കൂട്ടബലാത്സംഗം: ഇര പേര് പറയണമെന്ന് സി.എസ് ചന്ദ്രിക

കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ പേര് സിപിഎം നേതാവ് കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് വിവാദമായി നില്‍ക്കെ വ്യത്യസ്തമായ അഭിപ്രായവുമായി എഴുത്തുകാരി സി.എസ് ചന്ദ്രിക

കൂട്ടബലാത്സംഗം: ഇര പേര് പറയണമെന്ന് സി.എസ് ചന്ദ്രിക

കൂട്ടബലത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ പേര് കെ. രാധാകൃഷ്ണന്‍ വെളിപ്പെടുത്തിയത് വെളിപ്പെടുത്തിയത് വിവാദമായി നില്‍ക്കെ
വ്യത്യസ്തമായ അഭിപ്രായവുമായി എഴുത്തുകാരി സി.എസ് ചന്ദ്രിക: ഫേസ്ബുക്ക് പേജിലാണ് ചന്ദ്രിക അഭിപ്രായം പ്രകടിപ്പിച്ചത്. സാറാജോസഫും കെ. അജിതയുമെല്ലാം രാധാകൃഷ്ണന്‍ പേര് വെളിപ്പെടുത്തിയതിനെതിരെ പ്രതികരിച്ചിരുന്നു. ചന്ദ്രികയുടെ പോസ്‌സ്റ്റില്‍ പറയുന്നു:

പേര് പറയുകയാണ് വേണ്ടത്. എത്ര കാലം 'ഇരകള്‍' 'ഇരകളാ'യി പൊതു സമൂഹത്തില്‍ മുഖം കാണിക്കാതെ, പേര് പറയാതെ ജീവിക്കണം?
ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ/ സ്ത്രീകളുടെ പേരുവിവരം വെളിപ്പെടുത്താന്‍ പാടില്ല എന്ന നിയമം മുന്‍സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ ലംഘിച്ചിരിക്കുന്നു എന്നതാണ് ഇപ്പോള്‍ എല്ലായിടത്തും പ്രധാന ചര്‍ച്ച. സ്പീക്കറും മന്ത്രിയുമൊക്കെ ആയിരുന്ന, ഇപ്പോള്‍ സി പി എം ജില്ല സെക്രട്ടറി ആയിരിക്കുന്ന ഒരാള്‍ അറിയാതെ അങ്ങനെ ചെയ്തു പോയതാണ് എന്ന് പറഞ്ഞാല്‍ ആരും അത് സമ്മതിക്കുകയുമില്ല. പ്രമുഖരായ സ്ത്രീകള്‍ എതിര്‍ പ്രസ്താവനകള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോള്‍ ദേശീയ വനിതാ കമ്മീഷനും വിശദീകരണം ചോദിച്ചിരിക്കുന്നു.
അതെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ.
പക്ഷെ, ഞാനിപ്പോള്‍ ആലോചിക്കുന്നത് മറ്റൊന്നാണ്. എത്ര കാലം 'ഇരകള്‍' 'ഇരകളാ'യി പൊതു സമൂഹത്തില്‍ മുഖം കാണിക്കാതെ, പേര് പറയാതെ ജീവിക്കണം? ജീവിതകാലം മുഴുവനും ഇങ്ങനെ അജ്ഞാത നാമാവായി, മുഖം മറച്ചവളായി ജീവിച്ചാല്‍ അവള്‍ക്കു മാന്യതയും അഭിമാനസംരക്ഷണവും ഈ സമൂഹം നല്‍കുമോ? സൂര്യനെല്ലി പെണ്‍കുട്ടി, വിതുര പെണ്‍കുട്ടി, തോപ്പുംപടി, പെണ്‍കുട്ടി, കിളിരൂര്‍ പെണ്‍കുട്ടി എല്ലാവര്ക്കും പേര് പറയാതിരുന്നത് കൊണ്ട് മാന്യമായ സാമൂഹ്യ ജീവിതം കൊടുത്തുവോ? ഇപ്പോള്‍ വടക്കാഞ്ചേരി സ്ത്രീ ... മതിയായില്ലേ മുഖം മറച്ച, മരണാനന്തരവും സ്ഥലനാമങ്ങളില്‍ തുടരുന്ന ഇവരുടെ 'ഇര' ജീവിതത്തിന്റെ ദയനീയ വിശേഷണങ്ങള്‍?
ഭാഗ്യലക്ഷ്മിയുടെയും പാര്‍വതിയുടെയും കൂടെ മുഖം തുണികൊണ്ട് മൂടി ഇരുന്ന വടക്കാഞ്ചേരി പീഡനത്തിലെ ഇരയായ (ഈ ആവര്‍ത്തന വിശേഷണം എഴുതാന്‍ ഇഷ്മില്ലാതെ എഴുതേണ്ടി വരുന്നത് ഗതികേടാണ്) സ്ത്രീയുടെ പത്രസമ്മേളനത്തിലെ ഇരിപ്പ് നോക്കിയിരുന്നപ്പോള്‍ ഞാനടക്കമുള്ള എത്രയോ സ്ത്രീകള്‍ എത്രയധികം അപമാനമാണ് അനുഭവിച്ചത്!
ലൈംഗിക പീഡനതിനെതിരെ പരാതി പരസ്യമായി പറയുന്നത് ഒരു സമരമാണ്. ഒരു സമരയോദ്ധാവിന്റെ മാനസിക നിലയിലേക്കെത്താന്‍ നാമവരെ ആദ്യം പ്രാപ്തരാക്കണം. ഒരു പോരാളിയുടെ ഉയര്‍ത്തിപ്പിടിച്ച മുഖത്തോടെ, സ്വന്തം പേര് വിളിച്ചു പറഞ്ഞു കൊണ്ട് താന്‍ നേരിട്ട അനുഭവങ്ങള്‍ പറയാനുള്ള അന്തരീക്ഷമാണ് ഉണ്ടാകേണ്ടത്. ആ സമരസംസ്‌കാരമാണ് സ്ത്രീവിമോചന പ്രവര്‍ത്തകര്‍ ഇനിയിവിടെ അടിയന്തരമായി ഉണ്ടാക്കിയെടുക്കേണ്ടത്. സ്ത്രീചരിത്ര മുന്നേറ്റങ്ങളില്‍ അവളുടെ യഥാര്‍ത്ഥ പേരാണ് രേഖപ്പെടെണ്ടത്. സ്ഥലപ്പേരല്ല. പേരും മുഖവും വെളിപ്പെടുത്തിയത്തിനു ശേഷം പെണ്‍കുട്ടിയെ/ സ്ത്രീയെ തിരിച്ചറിഞ്ഞു അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെയാണ് പിന്നീട് അറസ്റ്റ് ചെയ്തു ജയിലിലടക്കേണ്ടത്. ഇന്നത്തെ നിയമങ്ങള്‍ മാറ്റാനുള്ളതാണ്. എല്ലാ കാലത്തേക്കും നിശ്ചലമായി കെട്ടിപ്പിടിച്ചു കൊണ്ടുനടക്കാനുള്ളതല്ല.

Read More >>