പാലക്കാട് കടുത്ത വരൾച്ചയിലേയ്ക്ക്; വെള്ളമൂറ്റൽ നിർത്താൻ പെപ്സിക്ക് പഞ്ചായത്ത് നോട്ടീസ്

പെപ്‌സി പ്രതിദിനം ആറരലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം ലിറ്റർ വരെ വെള്ളം ഊറ്റുന്നുണ്ടെന്നാണ് പഞ്ചായത്ത് കണക്ക്. കമ്പനിക്കുള്ളില്‍ ആറര ഇഞ്ചിലേറെ വ്യാസമുള്ള പത്തോളം കുഴല്‍ കിണറുകളുണ്ട്. ഇതില്‍ പല കിണറുകള്‍ക്കും എണ്ണൂറടിയിലധികം താഴ്ച്ചയുമുണ്ട്.

പാലക്കാട് കടുത്ത വരൾച്ചയിലേയ്ക്ക്; വെള്ളമൂറ്റൽ നിർത്താൻ പെപ്സിക്ക് പഞ്ചായത്ത് നോട്ടീസ്

പാലക്കാട്: ജില്ല  കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നതിനാൽ വെള്ളമൂറ്റൽ നിര്‍ത്താൻ  ആവശ്യപ്പെട്ട് പുതുശ്ശേരി പഞ്ചായത്ത് ശീതള പാനീയ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സിക്ക് നോട്ടീസ് നല്‍കി. കഞ്ചിക്കോട്ടെ വൃവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെപ്‌സികോ ഇന്ത്യ ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഇന്നലെ പഞ്ചായത്ത് നോട്ടീസ് നേരിട്ട് നല്‍കിയത്. കളക്ടര്‍ക്കും ഭൂഗര്‍ഭ വകുപ്പിനും തുടര്‍ നടപടി ആവശ്യപ്പെട്ട് നോട്ടീസിന്റെ കോപ്പികള്‍ നല്‍കിയിട്ടുണ്ട്.


തിങ്കളാഴ്ച്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി ഏകകണ്ഠമായി പെപ്‌സി ജലമൂറ്റല്‍ നിറുത്തണമെന്ന പ്രമേയം പാസാക്കിയിരുന്നു. കഴിഞ്ഞ വേനലിലും ജലമൂറ്റിയുള്ള പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പെപ്‌സിക്ക് അന്നത്തെ പഞ്ചായത്ത് ഭരണസമിതി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കമ്പനി അതിനു പുല്ലുവില കല്‍പ്പിച്ചിരുന്നില്ല. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ പഞ്ചായത്തിന് അവകാശമില്ലെന്നാണ് പെപ്‌സിയുടെ നിലപാട്.

കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് നിര്‍ത്തി വെക്കാനുള്ള നോട്ടീസ് അവഗണിച്ചും പെപ്‌സി പ്രവര്‍ത്തിച്ചിരുന്നതെന്ന് ആരോപണമുണ്ട്. ഇത്തവണ സി പി ഐ എമ്മിന്റെ  നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. ഇത്തവണയും പ്രവര്‍ത്തനം നിര്‍ത്താനുള്ള നോട്ടീസ് അവഗണിച്ച് പെപ്‌സി പ്രവര്‍ത്തനം തുടര്‍ന്നാല്‍ സി പി ഐ എമ്മും പ്രതിരോധത്തിലാവും.

പെപ്‌സി പ്രതിദിനം  ആറരലക്ഷം മുതല്‍ പതിനഞ്ചു  ലക്ഷം ലിറ്റർ വരെ വെള്ളം ഊറ്റുന്നുണ്ടെന്നാണ് പഞ്ചായത്ത് കണക്ക്. എന്നാല്‍ ഇതിലും ഇരട്ടിയിലാണ് പെപ്‌സി വെള്ളം ഊറ്റുന്നതെന്നാണ് പരിസ്ഥിതി സംഘടനകളും ജനകീയ സമിതിയും ആരോപിക്കുന്നത്. കമ്പനിക്കുള്ളില്‍ ആറര ഇഞ്ചിലേറെ വ്യാസമുള്ള പത്തോളം കുഴല്‍ കിണറുകള്‍ ഉണ്ടെന്നാണ് കണക്ക്. ഇതില്‍ പല കിണറുകള്‍ക്കും എണ്ണൂറടിയിലധികം  താഴ്ച്ചയുമുണ്ട്. എന്നാല്‍ ഈ കിണറുകളുടെ എണ്ണവും പറഞ്ഞ കണക്കിലേറെ വരുമെന്നതാണ് വാസ്തവം. കമ്പനിക്കകത്ത് കൃത്യമായി എത്ര കിണറുകള്‍ ഉണ്ടെന്ന് പരിശോധിക്കണമെന്ന ആവശ്യം കമ്പനി ഇതുവരെ അംഗീകരിച്ചിട്ടില്ല.

ശക്തമായ ജലചൂഷണവും ജലമലിനീകരണവും നടത്തുന്ന പുതുശേരിയിലെ പെപ്‌സി കമ്പനിക്കെതിരെ ഒരു രാഷ്ട്രീയ കക്ഷിയും സമരം നടത്തുന്നില്ലെന്നതാണ് വാസ്തവം. സി പി ഐയും ജനകീയ സമരസമിതിയുമെല്ലാം നേരത്തെ സമരം രംഗത്തുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാരു പ്രത്യക്ഷ സമരം നടത്തുന്നില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ജലസേചന മന്ത്രിയായിരുന്ന എം കെ പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം ഭൂവകുപ്പ് പരിശോധന നടത്താനും ഉപയോഗം നിയന്ത്രിക്കാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നു. പിന്നീടു വന്ന യു ഡി എഫ് സർക്കാറിന്റെ കാലത്ത് പരിശോധന നിര്‍ത്തലാക്കുകയും ചെയ്തു.

Read More >>