സിആര്‍പിഎഫ് പരിപാടികളില്‍ സ്‌റ്റേജ് നിര്‍മാണത്തില്‍ ക്രമക്കേട്; പിഡബ്ല്യുഡി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ബില്‍ഡിങ് സെക്ഷനിലെ എന്‍ജിനീയര്‍മാരാണ് ഈ ജോലികള്‍ ചെയ്തുവരുന്നത്. എന്‍ജിനീയര്‍മാരുടെ ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ചു റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്തു മന്ത്രി ജി സുധാകരന്‍ പിഡബ്ല്യുഡി അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോസ് ബിശ്വാസിന് നിര്‍ദേശം നല്‍കി.

സിആര്‍പിഎഫ് പരിപാടികളില്‍ സ്‌റ്റേജ് നിര്‍മാണത്തില്‍ ക്രമക്കേട്; പിഡബ്ല്യുഡി വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: സിആര്‍പിഎഫുകാരുടെ വിവിധ പരിപാടികള്‍ക്കായുള്ള പന്തല്‍, സ്റ്റേജ് നിര്‍മാണം അടക്കമുള്ള നിര്‍മാണ ജോലികളില്‍ വർഷങ്ങളായി തുടരുന്ന ക്രമക്കേടു സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിന് പൊതുമരാമത്തു മന്ത്രി ജി സുധാകരൻ ഉത്തരവിട്ടു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ബില്‍ഡിങ് സെക്ഷനിലെ എന്‍ജിനീയര്‍മാരാണ് ഈ ജോലികള്‍ ചെയ്തുവരുന്നത്. പിഡബ്ല്യുഡി വകുപ്പ് അനുവദിക്കുന്ന പണം ഉപയോഗിച്ചാണ് പണികള്‍. എന്‍ജിനീയര്‍മാരുടെ ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പിഡബ്ല്യുഡി അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോസ് ബിശ്വാസിന് നിര്‍ദേശം നല്‍കിയത്.


കഴിഞ്ഞ ആറു വര്‍ഷത്തെ ഇത്തരം നിര്‍മാണ ജോലികളുടെ കണക്കുകള്‍ സംബന്ധിച്ച് പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. ആരൊക്കെ, എങ്ങനെയൊക്കെയാണ് അഴിമതി നടത്തിയിട്ടുള്ളതെന്നും അന്വേഷിക്കും. റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സെക്ഷനിലെ കുറ്റക്കാരായ എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വകുപ്പ് വൃത്തങ്ങള്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ നടത്തിയ ഒരു ക്രമക്കേട് സംബന്ധിച്ച് വകുപ്പിന് പരാതി ലഭിച്ചിരുന്നു. അതിനാല്‍ പള്ളിപ്പുറം അടക്കമുള്ള വിവിധ ക്യാമ്പുകളിലെ പരിപാടികളില്‍ ഈ എന്‍ജിനീയര്‍മാര്‍ ചെയ്ത സ്റ്റേജ്, ലൈറ്റ് ക്രമീകരണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് തീരുമാനം. പിഡബ്ല്യുഡി വകുപ്പിന്റെ വിഐപി ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരം ജോലികള്‍ക്ക് തുക അനുവദിക്കുന്നത്. എന്നാല്‍ പണി ഏറ്റെടുക്കുന്ന ബില്‍ഡിങ് സെക്ഷനിലെ എന്‍ജിനീയര്‍മാരില്‍ പലരും ഈ തുകയുടെ ഒരുഭാഗം സ്വന്തം കീശയിലാക്കുകയാണ് ചെയ്യുന്നത്.

തങ്ങള്‍ക്ക് പിഡബ്ല്യൂഡി വകുപ്പില്‍ നിന്നും പന്തല്‍ നിര്‍മാണം ചെയ്തുതന്നില്ലെന്ന പരാതിയുമായി ഒരു സിആര്‍പിഎഫുകാരന്‍ കഴിഞ്ഞ ആഴ്ച മന്ത്രി ജി സുധാകരനെ സമീപിച്ചിരുന്നു. ഇതോടെയാണ് ഇത്തരമൊരു സംഗതിയെ പറ്റി മന്ത്രി അറിയുന്നത്. തുടര്‍ന്ന് വിഐപി ഫണ്ട് വിനിയോഗം സംബന്ധിച്ച് പരിശോധന നടത്തിയപ്പോഴാണ് വെട്ടിപ്പ് ബോധ്യപ്പെട്ടത്.

റോഡ് നിര്‍മാണത്തില്‍ അടക്കം പൊതുമരാമത്ത് വകുപ്പില്‍ ഇത്തരത്തില്‍ നിരവധി ക്രമക്കേടുകളാണ് എന്‍ജിനീയര്‍മാര്‍ നടത്തിവരുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ 8 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതടക്കം 20 പേര്‍ക്കെതിരെയാണ് ഇതുസംബന്ധിച്ച് നടപടിയെടുത്തത്. റോഡ് നിര്‍മാണത്തിനുള്ള ടാറിന്റെ കണക്കില്‍ കൃത്രിമം കാണിച്ചെന്ന വിജിലന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ച ഷൊര്‍ണൂര്‍ അസിസ്റ്റന്റ് എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തതാണ് ഇതില്‍ അവസാനത്തേത്. അതിനുമുമ്പ്, സംസ്ഥാനത്തെ വിവിധ റോഡ് നിര്‍മാണങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ ബോധ്യപ്പെട്ടതോടെ കെഎസ്‌ഡിപി ചീഫ് എന്‍ജിനീയര്‍ പി ജി സുരേഷിനെ കഴിഞ്ഞ ഒക്ടോബര്‍ 21ന് മന്ത്രി ജി സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എവിടെയെങ്കിലും കൃത്രിമം സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ അന്വേഷിച്ച് ശക്തമായ നടപടിയെടുക്കുമെന്നാണ് മന്ത്രിയുടെ നിലപാട്.

Read More >>