വികാരിയുടെ ലൈംഗിക അതിക്രമം: അഭിമാന മൗനം പാലിക്കാന്‍ സഭ; പരാതിയുമായി വീട്ടമ്മ പോലീസില്‍

സഭാനേതൃത്വത്തിന് വികാരിയെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ നടക്കാവ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വികാരിയുടെ ലൈംഗിക അതിക്രമം: അഭിമാന മൗനം പാലിക്കാന്‍ സഭ; പരാതിയുമായി വീട്ടമ്മ പോലീസില്‍

വിധവയും രണ്ടും കുട്ടികളുടെ അമ്മയുമായ വീട്ടമ്മയോട് ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട്ടെ ഇംഗ്ലീഷ് പള്ളി വികാരിയെ സഭാനേതൃത്വം സംരക്ഷിക്കുന്നതായി പരാതി. സംഭവം ഒരു തരത്തിലും പുറത്തു പറയരുതെന്നും പുറത്തറിഞ്ഞാല്‍ സഭയുടെയും പള്ളിയുടെയും ആഭിജാത്യം നഷ്ടപ്പെടുമെന്നും സഭാ നേതൃത്വം തന്നോട് പറഞ്ഞതായി പരാതിക്കാരി പറയുന്നു. കോഴിക്കോട് ചേവായൂര്‍ സ്വദേശിനിയാണ് ഇത് സംബന്ധിച്ച് പരാതിയുമായി രംഗത്ത് വന്നത്. സഭാനേതൃത്വത്തിന് വികാരിയെ കുറിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. കോഴിക്കോട് നടക്കാവ് സിഎസ്ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളി വികാരി ടിഎ  ജെയിനെതിരെ നടക്കാവ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.


കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ വീട്ടമ്മ ഒന്നര വര്‍ഷമായി കൊല്‍ക്കത്തയിലാണ് താമസം.  മകളുടെ ജന്‍മദിനത്തിന് പ്രത്യേക പ്രാര്‍ത്ഥന നടത്താനാണ് നടക്കാവ് ഇംഗ്ലീഷ് പള്ളി വികാരിയെ ഫോണില്‍ ബന്ധപ്പെട്ടത്. മകളുടെ പേരും ഫോണ്‍ നമ്പറും അയച്ചു കൊടുക്കാന്‍ വൈദികന്‍ ആവശ്യപ്പെടുകയും വീട്ടമ്മയുടെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ തന്റെ ഫോണിലേയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും തന്റെ കൂടെ വന്ന് താമസിക്കാന്‍ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ലൈംഗിക ബന്ധത്തിനും  ക്ഷണമുണ്ടായി. പുരോഹിതനെക്കാള്‍ പ്രായമുള്ള വിധവയായ ഒരു സ്ത്രീയെ ലൈംഗികതയ്ക്കു ക്ഷണിക്കുന്നത് ക്രിസ്തീയതയ്ക്ക് നിരക്കുന്നതാണോയെന്ന് താന്‍ ചോദിച്ചപ്പോള്‍ സ്‌നേഹിക്കുന്നത് വ്യഭിചാരമല്ലെന്നായിരുന്നു വൈദികന്റെ മറുപടിയെന്നും വീട്ടമ്മ പറയുന്നു. എന്തു വന്നാലും പിന്നോട്ടില്ലെന്നും ഇയാള്‍ തന്നോട് പറഞ്ഞുവെന്നും ഇത്തരം പെരുമാറ്റം വിശ്വാസിയായ തന്നെ മാനസികമായി തളര്‍ത്തിയെന്നും ചേവായൂര്‍ സ്വദേശിനി പറയുന്നു.

ചെറുപ്പം മുതല്‍ വിശ്വാസിയായിരുന്നതിനാല്‍ പുരോഹിതനെതിരെ നിയമപരമായി നീങ്ങാന്‍ മാനസികമായ ബുദ്ധിമുട്ട് ഉള്ളതു കൊണ്ടാണ് സഭാ നേതൃത്വത്തെ സമീപിച്ചത്. മലബാര്‍ ഇടവക ബിഷപ്പ് റോയ്സ് മനോജ് വിക്ടറിനെ നേരില്‍ കണ്ടും ഇമെയില്‍ വഴിയും പരാതി നല്‍കി. വികാരിയെ താക്കീത് ചെയ്യുകയോ മാറ്റി നിര്‍ത്തുകയോ ചെയ്തില്ല. വികാരിക്കെതിരെ ഗൗരവമായ നടപടികള്‍ സ്വീകരിക്കുമെന്നും സംഭവം പുറത്തു പറഞ്ഞാല്‍ സഭയുടെയും പള്ളിയുടെയും ആഭിജാത്യം തകരുമെന്നും വികാരിയുടെ കുഞ്ഞിനെയും ഭാര്യയെയും ഓര്‍ക്കണമെന്നും ക്ലെര്‍ജി സെക്രട്ടറി ജേക്കബ് ഡാനിയേല്‍ തന്നോട് അപേക്ഷിച്ചു. സമ്മര്‍ദ്ദം ഏറിയപ്പോള്‍ നടപടി ഉറപ്പ് നല്‍കി ബിഷപ്പ് തനിക്ക് ഇമെയില്‍ അയച്ചു. ഇതിനു ശേഷം വൈദികനെ നിലമ്പൂര്‍ സിഎസ്ഐ സെന്റ് മാത്യൂസ് പള്ളിയിലേയ്ക്ക് സെപത്ംബര്‍ 29 ന് സ്ഥലം മാറ്റി. ഈ സ്ഥലം മാറ്റം 33 ദിവസത്തിനു ശേഷം സഭാ നേതൃത്വം തന്നെ അട്ടിമറിച്ചു. തുടര്‍ന്നും ഇയാളെ നടക്കാവ് ഇംഗ്ലീഷ് പള്ളി വികാരിയായി നിയമിക്കുകയായിരുന്നു.

