കളിക്കു മുൻപ് കാര്യം പറഞ്ഞു റിനോ ആന്റോ

ദോഹയിൽ എഎഫ്സി കപ്പ് ഫൈനലിന് ഇറങ്ങും മുൻപു ബംഗളൂരു എഫ്സിയുടെ മലയാളി താരം റിനോ ആന്റോ നാരദന്യൂസിന് നൽകിയ അഭിമുഖം

കളിക്കു മുൻപ് കാര്യം പറഞ്ഞു റിനോ ആന്റോ

നിരഞ്ജൻ
ദോഹയിലെ മൈതാനത്ത് എഎഫ്സി കപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ ക്ലബ് ചരിത്രത്തിലാദ്യമായി ബൂട്ടണിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഫൈനലിലെത്തി ചരിത്രം കുറിച്ച ബംഗളൂരു എഫ്സി ശനിയാഴ്ച ഇറങ്ങുന്നത് മറ്റൊരു ചരിത്രം സൃഷ്ടിക്കാനായാണ്... എഎഫ്സി കപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ് ടീം എന്ന ബഹുമതിക്ക് ഒരു വിജയം മാത്രം അകലെ. ചരിത്രം കൈയെത്തും ദൂരെ നിൽക്കുമ്പോൾ ബംഗളൂരു എഫ് സിയുടെ വലതു വിങ്ങിലെ പ്രതിരോധ ഭടനും മലയാളി താരവുമായ റിനോ ആന്റോ നാരദാ ന്യൂസിനോട് മനസു തുറക്കുന്നു.


ഫൈനൽ കളിക്കാൻ ദോഹയിലെത്തിയ റിനോയുടെ മനസിൽ നിന്നും ആദ്യമെത്തിയ വർത്തമാനം തന്റെ കുഞ്ഞുവാവയെ കുറിച്ചാണ്. കഴിഞ്ഞ വർഷം വിവാഹിതനായ റിനോയ്ക്കും ഭാര്യക്കും ഒക്ടോബർ 17നാണ് ഒരു കുഞ്ഞ് പിറന്നത്. എഎഫ്സി കപ്പിൽ മുത്തമിട്ട് നാട്ടിലെത്തി വേണം കുട്ടിക്ക് പേരിടലും മറ്റും നടത്താൻ. ഒരു പേരും റിനോ കുട്ടിക്കായി കണ്ടെത്തിയിട്ടുണ്ട്. പേരെന്തെന്ന് ചോദിച്ചാൽ റിനോ പറയും... അത് രഹസ്യമാണ്, പ്ലീസ്. ഒരു പിടി സ്വപ്‌നങ്ങളുമായാണ് റിനോ ഫൈനലിൽ പന്തു തട്ടാൻ ഒരുങ്ങുന്നത്. ദോഹയിൽ വിജയിക്കാനായാൽ ഇന്ത്യൻ ഫുട്‌ബോളിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ റിനോ ആന്റണി ഉൾപ്പെടെയുള്ള ബംഗളൂരു എഫ്സി താരങ്ങളുടെ പേര് എഴുതിവയ്ക്കപ്പെടും.

ഫൈനൽ കളിക്കാൻ പോകുമ്പോൾ എന്താണ് പ്ലാൻ ?

നമുക്ക് ഒന്നും നഷ്ടപ്പെടാനില്ല. നന്നായി കളിക്കണം. വിജയം തന്നെയാണ് ലക്ഷ്യം. ഫൈനലിൽ നേരിടാനുള്ള ഇറാഖി ടീമിൽ മികച്ച കളിക്കാരുണ്ട്. വിജയത്തിൽ കുറഞ്ഞതൊന്നും നമ്മൾ ചിന്തിക്കുന്നേയില്ല.
സെമിയിലെ വിജയം ആത്മവിശ്വാസം നൽകിയോ?

നിലവിലെ ചാമ്പ്യൻമാരെയാണ് നമ്മൾ സെമിയിൽ തോൽപ്പിച്ചത്. അതു തീർച്ചയായും ആത്മവിശ്വാസം ഉയർത്തുന്നുണ്ട്. മലേഷ്യയിൽ അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യപാദ സെമിയിൽ നമ്മൾ സമനില പിടിച്ചു. രണ്ടാം പാദ സെമി നമ്മുടെ ഹോം ഗ്രൗണ്ടിൽ നടന്നപ്പോൾ നമുക്കു മുൻതൂക്കം കിട്ടി. കോച്ച് ആൽബർട്ട് റോക്കയും പറയുന്നത് ജയിക്കാൻ വേണ്ടി തന്നെ കളിക്കണമെന്നാണ്.
ഫൈനലിലെ ശൈലിയെന്താകും ?

