അത്‌ലറ്റികോയെ അട്ടിമറിച്ച് പൂണെ; ജയത്തോടെ പുണെ ആറാം സ്ഥാനത്തേക്ക്

എട്ടുകളികളിൽ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ അത്ലറ്റികോ

അത്‌ലറ്റികോയെ അട്ടിമറിച്ച് പൂണെ; ജയത്തോടെ പുണെ ആറാം സ്ഥാനത്തേക്ക്പുനെ: അത്‌ലറ്റികോ ഡി കൊൽക്കത്തയ്‌ക്കെതിരെ പുണെ സിറ്റി എഫ്.സിക്ക് അട്ടിമറി ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഹോം ഗ്രൗണ്ടിൽ പുണെ സിറ്റിയുടെ ജയം.

എഡ്വാർഡോ ഫെരേരയിലൂടെ 41-ആം മിനുറ്റിൽ ഗോൾ നേടി പുണെയാണ് ആദ്യം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ അനിബൽ സുദ്രോയാണ് രണ്ടാം ഗോൾ നേടിയത്. 56ാം മിനിട്ടിൽ ഒരു പെനാൽറ്റി കിക്കിൽ നിന്നായിരുന്നു സുദ്രോ രണ്ടാം ഗോളും നേടി ആതിഥേയരുടെ ലീഡ് ഇരട്ടിപ്പിച്ചു. പെനാൽറ്റിയിലൂടെയായിരുന്നു രണ്ടാം ഗോൾ പിറന്നത്. 69-ആം മിനുറ്റിൽ പൊനൽറ്റി മിസാക്കിയ ഇയാൻ ഹ്യൂം റീ ബൗണ്ട് ചെയ്ത പന്ത് ഗോളാക്കിയാണ് അത്ലറ്റിക്കോയുടെ ആശ്വാസം കണ്ടെത്തിയത്.

കളിയുടെ തുടക്കം മുതൽ തന്നെ പുനെ മികച്ച രീതിയിലാണ് കളിച്ചത്. എട്ടാം മിനുറ്റിൽ അത്ലറ്റിക്കോയുടെ മാർക്വീ താരം പോസ്റ്റീഗ ഒരു ഷോട്ടു പായിച്ചെങ്കിലും ലക്ഷ്യം തെറ്റി പുറത്തേക്കുപോയി. പലതവണ അത്ലറ്റിക്കോയുടെ ബോക്‌സിൽ പന്തുമായി കയറി വന്ന എഡ്വോർഡോ ഫെരേര 41-ആം മിനുറ്റിൽ വലയ്ക്കുള്ളിലാക്കി. വലതുമൂലയിൽ നിന്ന് ജൊനാഥൻ ലൂക്ക ഉയർത്തിവിട്ട പന്ത് ഹെഡ് ചെയ്ത് വലയിൽ കയറ്റുകയായിരുന്നു ഫെരേര.
55-ആം മിനുറ്റിൽ ടാറ്റോയെ പ്രീതം കോട്ടാൽ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി കിക്കാണ് അനിബാൽ സുദ്രോ പൂനെയുടെ രണ്ടാം ഗോളാക്കി മാറ്റിയത്. 69-ആം മിനുറ്റിൽ ഹെൽഡർ പോസ്റ്റീഗയെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തതിനാണ് റഫറി കൊൽക്കത്തയ്ക്ക് അനുകൂലമായി സ്‌പോട്ട് കിക്ക് വിധിച്ചത്. ഇയാൻ ഹ്യൂം തൊടുത്ത ആദ്യ ഷോട്ട് എഡൽ തട്ടിയിട്ടെങ്കിലും റീ ബൗണ്ട് ചെയ്ത പന്ത് പിടിച്ചെടുത്ത് ഹ്യൂം തന്നെ വലയ്ക്കുള്ളിലാക്കി.
ആദ്യ ഗോളടിച്ചശേഷം കൊൽക്കത്ത ഉണർന്നു കളിച്ചെങ്കിലും കളിയുടെ ഗതി മാറ്റാൻ കഴിഞ്ഞില്ല. 72-ആം മിനുറ്റിൽ സമീഹ് ദൗത്തീക്ക് ലഭിച്ച അവസരവും തൊട്ടുപിറകെ എഡലിന് പറ്റിയ അബദ്ധവും മുതലെടുക്കാൻ കഴിയാതെ വന്നതും കൊൽക്കത്തയ്ക്ക് നിരാശ സമ്മാനിച്ചു.
മത്സരം വിജയിച്ചിരുന്നുവെങ്കിൽ അത്ലറ്റികോയ്ക്ക് പട്ടികയിൽ ഒന്നാമതെത്താമായിരുന്നു. എട്ടുകളികളിൽ നിന്ന് 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ അത്ലറ്റികോ. എട്ട് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റായ പൂനെ അവസാന സ്ഥാനത്തു നിന്ന് ഗോവയെയും ബ്‌ളാസ്റ്റേഴ്‌സിനെയും മറികടന്ന് ആറാം സ്ഥാനത്തേക്ക് ഉയർന്നു. എട്ടു കളികളിൽ നിന്ന് ഒമ്പത് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ഇപ്പോൾ ഏഴാം സ്ഥാനത്താണ്. വിശ്രമദിനമായതിനാൽ ഇന്ന് കളിയില്ല.

Read More >>