'ലമ്പടൻ' തന്നെ നയിക്കട്ടെ എന്ന് അമേരിക്കൻ സമൂഹം: വർണ്ണവെറിക്കുള്ള വോട്ട്

സ്ത്രീവിരുദ്ധതയും മറയില്ലാത്ത വര്‍ണവെറിയും ഇനി, ഔദ്യോഗികമായിത്തന്നെ, അമേരിക്കയിൽ വെറുക്കപ്പെടുന്ന വ്യക്തിഗുണങ്ങളല്ല. സാമ്പത്തിക കുറ്റകൃത്യങ്ങളോ ലൈംഗികാതിക്രമ ആരോപണങ്ങളോ ഒന്നും ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെയും വിജയത്തെയും ഉലച്ചില്ലെന്നത് മറ്റൊന്നിന്റെയും സൂചനയല്ല.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണാള്‍ഡ് ട്രംപ് ഉജ്ജ്വലവിജയമുറപ്പിച്ചപ്പോൾ തകർന്നടിയുന്നത് ട്രംപിനെതിരെ നടന്ന പ്രചാരണങ്ങളാണ്. ട്രംപിനെ സ്ത്രീ ലമ്പടനും വംശീയവാദിയുമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു കാര്യമായും ഡെമോക്രാറ്റ് ക്യാമ്പിന്റെ തെരഞ്ഞെടുപ്പുവേല. എന്നാൽ, അതേ പ്രചാരണം ട്രംപിനു തുണയായെന്നു വേണം വിചാരിക്കാൻ. ലോക പുരുഷനായ രാഷ്ട്രത്തെ നയിക്കാന്‍ അങ്ങനെയൊരു പുരുഷന്‍തന്നെ വേണമെന്നു നിശ്ചയിച്ചിരിക്കുകയാണ് അമേരിക്കന്‍ പൗരസമൂഹം.


1946 ജൂണ്‍ 14 ജനിച്ച ഡോനാള്‍ഡ് ജോണ്‍ ട്രംപ്, 'ട്രംപ് ' എന്ന സംഘടനയുടെ ചെയര്‍മാനും പ്രസിഡണ്ടും ട്രംപ് വിനോദ റിസോര്‍ട്ടിന്റെ സ്ഥാപകനുമാണ്.

സാമ്പത്തിക മികവ് എന്നതായിരുന്നു 1992 ലെ തെരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റന്റെ മുദ്രാവാക്യം. 2008 ല്‍ ബാറാക് ഒബാമ പ്രത്യാശയും മാറ്റവും എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചു. എന്നാല്‍, 'ഭീതി പരത്തുക, വെറുക്കുക' എന്ന മുദ്രാവാക്യമാണ് ഡൊണാള്‍ഡ് ട്രംപ് തന്റെ തെരഞ്ഞെടുപ്പിലുയർത്തിയത്. താനാണ് അമേരിക്കന്‍ ജനതയുടെ ശബ്ദം എന്ന് പാര്‍ട്ടി പ്രസിഡന്‍ഷ്യല്‍ നോമിനിയായിരിക്കെത്തന്നെ ട്രംപ് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചു. ആ ആത്മവിശ്വാസം ശരിയായിരുന്നുവെന്നും ഇപ്പോൾ തെളിഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക ശക്തിയായിരുന്നു ഇന്ത്യന്‍ വംശജർ. അവസാന ഘട്ടത്തില്‍ ഇന്ത്യക്കാരുടെ വോട്ടുകള്‍ ട്രംപിന് ആകര്‍ഷിക്കാന്‍ കഴിഞ്ഞുവെന്നാണു വിജയം സൂചിപ്പിക്കുന്നത്.

വടക്കേ അമേരിക്കയില്‍ 1854-ല്‍ അടിമത്തവിരുദ്ധ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി രൂപം കൊണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ജിഒപി അഥവാ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടി എന്നും ഇത് അറിയപ്പെടുന്നു. അമേരിക്കയില്‍ ഇതേ വരെ 18 രാഷ്ട്രതലവന്‍മാരാണ് ഈ പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ജോര്‍ജ് ഡബ്ല്യു. ബുഷ് ആണ് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ ഏറ്റവും ഒടുവിലത്തെ പ്രസിഡണ്ട്.

തരംതാണ ആരോപണ പ്രത്യാരോപണങ്ങള്‍കൊണ്ടും നെറികെട്ട പ്രചാരണങ്ങൾകൊണ്ടും ചരിത്രത്തില്‍ സ്ഥാനം പിടിച്ച തെരഞ്ഞെടുപ്പായിരുന്നു ഇത്. അങ്ങനെയൊരു തെരഞ്ഞെടുപ്പിന് പറ്റിയ സ്ഥാനാർത്ഥിയായി ട്രംപ് സ്വയം തെളിയിച്ചു കൊടുത്തു.

