മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, മാര്‍ ജോസഫ് സ്രാമ്പിക്കലിനും നാളെ മാഞ്ചസ്റ്ററില്‍ സ്വീകരണം

സിറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിനും നാളെ ഉച്ചകഴിഞ്ഞ് മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു.

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും, മാര്‍ ജോസഫ് സ്രാമ്പിക്കലിനും  നാളെ മാഞ്ചസ്റ്ററില്‍ സ്വീകരണം

അലകസ് വര്‍ഗീസ്

മാഞ്ചസ്റ്റര്‍: യുകെയില്‍ സിറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപത ആരംഭിച്ചതിന് ശേഷം സഭാമക്കളെ നേരില്‍ കാണുന്നതിനായി യുകെയില്‍ എത്തിയിരിക്കുന്ന സീറോ മലബാര്‍ സഭയുടെ തലവന്‍  മേജര്‍  ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിനും നാളെ  ഉച്ചകഴിഞ്ഞ്  മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കുന്നു.

വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നാളെ ഞാറാഴ്ച്ച (6/11/16) ഉച്ചക്ക് 1.30 മുതലാണ് സ്വീകരണ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്. ഷ്രൂസ്ബറി,സാല്‍ഫോര്‍ഡ്, ലിവര്‍പൂള്‍ രൂപതകളുടെ സംയുക്താഭിമുഖ്യത്തിലാണ്   സ്വീകരണ പരിപാടികള്‍  സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചക്ക് 1.30 ന്എത്തിച്ചേരുന്ന അഭിവന്ദ്യ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെയും, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ തലവന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനെയും, വൈദീക ശ്രേഷ്ടരെയും  സീറോ മലബാര്‍ വിശ്വാസികള്‍  മുത്തുക്കുടകളുടെ അകമ്പടിയോടെ സ്വീകരിച്ച് സെന്റ് ആന്റണീസ് ദേവാലയത്തിലേക്ക് ആനയിക്കും. ഇതേതുടര്‍ന്ന് നടക്കുന്ന ദിവ്യബലില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. മാര്‍ ജോസഫ് സ്രാമ്പിക്കലും മറ്റ് വൈദികരും സഹകാര്‍മ്മികരാകും.


ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറാള്‍ ഫാ.സജി മലയില്‍ പുത്തന്‍പുരയുടെയും, സീറോ  മലബാര്‍ ചാപ്ലിന്‍മാരായ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി, ഫാ.ജിനോ അരീക്കാട്ട്, ഫാ.തോമസ് തൈക്കൂട്ടത്തില്‍, എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടികള്‍  സംഘടിപ്പിച്ചിരിക്കുന്നത്.         കഴിഞ്ഞ ദിവസം റോമില്‍ വച്ച് നടന്ന മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മെത്രാഭിഷേകത്തിന് ശേഷം   കേരളത്തിലേക്കുള്ള മടക്കയാത്രയിലാണ് മാര്‍ ആലഞ്ചേരി യുകെ സന്ദര്‍ശനത്തിന് വീണ്ടും എത്തിയിരിക്കുന്നത്.

ഇപ്രാവശ്യത്തെ വരവില്‍ യുകെയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിക്കുകയും വിശ്വാസി സമൂഹത്തിന് വേണ്ടി ദിവ്യബലിയര്‍പ്പിക്കുകയും, കൂടിക്കഴ്ച നടത്തുകയും ചെയ്യുന്നുണ്ട്. നാളെ മാഞ്ചസ്റ്ററിലെ തിരുക്കര്‍മ്മങ്ങള്‍ക്കും സ്വീകരണ പരിപാടികള്‍ക്കും   ശേഷം സ്റ്റോക്ക് ഓണ്‍ ട്രെന്റിലും അഭിവന്ദൃ പിതാക്കന്മാര്‍ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

കരുണയുടെ വര്‍ഷാവസാനത്തില്‍ വലിയ ഇടയന്റെ ദിവ്യബലിയില്‍  പങ്കെടുക്കുവാന്‍ ലഭിക്കുന്ന അവസരം എല്ലാവരും പ്രയോജനപ്പെടുത്തി,  ദൈവ കൃപയും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും ഷ്രൂസ്ബറി രൂപതാ സിറോമലബാര്‍ ചാപ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി സ്വാഗതം ചെയ്തു.

ദേവാലയത്തിന്റെ വിലാസം:-
St.ANTONYS CHURCH,
PORTWAY,WYTHENSHAWE,
MANCHESTER,
M22 0WR.