സഭയില്‍ നിന്ന് നീതി ലഭിക്കാതെയായപ്പോള്‍ അന്വേഷിയെന്ന സംഘടനയെ സമീപിച്ചു. സഭയും സംഘടനയുമായുള്ള അനുരഞ്ജന ചര്‍ച്ചകള്‍ അലസിയതിനെ തുടര്‍ന്ന് നടക്കാവ് പോലീസ് സ്റ്റേഷനില്‍ നവംബര്‍ 4 ാം തീയതി പരാതി സമര്‍പ്പിക്കുകയും 6 -ാം തീയതി എഫ്ഐആര്‍ ഇടുകയും ചെയ്തു. വികാരിയെ തങ്ങള്‍ നിലനിര്‍ത്തുമെന്നും എവിടെ വേണമെങ്കിലും പരാതിയുമായി പോയ്ക്കൊള്ളുവെന്നും ക്ലെര്‍ജി സെക്രട്ടറി തന്നെ വെല്ലുവിളിച്ചതായും വീട്ടമ്മ പറയുന്നു. വൈദികന്‍ മൊബൈല്‍ ഫോണിലൂടെയും മെയില്‍ ചാറ്റിലൂടെയും നടത്തിയ അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളുടെ പകര്‍പ്പുകള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.

വൈദികനെ സ്ഥലം മാറ്റിയതിന്റെ രേഖകള്‍ തനിക്ക് ഇ മെയില്‍ ആയി അയക്കാനും പ്രശ്നം പള്ളി പൊതുയോഗത്തില്‍ ഉയര്‍ത്താനും താന്‍ സഭാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. പ്രായത്തില്‍ ഇളയതായ വൈദികനെ ലൈംഗികമായി ക്ഷണിച്ചതിനു ശേഷം താന്‍ തന്നെ പരാതിയില്‍ നിന്ന് പിന്‍മാറിയെന്ന  ആരോപണം സഭയില്‍ നിന്നോ സമൂഹത്തില്‍ നിന്നോ പിന്നീട് കേള്‍ക്കാന്‍ താത്പര്യമില്ലാത്തതിനാലായിരുന്നു അത്തരമൊരു ആവശ്യം താന്‍ ഉന്നയിച്ചതെന്ന് പരാതിക്കാരി പറയുന്നു. കഴിഞ്ഞ 31 -ാം തീയതി വാക്കാല്‍ തന്നെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും എന്നാല്‍ വൈദികനെ ഇടവകയില്‍ നിന്ന് മാറ്റി നിര്‍ത്തില്ലെന്നും അമ്മയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണമെന്നും സഭാ അധികാരികള്‍ തന്റെ മകളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യോഗത്തില്‍ താന്‍ പങ്കെടുത്തില്ല.

മലബാര്‍ ഇടവക ബിഷപ്പില്‍ നിന്ന് നീതി ലഭിക്കാത്തതിനെ തുടര്‍ന്ന് മധ്യകേരള മഹാ ഇടവക ബിഷപ്പും സിഎസ്ഐ ഡെപ്യൂട്ടി മോഡേറേറ്റുമായ റവ: തോമസ് കെ ഉമ്മനെ സമീപിച്ചു. തോമസ് കെ ഉമ്മന്റെ ഫെയ്സ്ബുക്ക് പേജില്‍ പരാതിക്കാരി ഇതു സംബന്ധിച്ച്  പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പരിചയക്കുറവായിരിക്കും അദ്ദേഹം അത് ഡിലീറ്റ് ചെയ്തിരുന്നില്ല. മധ്യകേരള മഹാ ഇടവകയുടെ 200 -ാം വാര്‍ഷിക ആഘോഷത്തിന്റെ തിരക്കിലാണെന്നും വെറുതെ ശല്യം ചെയ്യരുതെന്നുമായിരുന്നു ബിഷപ്പിന്റെ മറുപടി. 'നിങ്ങളുടെ കോള്‍ കേട്ടു നിന്നാല്‍ മതിയോ, അയാളെ മാറ്റിയെന്നാണ് കേള്‍ക്കുന്നതെ'ന്നും തോമസ് കെ ഉമ്മന്‍ പറഞ്ഞതായും പരാതിക്കാരി പറയുന്നു. സഭയുടെ ഉന്നത അധികാര സമിതിയില്‍ വീട്ടമ്മയ്ക്ക് അനുകൂല നിലപാട് എടുത്തവരെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും നിലവില്‍ ഉണ്ടായി. തുടര്‍ന്നാണ് നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും വീട്ടമ്മ പറയുന്നു. ഈ വിഷയവുമായി സഭാ നേതൃത്വത്തെ ബന്ധപ്പെടുവാന്‍ ശ്രമിച്ചുവെങ്കിലും തിരക്കിലാണെന്നായിരുന്നു വിശദീകരണം.

Read More >>