അഞ്ചുബാങ്കിന് ശേഷമുള്ള ദുരന്തങ്ങള്‍

മുലപ്പാല്‍ ഊര്‍ജ്ജസ്വലമായി വലിച്ചുകുടിക്കുന്ന ഒരു കുഞ്ഞ് , നൂറില്‍പ്പരം ശിശുരോഗങ്ങളും, ജന്മ വൈകല്യങ്ങളും തനിക്കില്ല എന്ന് നിശബ്ദമായി 'ഉറക്കെ പ്രഖ്യാപിക്കുക' കൂടിയാണ് .

അഞ്ചുബാങ്കിന്  ശേഷമുള്ള ദുരന്തങ്ങള്‍

ജഹാംഗീർ പാലേരി

സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത വേഗതയില്‍ ശാസ്ത്രം വളരുകയും , അതോടൊപ്പം ആരോഗ്യ മേഖലയിലുള്‍പ്പടെ മനുഷ്യ നന്മകളുടെ വിപ്ലവങ്ങള്‍ നടക്കുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ , ഇക്കാലത്തും മതമോ, ശാസ്ത്രമോ അറിയാത്ത മത പൗരോഹിത്യങ്ങള്‍ മനുഷ്യ ജീവിതങ്ങളെ നൂറ്റാണ്ടുകള്‍ പുറകോട്ട് നയിച്ച ഇരുണ്ട യുഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു എന്നതാണ് വസ്തുത .

നവജാത ശിശുവിന് അഞ്ചു ബാങ്കുകള്‍ക്ക് ശേഷം മാത്രം മുലപ്പാല്‍ നൽകിയാല്‍ മതിയെന്ന് ഒരു വിഡ്ഢിയായ പിതാവ് പറഞ്ഞതിന്‍റെ ശാസ്ത്രമാനങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഈ പോസ്റ്റിന്‍റെ ലക്ഷ്യം . ഈ വിഷയത്തില്‍ ആ മനുഷ്യനെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത ഇസ്ലാമിക പൗരോഹിത്യത്തെയല്ലാതെ , അയാളെ ഇക്കാര്യത്തില്‍ കുറ്റവാളിയായി കാണുവാന്‍ കൂട്ടാക്കാത്ത നീതിബോധമാണ് എന്റേതെന്നും  സൂചിപ്പിക്കട്ടെ.


നവജാത ശിശുവിന്റെ ഭക്ഷണം

അഞ്ചു തവണ ബാങ്ക് വിളിക്കാതെ മുലപ്പാല്‍ നല്‍കരുതെന്ന് തങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്നാണു ആ നിഷ്കളങ്ക പിതാവിന്‍റെ വാദം . ചാട്ടവാര്‍ എടുത്തു അടിച്ചോടിച്ചു നാടുകടത്തേണ്ട തങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ . പുലര്‍ച്ചെ 5 മണിക്ക് സുബഹിബാങ്ക് വിളിക്കുന്നു എന്ന് കരുതുക . രാത്രിയിലെ ഇഷാ ബാങ്ക് കൊടുക്കുന്നത് എട്ടു മണിക്കെന്നും സങ്കല്‍പ്പിക്കുക . ഇതിനിടയിലുള്ള സമയം ഏകദേശം പതിനഞ്ചു മണിക്കൂര്‍ എന്നു  സാരം . പൊക്കിള്‍ക്കൊടിയില്‍ (umbilical cord) നിന്നും വേര്‍പ്പെട്ട നവജാത ശിശു പതിനഞ്ചു മണിക്കൂര്‍ ഓക്സിജന്‍ കൊണ്ട് മാത്രം ജീവിക്കണം എന്ന് പറഞ്ഞ തങ്ങള്‍ ആരായാലും, എത്രയും വേഗം അയാളെ കാരാഗ്രഹത്തില്‍ അടയ്ക്കുന്നതാണ് മനുഷ്യ വംശത്തിനു നല്ലത് .