അമേരിക്കന്‍ മുതലാളിത്തജീവിതം എത്തിനിൽക്കുന്ന എല്ലാ വൈയക്തിക അവസ്ഥകളുടെയും ഉത്തമപ്രതിനിധിയാണ് ട്രംപ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ കഴിവും യോഗ്യതയും പാരമ്പര്യവുമുള്ള എല്ലാ സ്ഥാനാര്‍ഥികളെയും പിന്തള്ളിയാണ് കുപ്രസിദ്ധനായിട്ടും ഡൊണാള്‍ഡ് ട്രംപ് മുന്‍പിലെത്തിയത്. അതിൽ തകര്‍ന്നടിഞ്ഞത് ഒരു വലിയ വിഭാഗം വരുന്ന യാഥാസ്ഥിതിക ജനങ്ങളുടെ സ്വപ്നങ്ങള്‍കൂടി ആയിരുന്നു.

അവസരവാദവും മനുഷ്യത്വമില്ലായ്‌മയും  നെറികെട്ട ബിസിനസ് രീതികളും കൊണ്ട് ട്രംപ് എതിരാളികളെയും, പ്രത്യേകിച്ച് സ്ത്രീകളെയും, എപ്പോഴും നേരിട്ടുകൊണ്ടിരുന്നു. മോശമായ പദപ്രയോഗങ്ങള്‍ മാത്രമല്ല പ്രവൃത്തികളും അതിനകമ്പടിയായി വന്നുകൊണ്ടിരുന്നു, അങ്ങനെയൊരാള്‍ ആധികാരികമായി പ്രസിഡന്റ് സ്ഥാനാര്‍ഥി ആയത് യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് രംഗത്തുനിന്നുപോലും അകറ്റിയിരുന്നു.

താന്‍ എല്ലാ മാനദണ്ഡങ്ങൾക്കും അതീതനാണെന്ന പ്രതീതി ഉണ്ടാക്കുന്നതിൽ ട്രംപ് അത്യസാധാരണ നൈപുണ്യം കാട്ടി. സ്വന്തം വീഴ്ചകളെയും അധാര്‍മികതകളെയും വരെ ട്രംപ് സ്വയം ഉയര്‍ത്തിക്കാട്ടി. തന്റെ നികുതിവെട്ടിപ്പുപോലും വ്യവസ്ഥയുടെ പഴുതുകളെ മറികടക്കാനുള്ള കഴിവായി ട്രംപ് അവതരിപ്പിച്ചപ്പോൾ അത് വോട്ടർമാരിൽ വെറുപ്പല്ല ജനിപ്പിച്ചതെന്ന് ഇപ്പോൾ സുവ്യക്തമായി!

അമേരിക്കന്‍ ചരിത്രത്തിലെ ആദ്യസംഭവമാകാം ഇങ്ങനെയൊരു പ്രസിഡണ്ട് സ്ഥാനാർത്ഥി. തികഞ്ഞ സ്ത്രീവിരുദ്ധതയും മറയില്ലാത്ത വര്‍ണവെറിയും ഇനി, ഔദ്യോഗികമായിത്തന്നെ, അമേരിക്കയിൽ വെറുക്കപ്പെടുന്ന വ്യക്തിഗുണങ്ങളല്ല. സാമ്പത്തിക കുറ്റകൃത്യങ്ങളോ ലൈംഗികാതിക്രമ ആരോപണങ്ങളോ ഒന്നും ട്രംപിന്റെ സ്ഥാനാര്‍ഥിത്വത്തെയും വിജയത്തെയും ഉലച്ചില്ലെന്നത് മറ്റൊന്നിന്റെയും സൂചനയല്ല.

പണത്തിന്റെ കുത്തൊഴുക്കായിരുന്നു ട്രംപിന്റെ പ്രചരണത്തിൽ. പ്രചാരണത്തിന് ആശ്രയിച്ച വിമാനക്കമ്പനിക്കു മാത്രം നൽകിയത്  5.6 മില്ല്യൺ യുഎസ് ഡോളറാണ്. ട്രംപിന്റെ മാർ ആ ലാഗോ എസ്‌റ്റേറ്റിലെ ഭക്ഷണത്തിനും താമസ സൗകര്യത്തിനുമായി ചെലവിട്ടത് 432,371 യു എസ് ഡോളർ. പ്രചാരണത്തിന്റെ തലസ്ഥാനമായ ട്രംമ്പ് ടവറിലെ താമസച്ചെലവോ, ഒരു മില്ല്യൺ യു എസ് ഡോളർ. കൂടാതെ ട്രംമ്പിന്റെ ചിത്രം പതിച്ച പുസ്തകങ്ങളും വെള്ളക്കുപ്പികളും യഥേഷ്ടം, കണക്കില്ലാതെ.

സ്വന്തം കൈയിൽനിന്നു തന്നെ പത്തു മില്ല്യൺ യു എസ് ഡോളർ പ്രചാരണത്തിനായി ട്രംപ് ചെവഴിച്ചുവെന്നാണ് കണക്ക്.