പഞ്ചാബിലെ നാഭ ജയില്‍ ആക്രമണം; യുപിയില്‍ നിന്നും ഒരാള്‍ പിടിയില്‍

പര്‍വീന്ദര്‍ എന്നയാളെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

പഞ്ചാബിലെ നാഭ ജയില്‍ ആക്രമണം; യുപിയില്‍ നിന്നും ഒരാള്‍ പിടിയില്‍ലക്നൗ: പഞ്ചാബിലെ നാഭ ജയില്‍ ആക്രമിച്ച് 5 തടവുകാരെ മോചിപ്പിച്ച സംഭവത്തില്‍ ഒരാളെ പിടികൂടിയതായി പൊലീസ് അറിയിച്ചു. പര്‍വീന്ദര്‍ എന്നയാളെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പിടികൂടിയത്. ഇയാളുടെ കാറില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

ജയില്‍ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തില്‍ പോകവേയാണ് പര്‍വീന്ദര്‍ സിങ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ജവീദ് അഹമ്മദ് പറഞ്ഞു. ഇന്റലിജന്‍സില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും ഡിജിപി വ്യക്തമാക്കി. അക്രമണത്തില്‍ പങ്കുണ്ടെന്ന് പര്‍വീന്ദര്‍ സമ്മതിച്ചതായി ഉത്തര്‍പ്രദേശ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് യുപിയിലും അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വാഹനപരിശോധനയിലാണ് ഇയാളെ കണ്ടെത്തിയത്.


പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം ഖാലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാല് പേരെയാണ് മോചിപ്പിച്ചത്. 10 പേരടങ്ങുന്ന സായുധ സംഘമായിരുന്നു ആക്രമണത്തിനു പിന്നില്‍.
നിരോധിത ഭീകരസംഘടനയായ ഖാലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റു, അധോലോക നേതാക്കന്‍മാരായ ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് രക്ഷപെട്ടവര്‍. പോലീസ് യൂണിഫോമിലെത്തിയ സംഘം ജയിലിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. പോലീസിന് നേരെ ഇവര്‍ 100 റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്.

കുറ്റവാളികളെ പിടികൂടുന്നതിനായി പഞ്ചാബ് അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ പഞ്ചാബില്‍ പൊലീസ് വെടിവെയ്പില്‍ ഒരു സ്ത്രീ മരിച്ചു. ബാരിക്കേഡ് മറികടന്ന കാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ജയില്‍ ചാടിയവര്‍ക്കായുള്ള തിരച്ചിലിന്റെ ഭാഗമായാണ് റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ഇത് മറികടന്നതോടെയാണ് വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു.

Read More >>