ചാവേറായി വന്ന അണ്ണാന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിക്കാഗോ മേയർ

സ്വയം ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയായിരുന്നു അണ്ണാന്‍റെ ലക്ഷ്യം. ഇതല്ലാതെ ഈ അപകടത്തിനു ഞാന്‍ മറ്റൊരു കാരണവും കാണുന്നില്ല." ഷിക്കാഗോയുടെ നഗരമുഖ്യനായ ഹോവാര്‍ഡ് ബ്രൂകിന്‍സ് പറയുന്നു.

ചാവേറായി വന്ന അണ്ണാന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഷിക്കാഗോ മേയർ

'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന പഴമൊഴി ഹോവാര്‍ഡ് ബ്രൂകിന്‍സ് കേട്ടിട്ടുണ്ടോ എന്ന് നിശ്ചയമില്ല, പക്ഷെ അമേരിക്കയിലെ ഈ രാഷ്ട്രീയക്കാരന്‍ ഒന്നു തറപ്പിച്ചു പറയും- എനിക്കുണ്ടായ ഈ അപകടം ഒരു അണ്ണാന്‍ ചെയ്ത പ്രതികാരമാണ്!

ഷിക്കാഗോയുടെ നഗരമുഖ്യനാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കാരനായ ഹോവാര്‍ഡ് ബ്രൂകിന്‍സ്. അതിനാല്‍ ഇതിനെ വെറും ഒരു ഭ്രാന്തന്‍ ജല്‍പനം എന്ന് തിരസ്ക്കരിക്കാതെ വലിയ മാധ്യമശ്രദ്ധയാണ് ബ്രൂകിന്‍സിന്‍റെ ഈ ആരോപണത്തിനു   ലഭിച്ചിരിക്കുന്നത്.


[caption id="attachment_62974" align="aligncenter" width="431"]ഹോവാര്‍ഡ് ബ്രൂകിന്‍സ് ഹോവാര്‍ഡ് ബ്രൂകിന്‍സ്[/caption]

നവംബര്‍ 13 ന് സൈക്കിളില്‍ പോവുകയായിരുന്ന ബ്രൂക്കിന്‍സിന്‍റെ വാഹനത്തിന്‍റെ മുന്‍ ടയറിലേക്ക് എവിടെ നിന്നെന്നു അറിയാതെ ഒരു അണ്ണാന്‍ ഓടിക്കയറി. ബാലന്‍സ് തെറ്റിയ ബ്രൂക്കിന്‍സ് പൊടുന്നനെ മുന്നോട്ടാഞ്ഞു മുഖം ഹാന്‍ഡില്‍ ബാറില്‍ ഇടിക്കുകയും തുടര്‍ന്ന് തലയടിച്ചു നിലത്തു വീഴുകയുമായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ ഈ സംഭവം അവിചാരിതമാണ് എന്ന് ചിന്തിക്കാന്‍ ബ്രൂകിന്‍സിന് കഴിയുന്നില്ല. തനിക്ക് നേരെയുണ്ടായത് കരുതിക്കൂട്ടിയ ഒരു ആക്രമണം ആയിരുന്നു എന്നും, ചാവേറാകാന്‍ തയ്യാറായ ഒരു അണ്ണാന്‍ ഈ ഉദ്യമം ഭംഗിയായി നടത്തി എന്നുമാണ് ബ്രൂകിന്‍സിന്‍റെ ഭാഷ്യം.

അതിനു കാരണവും ഉണ്ട്. കഴിഞ്ഞ  ഒക്ടോബറില്‍ താന്‍ അണ്ണാനെതിരെ സംസാരിച്ചിരുന്നു. നഗരത്തിലെ ചവറ്റുകൊട്ടകള്‍ തിന്നു നശിപ്പിക്കുന്നത് അണ്ണാന്‍മാരാണ് എന്ന് ഒരു പ്രസംഗത്തില്‍ താന്‍ പറഞ്ഞിരുന്നു. അതായത്, നഗരം മലിനമാക്കുന്നത് അണ്ണാന്‍മാരാണ് പോലും! അതിന്‍റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ തനിക്കെതിരെയുള്ള ഈ ചാവേര്‍ ആക്രമണം.

സ്വയം ഇല്ലാതാക്കി എന്നെ നശിപ്പിക്കുകയായിരുന്നു അണ്ണാന്റെ ലക്ഷ്യം. ഇതല്ലാതെ ഈ അപകടത്തിനു ഞാന്‍ മറ്റൊരു കാരണവും കാണുന്നില്ല. ബ്രൂകിന്‍സ് പറയുന്നു.

തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബ്രൂകിന്‍സ് ഈ അപകടം വിവരിക്കുന്നത്. ഒരു അണ്ണാന്‍ തനിക്ക് നല്‍കിയ 'പണി' മൂലം കുറച്ചു ദിവസങ്ങള്‍ താന്‍ വിശ്രമത്തില്‍ ആയിരിക്കുമെന്നും അതിനാല്‍ പൊതുപരിപാടികളിലെ തന്‍റെ അസാന്നിധ്യം അംഗീകരിക്കണം എന്നുമാണ് ബ്രൂകിന്‍സ് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്.

cycle

അപകടത്തില്‍പ്പെട്ട സൈക്കിളിന്‍റെ ചിത്രവും ബ്രൂകിന്‍സ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മുന്‍ടയറില്‍ കുരുങ്ങിപോയ അണ്ണാനെയും ചിത്രത്തില്‍ കാണാം. അണ്ണാന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ബ്രൂകിന്‍സ് പറയുന്നില്ലെങ്കിലും അപകടത്തില്‍ അത് കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.

Read More >>