന ദേവസ്വം ബോര്‍ഡ് , പേരുമാറ്റത്തിനു കാരണമായി ഉയര്‍ത്തുന്ന ന്യായവാദം, ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ കേരളത്തില്‍ വേറെയും ഏറെയുണ്ട് എന്നതാണ്. വിചിത്രമെന്നു തോന്നാവുന്ന ഈ ന്യായീകരണത്തിനു പിന്നില്‍ നിഗൂഡമായ മറ്റൊരു ലക്ഷ്യമുണ്ട്. അതിലേക്കു വരുമുന്‍പ് , കാലം കാത്തുസൂക്ഷിച്ച ഈ പേരിനു പിന്നിലെ ഐതിഹ്യപ്പഴമയിലേക്കൊന്നു പോകാം..

കേരളം സൃഷ്ടിച്ച പരശുരാമന്‍ നാടിന്‍റെ രക്ഷയ്ക്കായി പശ്ചിമഘട്ടത്തില്‍ അഞ്ചിടങ്ങളിലായി തുല്യകാതം അകലത്തില്‍ അഞ്ചു ശാസ്താ വിഗ്രഹങ്ങളും സമുദ്രതീരത്ത് രണ്ടു ദുര്‍ഗ്ഗാ വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചുവെന്ന് ഐതിഹ്യം.

പശ്ചിമഘട്ടത്തിലെ പഞ്ചശാസ്താ പ്രതിഷ്ഠകള്‍ മനുഷ്യജീവിതത്തിലെ വ്യത്യസ്തങ്ങളായ അഞ്ചു ഘട്ടങ്ങളെ ദ്യോതിപ്പിക്കും വിധത്തില്‍. സമുദ്രതീരത്തെ രണ്ടു ദുര്‍ഗ്ഗമാര്‍ മണ്ടയ്ക്കാടും കൊടുങ്ങല്ലൂരും.

കുളത്തൂപ്പുഴയില്‍ ബാലശാസ്താവ് , ആര്യങ്കാവില്‍ കൗമാരം , അച്ചന്‍കോവിലില്‍ പൂര്‍ണ്ണ, പുഷ്കല എന്നീ ഭാര്യമാര്‍ക്കൊപ്പം ഗൃഹസ്ഥാശ്രമിയായ ശാസ്താവ് , ശബരിമലയില്‍ ബ്രഹ്മചാരിയായ സന്യാസി , കാന്തമലയില്‍ വാനപ്രസ്ഥം എന്നിവയാണ് ത്രേതായുഗത്തില്‍ പരശുരാമനാല്‍ പ്രതിഷ്ഠിക്കപ്പെട്ട പഞ്ചശാസ്താക്കന്മാര്‍ എന്നതും ഐതിഹ്യപ്പഴമയില്‍ നിന്നും തലമുറകള്‍ കൈമാറിയ വിശ്വാസസാക്ഷ്യം.

ശബരിമലയടക്കമുള്ള ഈ ക്ഷേത്രങ്ങളിലെല്ലാം ശാസ്താവിന്‍റെ പ്രതിഷ്ഠയാണുള്ളത്. അതാത് ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകള്‍ പ്രതിനിധാനം ചെയ്യുന്ന ജീവിതഭാവത്തിന് അനുസൃതമായ യോഗാസനങ്ങളിലുമാണ് ഇവ. പൂജാദി കര്‍മ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും എല്ലാം ശാസ്താ വിഗ്രഹ സങ്കല്‍പ്പത്തില്‍ത്തന്നെ.

