കോമാളിക്കളിയല്ല മാധ്യമപ്രവർത്തനം, ചങ്കൂറ്റമുണ്ടെങ്കിൽ എൻഡിറ്റിവി ചിദംബരത്തിന്റെ അഭിമുഖം സംപ്രേഷണം ചെയ്യണം

ചിദംബരത്തിന്റെ അഭിമുഖം പിൻവലിച്ച് മോദിയെയും അമിത് ഷായെയും പ്രീണിപ്പിക്കാനുളള എൻഡിടിവിയുടെ ശ്രമം ഫലം കണ്ടില്ലെന്നാണ് വാർത്താവിനിമയമന്ത്രാലയത്തിന്റെ ചാനലിനെതിരെയുളള തീരുമാനം തെളിയിക്കുന്നത്.

കോമാളിക്കളിയല്ല മാധ്യമപ്രവർത്തനം, ചങ്കൂറ്റമുണ്ടെങ്കിൽ എൻഡിറ്റിവി ചിദംബരത്തിന്റെ അഭിമുഖം സംപ്രേഷണം ചെയ്യണം

ദില്ലി ബ്യൂറോ

വാർത്താവിനിമയ മന്ത്രാലയത്തിന്റെ വിലക്കുശിക്ഷയ്ക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ദേശീയസുരക്ഷയ്ക്കു ഹാനികരമായ വിവരങ്ങളുണ്ടെന്ന കാരണം പറഞ്ഞ് പിൻവലിച്ച മുൻ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ അഭിമുഖത്തെക്കുറിച്ച് എൻഡിടിവിയ്ക്ക് നിശബ്ദത. പത്താന്‍കോട്ട്‌ ഭീകരാക്രമണത്തിനിടെ തന്ത്രപരമായ പ്രാധാന്യമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് എൻഡിടിവി ഹിന്ദിയുടെ ഒരു ദിവസത്തെ സംപ്രേഷണം വാർത്താ വിനിമയ മന്ത്രാലയം വിലക്കിയത്. സർക്കാർ തീരുമാനത്തോടുളള പ്രതിഷേധമായി പ്രൈം ടൈമിൽ മൈം അവതരിപ്പിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ രവീഷ് കുമാറിന് രാജ്യവ്യാപകമായ പിന്തുണയും ലഭിക്കുന്നുണ്ട്. സർക്കാരിനെതിരെ ഉയരുന്ന ചോദ്യങ്ങളെ നിശബ്ദമാക്കിയാൽ എന്തു സംഭവിക്കുമെന്ന് മൈം കലാകാരന്മാർ ഫലപ്രദമായി അവതരിപ്പിക്കുകയും ചെയ്തു.


raveesh-kumar-mimeഎന്നാൽ, ബാലിശമായ കാരണങ്ങൾ നിരത്തി പിൻവലിച്ച ചിദംബരത്തിന്റെ അഭിമുഖം സംപ്രേഷണം ചെയ്ത് സർക്കാരിനെ വെല്ലുവിളിക്കാനുളള ധൈര്യം ഇപ്പോഴും എൻഡിടിവിയ്ക്കില്ല എന്നും വിമർശനമുയരുന്നു.  രാഷ്ട്രീയത്തിനു വേണ്ടി ദേശീയ സുരക്ഷയോട് വിട്ടുവീഴ്ച ചെയ്യാനാവില്ലെന്ന ന്യായം പറഞ്ഞാണ് പി ചിദംബരത്തിന്റെ അഭിമുഖം എൻഡിടിവി സംപ്രേഷണം
ചെയ്യാതെ വിഴുങ്ങിയത്.

പാകിസ്താനിൽ ഇന്ത്യ നടത്തിയെന്ന് അവകാശപ്പെട്ട സർജിക്കൽ ആക്രമണങ്ങളെക്കുറിച്ച് ഗൌരവമായ സംശയങ്ങളാണ് പി ചിദംബരം അഭിമുഖത്തിൽ ഉന്നയിച്ചത്. അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചാനൽ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. എന്നാൽ അഭിമുഖം കാണാൻ ഒമ്പതു മണിയ്ക്ക് ടിവിയ്ക്കു മുന്നിലെത്തിയ പ്രേക്ഷകർ വിഡ്ഢികളായി.

"ഇന്ത്യ രാഷ്ട്രീയത്തിനു മീതെ", "രാഷ്ട്രീയം ദേശസുരക്ഷയോട് വിട്ടുവീഴ്ച ചെയ്യരുത്" തുടങ്ങിയ ആപ്തവാക്യങ്ങൾ എഴുതിവെച്ച കാർഡാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. സർജിക്കൽ ആക്രമണങ്ങളുടെ സാധുത സംശയിച്ച രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി അധ്യക്ഷൻ രംഗത്തിറങ്ങിയ അതേ ദിവസമാണ് ചിദംബരത്തിന്റെ അഭിമുഖം എൻഡിടിവി പിൻവലിച്ചത്. തന്റെ അഭിമുഖത്തിൽ ദേശീയ സുരക്ഷയെ ബാധിക്കുന്ന നിലപാടുകളെന്തെന്ന് വ്യക്തമാക്കണമെന്ന് ചിദംബരം ചാനലിനോട് ആവശ്യപ്പെട്ടുവെങ്കിലും ഇതേവരെ മറുപടി നൽകിയില്ല.

ചിദംബരത്തിന്റെ അഭിമുഖം പിൻവലിച്ച് മോദിയെയും അമിത് ഷായെയും പ്രീണിപ്പിക്കാനുളള എൻഡിടിവിയുടെ ശ്രമം ഫലം കണ്ടില്ലെന്നാണ് വാർത്താവിനിമയമന്ത്രാലയത്തിന്റെ ചാനലിനെതിരെയുളള തീരുമാനം തെളിയിക്കുന്നത്. അഹിത വാർത്തകളും ചോദ്യങ്ങളും സംപ്രേഷണം ചെയ്യുന്ന ചാനലുകളെ വേട്ടയാടാൻ തന്നെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഭോപ്പാൽ വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ ഗൌരവതരമായ വെളിപ്പെടുത്തലുകളുമായി സിഎൻഎൻ/ഐബിഎൻ രംഗത്തെത്തിയപ്പോൾ റിലയൻസിന് വൻതുക പിഴ വിധിച്ചായിരുന്നു സർക്കാരിന്റെ പ്രതികരണം. ഈ ചാനലിന്റെ ഉടമസ്ഥത ഇപ്പോൾ റിലയൻസിനാണ്.

Read More >>