ആക്രമണമാണു ഏറ്റവും വലിയ പ്രതിരോധം. അതുകൊണ്ട് ആക്രമിക്കുക തന്നെയാകും ഫൈനലിൽ ഞങ്ങൾ പുറത്തെടുക്കുന്നത്. ആദ്യപാദ സെമിയിൽ പ്രതിരോധത്തിന് ഊന്നൽ നൽകിയുള്ള 5-3-2 എന്ന ശൈലിയിലാണ് കളിച്ചത്. രണ്ടാം പാദത്തിൽ നമ്മൾ ആക്രമണത്തിനു മൂർച്ച കൂട്ടി ശൈലി മാറ്റി ലൈനപ്പ് 4-3-3 എന്നാക്കി. ഫൈനലിലും ആക്രമിക്കാൻ തന്നെയാകും ലക്ഷ്യം.

ആൽബെർട്ട് റോക്കയുടെ കോച്ചിംഗ് ?

ബോൾ കൈയിൽ വച്ച് കളിക്കണമെന്നു പറയുന്നയാളാണ് ഞങ്ങളുടെ കോച്ച്. അദ്ദേഹത്തിന് അതാണിഷ്ടം. ലോങ് പാസ് നൽകുന്നതും പന്തടിച്ച് കളയുന്നതും കുറയ്ക്കണമെന്ന പക്ഷക്കാരനാണ് അദ്ദേഹം. ഗോൾ കീപ്പറിൽ നിന്നും തുടങ്ങി പാസ് ടച്ച് ചെയ്ത് ടച്ച് ചെയ്ത് എതിർ ഗോൾമുഖത്തേക്ക് എത്തിക്കാൻ ശ്രമിച്ചാൽ പഴുതുകൾ താനേ തുറക്കപ്പെടുമെന്നാണ് അദ്ദേഹം പറയാറ്. റോക്കയുടെ കോച്ചിങ് ശൈലി ഗുണകരവും കളിക്കാർ ഇഷ്ടപ്പെടുന്നതുമാണ്.

രണ്ടാം പാദ സെമിയിൽ ഛേത്രിയുടെ ഗോൾ മനോഹരം ?

ഛേത്രിയിൽ നിന്നും സുന്ദരമായ ഗോൾ പിറക്കുന്നത് ആദ്യമായല്ല. എന്നാൽ ഒരു വലിയ മത്സരത്തിൽ ഏഷ്യയിലെ ഏറ്റവും മികച്ച ടീമിനെതിരെ ബോക്‌സിന് പുറത്തു നിന്നും ഛേത്രി നേടിയ ഗോൾ പ്രാധാന്യം കൊണ്ടുകൂടി മനോഹരമാകുന്നു. സെമിയിൽ അദ്ദേഹത്തിന് രണ്ടു ഗോളുകൾ നേടാനായി. ഫൈനലിലും അതിനായി ആശംസിക്കാം, പ്രാർത്ഥിക്കാം. നമ്മുടെ മുന്നേറ്റ നിര ഫോമിലാണ്. യൂജിൻ, പപ്പിൻ, വിനീത് തുടങ്ങിയവരെല്ലാം ഗോളടിക്കാൻ വെമ്പിയാൽ നമ്മൾക്ക് ശനിയാഴ്ച വിജയം കൈയിലാക്കാം.
ബംഗളൂരുവിന്റെ ദൗർബല്യം?
എ.എഫ.സി കപ്പിൽ ഇതുവരെ നമുക്ക് വേണ്ടി വല കാത്തത് അമരീന്തർ സിങായിരുന്നു. എന്നാൽ രണ്ട് മഞ്ഞക്കാർഡ് കിട്ടിയതിനെ തുടർന്ന് അവന് ഫൈനലിൽ കളിക്കാനാകില്ല. ഇത് ചെറിയ തോതിൽ ടെൻഷനുണ്ടാക്കുന്നുണ്ട്. പകരം ലാൽത്തമാവിയ റാൽറ്റെയാകും ഗോൾകീപ്പറുടെ റോളിൽ. കഴിഞ്ഞ ഐ ലീഗിൽ മുഴുവൻ കളികളും റാൽറ്റെയായിരുന്നു ഗോൾവല കാത്തത്. എന്നാലും ഈ ടൂർണമെന്റിൽ ആദ്യമായി ഫൈനലിൽ ഇറങ്ങുമ്പോൾ എങ്ങനെയാകും അത് പ്രതിഫലിക്കുക എന്നതാണ് കാര്യം. എന്നാൽ ആശങ്കകൾക്ക് സ്ഥാനമില്ല. അവൻ ആ ചലഞ്ച് ഏറ്റെടുത്തു കഴിഞ്ഞു.
വിനീതുമായുള്ള കോമ്പിനേഷൻ ?
ഞാൻ റൈറ്റ് ബാക്കിലാണ് കളിക്കുന്നത്. വിനീത് സ്‌ട്രൈക്കറാണ്. എന്റെ പാസുകളിൽ നിന്നും അവൻ ഗോളുകൾ നേടിയിട്ടുണ്ട്. ഫൈനലിലും ആ കോമ്പിനേഷനിൽ വിജയം ഉണ്ടാകട്ടെ.

