ടീം ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്; രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനു ബാറ്റിങ് തകർച്ച

വാലറ്റത്ത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെയും (90) ആർ. അശ്വിന്റെയും (72) ജയന്ത് യാദവിന്റെയും (55) മദ്ധ്യനിരയിൽ ക്യാപ്റ്റൻ കോഹ്ലിയുടെയും (62) പൂജാരയുടെയും (51) മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ടീം ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്; രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനു ബാറ്റിങ് തകർച്ചമൊഹാലി: മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ടീം ഇന്ത്യ നേടിയ 134
റൺസ് ലീഡിനെ പിന്തുടർന്ന് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ച
ഇംഗ്ലണ്ട് നാലു വിക്കറ്റ് നഷ്ടത്തിൽ 78 റൺസെടുത്തു. ഇംഗ്ലണ്ട് ആദ്യ
ഇന്നിങ്‌സിൽ നേടിയ 283 റൺസിനെതിരെ ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യൻ
ബാറ്റ്‌സ്മാൻമാർ 417 റൺസ് അടിച്ചുകൂട്ടിയിരുന്നു.

വാലറ്റത്ത് ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുടെയും (90) ആർ. അശ്വിന്റെയും (72) ജയന്ത് യാദവിന്റെയും (55) മദ്ധ്യനിരയിൽ ക്യാപ്റ്റൻ കോഹ്ലിയുടെയും (62) പൂജാരയുടെയും (51) മിന്നുന്ന പ്രകടനമാണ് ആതിഥേയർക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

രണ്ടാം ദിനം കളി നിറുത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്. മൂന്നാം ദിനം കളി ആരംഭിക്കുമ്പോൾ അശ്വിനും ജഡേജയുമായിരുന്നു ക്രീസിൽ. സ്‌കോർ 300 പിന്നിട്ട ശേഷം അശ്വിനെയാണ് തിങ്കളാഴ്ച രാവിലെ ആദ്യം നഷ്ടപ്പെട്ടത്. 113 പന്തുകളിൽ
നിന്നും 72 റൺസെടുത്ത അശ്വിനെ സ്റ്റോക്‌സ് വോക്‌സിന്റെ കൈകളിലെത്തിച്ചാണ്
മടക്കിയത്.

പിന്നീടെത്തിയ യുവതാരം ജയന്ത് യാദവും ജഡേജയും ചേർന്ന് 80 റൺസിന്റെ കൂട്ടുകെട്ടാണ് എട്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. സെഞ്ച്വറി നേടുമെന്ന് കരുതിയ ജഡേജയെ റഷീദ് വോക്‌സിന്റെ കൈകളിൽ എത്തിക്കുമ്പോൾ ഇന്ത്യൻ സ്‌കോർ 381. 170 പന്തുകളിൽ നിന്നും പത്തു ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെട്ടതായിരുന്നു ജഡേജയുടെ 90 റൺസ്. പിന്നീടെത്തിയ ഉമേഷ് യാദവിനൊപ്പം (12) ജയന്ത് വാലറ്റത്ത്
പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും അലിയുടെ കൈകളിലെത്തിച്ച് സ്റ്റോക്‌സ്
ജയന്തിനെ മടക്കി. 141 പന്തുകളിൽ നിന്ന് അഞ്ചു ബൗണ്ടറികളോടെയായിരുന്നു
ജയന്തിന്റെ അർദ്ധ സെഞ്ച്വറി. ഉമേഷിനെ കൂടെ സ്‌റ്റോക്‌സ് വിക്കറ്റ്
കീപ്പറുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യൻ ഇന്നിങ്‌സിന് 417 റൺസോടെ
സമാപനമായി. ഒരു റൺ മാത്രമെടുത്ത മുഹമ്മദ് ഷമി പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിന് വേണ്ടി സ്റ്റോക്‌സ് അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോൾ റഷീദ്
നാലു വിക്കറ്റും പിഴുതു.

പിന്നീട് രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ടോട്ടൽ സ്‌കോർ 27ൽ നിൽക്കെ ക്യാപ്റ്റൻ അലിസ്റ്റർ കുക്കിനെയാണ് ആദ്യം നഷ്ടപ്പെട്ടത്. 12 റൺസെടുത്ത ക്യാപ്റ്റനെ അശ്വിൻ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഓപ്പണറായ ജോ റൂട്ട് ഒരറ്റത്ത് പുറത്താകാതെ വിക്കറ്റ് കാത്തെങ്കിലും മറ്റേയറ്റത്ത് തുടരെത്തുടരെ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. മൂന്നാമനായെത്തിയ മോയിൻ അലിയെ(5) ജയന്തിന്റെ കൈകളിലെത്തിച്ച് അശ്വിനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബെയര്‍‌സ്റ്റോയെ (15) പാർഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ച് ജയന്തും മടക്കി.

അഞ്ചാമതു ക്രീസിലെത്തിയ ബെൻ സ്റ്റോക്‌സിനെ(5) അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി ഇതിനു മുൻപേ മടക്കിയിരുന്നു. മൂന്നാം ദിനം കളി നിറുത്തുമ്പോൾ 36 റൺസോടെ റൂട്ടും റൺസൊന്നും എടുക്കാതെ ബാറ്റിയുമാണ് ക്രീസിൽ.

ആർ. അശ്വിൻ ഇതിനകം 12 ഓവറിൽ 19 റൺസ് വഴങ്ങി മൂന്നു ഇംഗ്ലീഷ് വിക്കറ്റുകൾ പിഴുതു. ജയന്ത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി. രണ്ടുനാൾ കൂടി ശേഷിക്കെ മൂന്നാം ടെസ്റ്റിൽ ടീം ഇന്ത്യ വിജയത്തോട് അടുക്കുകയാണ്. രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ ചുരുട്ടിക്കെട്ടി അതിവേഗം വിജയം കൊയ്യുകയാവും കോച്ച് അനിൽ കുംബ്ലൈയുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ലക്ഷ്യം. ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്‌സ് ലീഡ് മറികടക്കാൻ ഇംഗ്ലണ്ടിന് ഇനി 56 റൺസ് കൂടി വേണം.

Read More >>