ഒന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ആശ്വാസ സമനില

രാജ്കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ മറന്ന് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ടീം ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുമോയെന്ന് പോലും ഒരുവേള ആരാധകര്‍ ആശങ്കപ്പെട്ടു. എന്നാല്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെയും മദ്ധ്യനിരയില്‍ അശ്വിന്റെയും ജഡേജയുടെയും ചെറുത്തുനില്‍പ്പാണ് പരാജയഭാരം ഒഴിവാക്കിയത്.

ഒന്നാം ടെസ്റ്റ്; ഇന്ത്യയ്ക്ക് ആശ്വാസ സമനില

രാജ്കോട്ട്: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ വിജയിച്ച ശേഷം ഇംഗ്ലണ്ടിനോട് സ്വന്തം മണ്ണില്‍ പഴയ കണക്കുതീര്‍ക്കാന്‍ ഇറങ്ങിയ ക്യാപ്റ്റന്‍ കോഹ്ലിക്കും സംഘത്തിനും തലനാരിഴയ്ക്ക് സമനിലയെന്ന ആശ്വാസം. രാജ്കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ റണ്‍സെടുക്കാന്‍ മറന്ന് പവലിയനിലേക്ക് മടങ്ങിയപ്പോള്‍ ടീം ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുമോയെന്ന് പോലും ഒരുവേള ആരാധകര്‍ ആശങ്കപ്പെട്ടു. എന്നാല്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെയും മദ്ധ്യനിരയില്‍ അശ്വിന്റെയും ജഡേജയുടെയും ചെറുത്തുനില്‍പ്പാണ് പരാജയഭാരം ഒഴിവാക്കിയത്.

ഇംഗ്ലണ്ട്: 537 & മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 260 ഡിക്ലയേഡ്. ഇന്ത്യ: 488 & ആറു വിക്കറ്റ് നഷ്ടത്തില്‍ 176 (52.3 ഓവറില്‍)

ആദ്യ ഇന്നിങ്സിലെ 49 റണ്‍സ് ലീഡും രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് നേടിയ 260 റണ്‍സും ചേര്‍ന്ന് 303 റണ്‍സായിരുന്നു രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ വിജയലക്ഷ്യം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 488 റണ്‍സിന് അവസാനിച്ച ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലീഷ് നിര മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റന്‍ കുക്ക് ഡിക്ലയേഡ് പ്രഖ്യാപിച്ചു. അലിസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറിയുടെയും മറ്റൊരു ഓപ്പണറായ ഹമീദ് നേടിയ 82 റണ്‍സിന്റെയും മികവിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ഞായറാഴ്ച കളി ആരംഭിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 114 റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. അഞ്ചാം ദിവസവും ഓപ്പണര്‍മാര്‍ നല്ല തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ടോട്ടല്‍ സ്‌കോര്‍ 180ല്‍ നില്‍ക്കെ ഹസീബ് ഹമീദിനെയാണ് ഇംഗ്ലീഷ് നിരയ്ക്ക് ആദ്യം നഷ്ടമായത്. സ്വന്തം പന്തില്‍ അമിത് മിശ്ര പിടിച്ചാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് വീണത്.

പിന്നീടുവന്ന റൂട്ടിനും ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ റൂട്ടിനെ നാലു റണ്‍സെടുത്തപ്പോഴേക്കും വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് മിശ്ര തന്നെ മടക്കി. ശേഷമെത്തിയ ബെന്‍ സ്റ്റോക്സ് (29) ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കി. 298 പന്തുകള്‍ നേരിട്ട് 130 റണ്‍സെടുത്ത കുക്കിനെ അശ്വിന്‍ ജഡേജയുടെ കൈകളിലെത്തിച്ച് പുറത്താക്കിയതോടെ ക്യാപ്റ്റന്‍ ഇന്നിങ്സിനും ഡിക്ലറേഷന്‍ പ്രഖ്യാപിച്ചു. ഈ സമയം ടോട്ടല്‍ സ്‌കോര്‍ 260.

303 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ ഗൗതം ഗംഭീറിനെ തുടക്കത്തിലേ നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ ആകെ ഒരു റണ്‍ മാത്രം തെളിഞ്ഞുനില്‍ക്കെ എട്ടു പന്തുകള്‍ നേരിട്ട് റണ്‍സൊന്നും എടുക്കാത്ത ഗംഭീറിനെ റൂട്ടിന്റെ കൈകളിലെത്തിച്ചാണ് വോക്സ് മടക്കിയത്. പിന്നീട് പവലിയനിലേക്ക് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഒഴുക്ക് തന്നെയായിരുന്നു. ടോട്ടല്‍ സ്‌കോര്‍ 47ല്‍ നില്‍ക്കെ മൂന്നാമനായെത്തിയ പൂജാരയും (18), 71ല്‍ നില്‍ക്കെ അഞ്ചാമനായെത്തിയ രഹാനെയും (1) മടങ്ങി. പൂജാരയെ റാഷിദ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ രഹാനെയെ മോയിന്‍ അലി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയ അശ്വിനുമായി (32) ചേര്‍ന്ന് നാലാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ കോഹ്ലിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ഇതിനിടെ സ്‌കോര്‍ 118ല്‍ നില്‍ക്കെ അശ്വിനെ അന്‍സാരി റൂട്ടിന്റെ കൈകളിലെത്തിച്ചതോടെ ഗാലറിയില്‍ ആശങ്ക പടര്‍ന്നു. പിന്നീടെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹ(9) കൂടി മടങ്ങിയതോടെ ആശങ്ക ഇരട്ടിച്ചു. ഈ സമയം ആറിന് 132 റണ്‍സ് എന്ന നിലയിലായിരുന്നു ടീം ഇന്ത്യ.

എന്നാല്‍ സാഹയ്ക്ക് ശേഷം ക്രീസിലെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റനോടൊപ്പം കളി അവസാനിക്കുന്നതുവരെ പിടിച്ചുനിന്നു. ഒടുവില്‍ അഞ്ചാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. നവംബര്‍ 17 മുതല്‍ വിശാഖപട്ടണത്തെ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലാണ് രണ്ടാം ടെസ്റ്റ്. പരമ്പരയില്‍ ആകെ അഞ്ചു ടെസ്റ്റ് മത്സരങ്ങളാണുള്ളത്.