ഐ.എസ്.എല്ലും ബ്ലാസ്റ്റേഴ്‌സും മിസ് ചെയ്യുന്നുണ്ടോ ?
ബ്ലാസ്റ്റേഴ്‌സിലെ പല സഹതാരങ്ങളും കോച്ച് സ്റ്റീവ് കോപ്പലും ആശംസ അറിയിക്കാറുണ്ട്. മുഹമ്മദ് റാഫിയെ പോലുള്ളവർ ഇടയ്ക്കിടെ വിളിക്കും. അതിനാൽ തന്നെ ഒരു മിസിങ് ഫീൽ ചെയ്യുന്നില്ല.
തിരിച്ചു വന്നാൽ ബ്ലാസ്റ്റേഴ്‌സിൽ ഇടം കിട്ടുമോ?
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ശക്തമാണ്. കോച്ചാണ് കാര്യങ്ങൾ നിശ്ചയിക്കേണ്ടത്. എന്റെ കളി ഇഷ്ടപ്പെട്ടാൽ കളിപ്പിക്കും. മിഡ്ഫീൽഡർ ആണെങ്കിലും കോസു ലെഫ്റ്റ് ബാക്കായാണ് കളിക്കുന്നത്. ചിലപ്പോൾ അവിടെ കളിപ്പിക്കുമായിരിക്കും. എന്നിട്ട് കോസുവിനെ മിഡ്ഫീൽഡിൽ കൊണ്ടുപോകാമല്ലോ. ബാംഗ്ലൂർ എഫ്.സിയിൽ ഞാൻ റൈറ്റിലും ലെഫ്റ്റിലും കളിക്കുന്നുണ്ട്. അല്ലെങ്കിൽ റൈറ്റ് ബാക്ക് കളിക്കുന്നയാളെ ഇടതു വിങ്ങിലേക്ക് മാറ്റി അവിടെയും ഇടം തന്നുകൂടായ്കയില്ല. അന്തിമമായി കോച്ച് തീരുമാനിക്കും.
ഐ.എസ്.എല്ലും ഐ ലീഗും ഒരുമിക്കുമോ ?
ചർച്ചകൾ നടക്കുന്നുണ്ടെന്ന് അറിയുന്നു. തീരുമാനം ആത്യന്തികമായി സ്വീകരിക്കേണ്ടത് ഫെഡറേഷനാണ്. ഒരുമിച്ചാൽ കളിക്കാർക്ക് അൽപ്പം വിശ്രമം ലഭിക്കും. ഞാൻ തന്നെ ഇപ്പോൾ ബംഗളൂരു എഫ്.സിക്കു വേണ്ടിയും ബ്ലാസ്റ്റേഴ്‌സിനു വേണ്ടിയും കളിക്കണം. ഒരു സീസൺ കഴിയുമ്പോഴേക്കും താൻ ഉൾപ്പെടെയുള്ള പല കളിക്കാരും തളരും. രണ്ടും കൂടി ഒരുമിച്ചാൽ നല്ലതാണ്.

ഇപ്പോൾ എവിടെ കളിക്കാനാണ് താത്പര്യം ?