പുരാണ പുരുഷനാണ് ശാസ്താവ് . പൂര്‍ണ്ണ, പുഷ്കല എന്നീ ഭാര്യമാരെക്കുറിച്ചും സത്യകന്‍ എന്ന പുത്രനെക്കുറിച്ചും ഇതിഹാസഗ്രന്ഥത്തില്‍ പരാമര്‍ശമുണ്ട്. ശബരിമലയിലുള്ളത് ആ ശാസ്താവിന്‍റെ സന്യാസ ജീവിതഘട്ടത്തിലുള്ള പ്രതിഷ്ഠയും.
കലിയുഗത്തില്‍ പന്തളം രാജകൊട്ടാരത്തില്‍ വളര്‍ന്ന അയ്യപ്പന്‍ എന്ന ചരിത്ര പുരുഷന്‍ , അവതാരനിയോഗം പൂര്‍ത്തിയാക്കി പുരാണ പുരുഷനായ ശാസ്താവില്‍ വിലയം പ്രാപിച്ചുവെന്നാണ് ഐതിഹ്യം.

ശബരിമലയുടെ പേരുമാറ്റത്തോട് തങ്ങള്‍ യോജിക്കുന്നില്ലെന്ന് താന്ത്രിക സമൂഹം പറയുന്നു. ഉല്‍സവങ്ങളും എഴുന്നെള്ളത്തുകളും അടക്കമുള്ള ആചാരാനുഷ്ഠാനക്രമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ശാസ്താരാധനയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി, ഈ തീരുമാനം അനുചിതമെന്ന് പന്തളം രാജവംശത്തിലെ ഇളമുറ ഭരണാധികാരികള്‍..
പേരുമാറ്റത്തിന് തങ്ങള്‍ക്ക് അധികാരമുണ്ടെന്നും, ആരോടും അനുവാദം ചോദിക്കേണ്ട ആവശ്യമില്ലെന്നും ദേവസ്വം ബോര്‍ഡ്..

വിശ്വാസവഴികളുടെ കാലപ്പഴമയെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ വിചിത്ര തീരുമാനത്തിന് ദേവസ്വം ബോര്‍ഡിനെ പ്രേരിപ്പിച്ച ചേതോവികാരമെന്തായിരിക്കാം..? അതെക്കുറിച്ചു പറഞ്ഞുകേള്‍ക്കുന്ന വാര്‍ത്തകള്‍ ശബരിമല ശാസ്താവിനെ കോടതിമുറിയില്‍ കള്ളസാക്ഷിയാക്കുന്ന ഗൂഡതന്ത്രങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്. കുളത്തൂപ്പുഴയും ആര്യങ്കാവിലും, അച്ചന്‍കോവില്‍ അടക്കമുള്ള മറ്റു ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശനത്തിനും ദര്‍ശനത്തിനും സ്വാതന്ത്ര്യമുണ്ട്. ശാസ്താവ് വിവാഹിതനായിരുന്നുവെന്നും പുത്രനുണ്ടായിരുന്നുവെന്നും പുരാണത്തില്‍ പറയുന്നു. എങ്കില്‍ എന്തുകൊണ്ട് ശബരിമലയിലും സ്ത്രീകള്‍ക്ക് കയറിക്കൂടാ എന്ന ഒരു വിഭാഗത്തിന്‍റെ ചോദ്യത്തിനു തടയിടുവാനാണ് അമ്പലത്തിന്‍റെ പേരുമാറ്റിയതെന്ന് പറഞ്ഞുകേള്‍ക്കുന്നു.

അതു സത്യമായാലും അല്ലെങ്കിലും , മറ്റെന്തിന്‍റെ പേരിലായാലും , ലക്ഷോപലക്ഷം ഭക്തരുടെ വികാരമായ ശബരിമലയുടെ പേര് ഒരു ഉത്തരവിലൂടെ മാറ്റിയ നടപടി ദൈവനിഷേധമാണ്.

ധര്‍മ്മശാസ്താ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളുടെ യോഗാസനങ്ങളെന്തെന്ന് , മലമുകളിലെ ദേവന്‍റെ ചിന്മുദ്രാങ്കിത വിഗ്രഹത്തിന്‍റെ പൊരുളെന്തെന്ന് കണ്ണു തുറന്നു നോക്കാതെ , കാലത്തിനോടും ചരിത്രത്തിനോടും കൊഞ്ഞനം കുത്തുന്ന കാപട്യം , പരശുരാമനും പൊറുക്കട്ടെ...