രഞ്ജി ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് സമനില മാത്രം

ആദ്യ ഇന്നിങ്‌സിൽ ചെറുതെങ്കിലും ലീഡ് നേടാനായതിനെ തുടർന്ന് ആന്ധ്ര മൂന്ന് പോയിന്റ് നേടിയപ്പോൾ കേരളത്തിന് ലഭിച്ചത് ഒരു പോയിന്റ് മാത്രം. രഞ്ജി ട്രോഫി ടീമിന്റെ കോച്ചിനെയും ടീം അംഗങ്ങളെയും മാറ്റിയ ശേഷം കേരളത്തിന് ലഭിച്ചത് നാണംകെട്ട സമനില.

രഞ്ജി ട്രോഫി: ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് സമനില മാത്രംഗുവാഹത്തി: ആന്ധ്രയ്‌ക്കെതിരെയുള്ള രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ കേരളം കൂറ്റൻ സ്‌കോർ കണ്ടെത്തിയെങ്കിലും കളി സമനിലയിൽ തന്നെ കലാശിച്ചു. ആദ്യ ഇന്നിങ്‌സിൽ നേരിയതാണെങ്കിലും പത്തു റൺസിന്റെ ലീഡ് നേടിയതിനാൽ മൂന്ന് പോയിന്റ് നേട്ടവും ആന്ധ്ര സ്വന്തമാക്കി. മത്സരം സമനിലയിൽ സമാപിച്ചതിനുള്ള ഒരു പോയിന്റ് മാത്രമാണ് കേരളത്തിന് സ്വന്തമാക്കാൻ കഴിഞ്ഞത്.

സ്‌കോർ: കേരളം - 219 & 302/6 ഡിക്ലയേഡ്, ആന്ധ്ര - 226 & 194/4


ആറു വിക്കറ്റ് നഷ്ടത്തിൽ 302 റൺസെടുത്ത കേരളം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത് ആന്ധ്രയെ ഉച്ചയ്ക്ക് മുൻപേ ബാറ്റിങ്ങിന് അയച്ചെങ്കിലും എതിരാളികളെ ഓൾ ഔട്ടാക്കാൻ രോഹൻ പ്രേമിനും സംഘത്തിനും കഴിഞ്ഞില്ല. ഓപ്പണർ ഭവിൻ ജെ. താക്കർക്കും ക്യാപ്റ്റൻ രോഹൻ പ്രേമിനും പിറകെ സച്ചിൻ ബേബി കൂടി അർദ്ധ സെഞ്ച്വറി തികച്ചതോടെയാണ് കേരളത്തിന് രണ്ടാം ഇന്നിങ്‌സിൽ കൂറ്റൻ സ്‌കോർ കണ്ടെത്താനായത്. എന്നാൽ കളി നിറുത്തുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് എന്ന നിലയിലായിരുന്നു ആന്ധ്ര.

നാലാം ദിവസം കളി ആരംഭിക്കുമ്പോൾ അഞ്ചു വിക്കറ്റിന് 229 റൺസ് എന്ന നിലയിലായിരുന്നു കേരളത്തിന്റെ രണ്ടാം ഇന്നിങ്‌സ്. അവസാന ദിവസം അതിവേഗം സ്‌കോർ ഉയർത്താനാണ് സച്ചിൻ ബേബിയും മറ്റു ബാറ്റ്‌സ്മാൻമാരും ശ്രമിച്ചത്. കളി ആരംഭിച്ചയുടൻ തന്നെ ക്രീസിൽ ഉണ്ടായിരുന്ന ഇഖ്ബാൽ അബ്ദുള്ളയെ (6) കേരളത്തിന് നഷ്ടമായി. ടോട്ടൽ സ്‌കോർ 243ൽ എത്തിനിൽക്കെ പ്രശാന്ത് കുമാർ ഇഖ്ബാലിനെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു
.
പിന്നീടെത്തിയ സി.വി. വിനോദ്കുമാർ (19) സച്ചിൻ ബേബിക്ക് മികച്ച പിന്തുണ നൽകി. ആറു ബൗണ്ടറികളും ഒരു സിക്‌സറും ഉൾപ്പെടെ 55 പന്തുകളിൽ നിന്നാണ് സച്ചിൻ ബേബി 60 റൺസ് നേടിയത്. സ്‌കോർ 300 താണ്ടിയതോടെ ക്യാപ്റ്റൻ രോഹൻ ഡിക്ലയറിങ് പ്രഖ്യാപിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്രയ്ക്ക് ഓപ്പണർമാരായ കെ.എസ് ഭരതും (73) ഡി.ബി. പ്രശാന്ത് കുമാറും (11) മികച്ച തുടക്കമാണ് സമ്മാനിച്ചത്. പ്രശാന്തിനെ അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ച് വിനോദ് കുമാറാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് ക്രീസിലെത്തിയ ഡി.ബി. രവിതേജയ്ക്ക് (0) പിടിച്ചുനിൽക്കാനായില്ല.

രവിതേജയെ സന്ദീപ് വാരിയർ ക്ലീൻ ബൗൾഡാക്കി. പിന്നീടെത്തിയ വിഹാരിയും (53 നോട്ടൗട്ട്) ഭരത് റണ്ണൗട്ടായ ശേഷം ക്രീസിലെത്തിയ റിക്കി ഭൂയിയുമാണ് (44) ആന്ധ്രയ്ക്ക് മദ്ധ്യനിരയിൽ കരുത്തായത്. ഇതിനിടെ ടോട്ടൽ സ്‌കോർ 190ൽ നിൽക്കെ റിക്കിയെ സഞ്ജു സാംസൻ റണ്ണൗട്ടാക്കി. കളി അവസാനിക്കുമ്പോൾ എ.ജി. പ്രദീപും(2) വിഹാരിയും ആയിരുന്നു ക്രീസിൽ. നാലു വിക്കറ്റ് നഷ്ടത്തിൽ 193 റൺസ് ഈ സമയം ആന്ധ്ര നേടിയിരുന്നു.

Read More >>