ഗര്‍ഭപാത്രത്തിലായിരിക്കുമ്പോൾ കുഞ്ഞിനു പൊക്കിള്‍ക്കൊടിയിലൂടെ ആവശ്യത്തിനു ഗ്ലൂക്കോസ് കിട്ടിക്കൊണ്ടിരിക്കുന്നു . പൊക്കിള്‍ക്കൊടി വിച്ഛേദിക്കുന്നതോടു കൂടി ഗ്ലൂക്കോസ് ലഭ്യത അവസാനിക്കുന്നു. തുടര്‍ച്ചയായി ലഭിച്ചിരുന്ന ഗ്ലൂക്കോസ് ലഭ്യത അവസാനിക്കുന്ന ശിശു അമ്മയുടെ മുലപ്പാല്‍ കിട്ടുന്നത് വരെയുള്ള നിമിഷങ്ങള്‍ പോലും അതിജീവിക്കുന്നത് കരളില്‍ സൂക്ഷിച്ചിരിക്കുന്ന ഗ്ലൈക്കൊജന്‍ (Glycogen) ഉപയോഗിച്ചാണ്. അവസാനത്തെ ബാങ്കും കൊടുത്ത് തീരാനെടുക്കുന്ന പതിനഞ്ചു മണിക്കൂര്‍ ആരോഗ്യകരമായി അതിജീവിക്കാന്‍ ഒരു നവജാത ശിശുവിന്‍റെ ശരീരത്തില്‍ തീര്‍ത്തും ഒന്നുമില്ല . അപൂര്‍വ്വമായി ചിലപ്പോള്‍, രാസവസ്തുക്കളായ Ketone bodies പോലെയുള്ളത് ഉപയോഗിച്ച് "ജീവന്‍" മാത്രം നിലനിര്‍ത്തിയേക്കാം. പക്ഷേ , ആ സമയമാകുമ്പോഴേയ്ക്കും കുട്ടിയുടെ തലച്ചോറ് ഉള്‍പ്പടെയുള്ള അവയവങ്ങള്‍ക്ക് ഒരിക്കലും പരിഹരിക്കാനാവാത്ത തകരാറുകള്‍ വരുത്തിവയ്ക്കും . ഇത് കുഞ്ഞിനു അപസ്മാരം, ബുദ്ധിമാന്ദ്യത തുടങ്ങിയ പ്രശ്നങ്ങള്‍ ഉറപ്പായും ഉണ്ടാക്കുമെന്നത് തെളിയിക്കപ്പെട്ടതാണ് .

പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തിയ കുഞ്ഞിനു ഏറ്റവും അടുത്ത നിമിഷം മുലപ്പാല്‍ നല്‍കുന്നതാണ് നല്ലത്. കാരണം മുലപ്പാല്‍ ചുരത്തുന്നതിനു മുൻപ് ഒരു മഞ്ഞ ദ്രാവകം വരും . Colustrum എന്നതാണ് അതിന്റെ മെഡിക്കല്‍ ടേം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുള്ള , ലോകത്തെ ഏറ്റവും മികച്ച അമൂല്യ "ഔഷധം " (Antibodies... etc) ഈശ്വര വരദാനമായ ഈ Colustrum തന്നെയാണ്. ഇന്ന് വരെ മനുഷ്യര്‍ക്ക്‌ പരിപ്പൂര്‍ണമായ തികവില്‍ ലാബുകളില്‍ പോലും വികസിപ്പിച്ചെടുക്കുവാന്‍ കഴിയാത്ത ഒന്ന് .

സംസം വെള്ളം , സ്വര്‍ണ്ണം അരച്ചത് , തേനും വയമ്പും


ശിശുവിന്‍റെ വയറ്റില്‍ Colustrum എത്തിക്കഴിഞ്ഞതിനു ശേഷമോ മുന്‍പോ സംസം വെള്ളമോ , സ്വര്‍ണ്ണം അരച്ചതോ, തേനും വയമ്പുമോ നല്‍കുമ്പോള്‍ ഉണ്ടാകുന്ന അപകടം എന്തെന്നാല്‍ Colustrum നേര്‍ത്തുപോവുകയും അതിന്‍റെ ഔഷധ ഗുണം ഇല്ലാതാവുകയും ചെയ്യുന്നു . ഇതൊക്കെ നല്‍കിയ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ മിടുക്കരായി നില്‍ക്കുന്നല്ലോ എന്ന് മറുചോദ്യം ഉന്നയിക്കുന്ന മാതാപിതാക്കള്‍ക്കുള്ള മറുപടി, ആ കുഞ്ഞുങ്ങള്‍ക്ക്‌ എത്ര തവണ ശിശുരോഗ വിദഗ്ധനെ കാണിക്കേണ്ടി വന്നു എന്ന മറുചോദ്യമാണ് .