രണ്ടു ലീഗുകളോടും ഇഷ്ടം തന്നെ ഐ.എസ്.എൽ കമേഴ്‌സ്യലൈസ് ചെയ്തത് കൊണ്ട് അതിന്റേതായ ഗുണവും പബ്ലിസിറ്റിയും ലഭിക്കും. നേരെ മറിച്ച് ഇന്ത്യയുടെ പ്രധാന ലീഗായ ഐ ലീഗിൽ കളിച്ചാൽ മാത്രമേ രാജ്യത്തിനു വേണ്ടി കളിക്കാനും ഇതുപോലെ ഏഷ്യയിലും ഒക്കെ പോകാൻ കഴിയൂ.
വിദേശതാരങ്ങൾക്കൊപ്പം നമ്മൾക്ക് മെച്ചമുണ്ടോ?
തീർച്ചയായും. കാരണം വരുന്നവർ ഏറെയും പരിചയ സമ്പന്നരാണ്. ചിലർ രാജ്യത്തിന് വേണ്ടി കളിച്ചവരും മറ്റു ചിലർ ഇപ്പോഴും കളിക്കുന്നവരുമാണ്. ഇതെല്ലാം രാജ്യത്തെ ഫുട്‌ബോളിനും കളിക്കാർക്കും ഗുണം ലഭിക്കും. എന്നിരുന്നാലും കുറച്ചു കൂടി ഇന്ത്യൻ കളിക്കാരെ അധികമായി കളിപ്പിക്കണമെന്ന് അടുത്തിടെ ഗോവൻ കോച്ച് സീക്കോ പറയുകയുണ്ടായി. പതിയെ ആ വിധത്തിലേക്ക് മാറാമെന്നാണ് ബൂട്ടിയ മറുപടി നൽകിയത്. വരും വർഷങ്ങളിൽ ആവിധമുള്ള മാറ്റങ്ങളൊക്കെയും നടപ്പിൽ വരാം.

സന്തോഷ് ട്രോഫി പോലുള്ള മത്സരങ്ങളിൽ പ്രതാപം നഷ്ടപ്പെടുകയാണോ ?
ഞാൻ കളിക്കുമ്പോൾ കേരളം ഫൈനൽ എത്തിയിരുന്നു. ഇപ്പോൾ പലരും ഫുട്‌ബോൾ കളിക്കുന്നത് ജോലി നേടാൻ വേണ്ടിയാണ്. പ്രൊഫഷണലായി ആരും ഫുട്‌ബോളിലേക്ക് വരുന്നില്ല. പരിക്കെന്തെങ്കിലും പറ്റിയാൽ ആരും തിരിഞ്ഞുനോക്കില്ലെന്ന ഭയവും പലർക്കുമുണ്ട്. കരിയർ ഓറിയന്റഡ് ആയതോടെയാണ് ഫുട്‌ബോളിൽ കേരളം പിറകോട്ട് പോയിത്തുടങ്ങിയത്. മുൻപും ഞാനും കരിയർ നോക്കി പോയിട്ടുണ്ട്. എന്നാൽ പിന്നീട് ഫുട്‌ബോൾ വളരുന്നുവെന്ന് മനസിലാക്കി തിരികെ വരികയായിരുന്നു.
ഇതിൽ മാറ്റം വരുത്താൻ എന്തുവേണം ?
ഇന്ത്യക്ക് വേണ്ടിയും മറ്റും കളിച്ച പ്രൊഫഷണൽ ഫുട്‌ബോൾ താരങ്ങൾക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളും കേന്ദ്രവും മറ്റും തയ്യാറാകണം. അവർ എവിടെ കളിച്ചാലും അർഹതയുണ്ടെങ്കിൽ ജോലി നൽകിയാൽ പല കുട്ടികളും കരിയർ ഭയമില്ലാതെ ഫുട്‌ബോളിലേക്ക് വരും. അല്ലെങ്കിൽ കേരളത്തിന് വേണ്ടി കളിച്ച് ജോലി നേടുന്നതിൽ അവരുടെ ഫുട്‌ബോൾ അവസാനിക്കും. മലപ്പുറത്തെയൊക്കെ കുട്ടികൾ സ്‌പെയിനിൽ എല്ലാം പോയി പരിശീലനം നടത്തുന്നുണ്ട്. ഇവരൊക്കെ നല്ല രീതിയിൽ കാൽപ്പന്തുകളിയുടെ പ്രതാപം വളർത്തും. അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും അധികൃതർക്കും കഴിയണം.

Read More >>