അഞ്ചാമത്തെ ബാങ്ക് വരെ കുഞ്ഞിനു നല്‍കേണ്ടത്

ഒരു കുഞ്ഞു സുബഹിക്ക് ജനിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക . നമ്മുടെ തങ്ങളുടെ ഫത്‌വ ചവറ്റുകൊട്ടയില്‍ എറിഞ്ഞു, ഏറ്റവും ചുരുങ്ങിയത് ആ ശിശുവിന് എട്ടു  തവണയെങ്കിലും മുലപ്പാല്‍ നല്‍കണം. കേവലം ഭക്ഷണം എന്നതിലുപരി , ആ ജന്മത്തിന്റെ ലക്ഷ്യം  തന്നെ നിർവചിക്കുന്നത് ആദ്യ മണിക്കൂറുകളില്‍ ഘട്ടം ഘട്ടമായി നല്‍കുന്ന  മുലപ്പാലാണ്. കുഞ്ഞിന്റെ മാനസിക വളര്‍ച്ച, IQ തുടങ്ങിയവ നിര്‍ണ്ണയിക്കുന്നത് വരെ ജനിച്ചതിനു ശേഷമുള്ള ആദ്യ മണിക്കൂറുകളിലെ തലച്ചോറിലെ ഗ്ലൂക്കോസ്, ഓക്സിജന്‍ സപ്ലൈ തുടങ്ങിയവയാണ് .

മുലപ്പാല്‍ ഊര്‍ജ്ജസ്വലമായി വലിച്ചുകുടിക്കുന്ന ഒരു കുഞ്ഞ് , നൂറില്‍പ്പരം ശിശുരോഗങ്ങളും, ജന്മ വൈകല്യങ്ങളും തനിക്കില്ല എന്ന് നിശബ്ദമായി 'ഉറക്കെ പ്രഖ്യാപിക്കുക' കൂടിയാണ് .

മുലപ്പാലിന്റെ അഭാവത്തില്‍ സംഭവിക്കുന്ന നിർജ്ജലീകരണം ശരീരത്തിലെ Bilirubin പോലെയുള്ള രാസവസ്തുക്കള്‍ പുറം തള്ളുന്നത് തടസ്സമാവുകയും കുട്ടികളില്‍ സാധാരണ കാണുന്ന മഞ്ഞനിറം (Neonatal Hyperbilurubinemia) മൂർച്ഛിക്കുവാനും, അതു തലച്ചോറിനെ ബാധിച്ചു ആജീവനാന്ത ബുദ്ധിമാന്ദ്യം സംഭവിക്കുവാന്‍ ഇടയാവുകയും ചെയ്യുന്നു .

നവജാത ശിശുവിന് ആദ്യം ആവശ്യത്തിനു Colustrum, പിന്നീട് മുലപ്പാല്‍ എന്നിവ ലഭിച്ചില്ലെങ്കില്‍ സംഭവിക്കാവുന്ന ദുരന്തങ്ങള്‍ ഈ പോസ്റ്റില്‍ ഉള്‍ക്കൊള്ളുന്നതോ , ശാസ്ത്രം പോലും പരിപൂര്‍ണ്ണമായി കണ്ടെത്തിയതോ അല്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ .

പൗരോഹിത്യത്തിനുള്ള ചികിത്സ
രാജ്യത്ത് ശിശുക്കള്‍ക്കായി നിലവിലുള്ള പീനല്‍ നിയമ പ്രകാരം ഇത്തരം മനുഷ്യത്വ വിരുദ്ധ പ്രസംഗങ്ങൾ നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണം. ഇത്തരം പൗരോഹിത്യ ജല്‍പ്പനങ്ങള്‍ കേട്ട് ഭാര്യയെ മൊഴിചോല്ലാനും, കുഞ്ഞിന്‍റെ ജീവനും , ജീവിതവും അപകടത്തിലാക്കാനും ശ്രമിക്കുന്ന വിഡ്ഢികളായ മനുഷ്യര്‍ക്ക്‌ മനശാസ്ത്ര ചികിത്സ നല്‍കണം ...!

മെഡിക്കല്‍ റഫറന്‍സ്: ഡോ സഫീലിയ നാസര്‍

Story by