പ്രമീളയെ മലയാളിയാക്കാന്‍ മാധ്യമങ്ങള്‍: ഇതാ ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ വംശജ

സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം ഹെയ്റ്റ് ഫ്രീ സോണ്‍ എന്ന സംഘടന രൂപീകരിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെയാണ് ഇവര്‍ക്ക് അമേരിക്കയില്‍ വന്‍ സ്വീകാര്യത ലഭിച്ചത്.

പ്രമീളയെ മലയാളിയാക്കാന്‍ മാധ്യമങ്ങള്‍: ഇതാ ആദ്യമായി അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇന്ത്യന്‍ വംശജ

ഇന്ത്യന്‍ വംശജയായ പ്രമീള ജയപാല്‍ ആദ്യമായി അമേരിക്കന്‍ സെനറ്ററാകുന്ന ഇന്ത്യന്‍ വംശജയെന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹയായി. വിക്കിപീഡിയ പറയുന്നതനുസരിച്ചാണങ്കില്‍ പ്രമീള തമിഴ്‌നാട് സ്വദേശിയാണ്. എന്നാല്‍ മലയാള മാധ്യമങ്ങള്‍ പ്രമീളയെ മലയാളിയാക്കി കേരള സാരിയുടുപ്പിക്കാനുള്ള ധൃതിയിലാണ്. പ്രമീള മലയാളിയാണോ എന്നത് നമുക്ക് പിന്നീടുറപ്പിക്കാം. ഡെമോക്രാറ്റിക് ടിക്കറ്റില്‍ മത്സരിച്ചാണ് പ്രമീള സെനറ്റിലെത്തുന്നത്. 51 വയസുകാരിയായ പ്രമീള ചെന്നൈയിലാണ് ജനിച്ചത്. പിന്നീട് ഇന്തോനേഷ്യയില്‍ ജീവിച്ച ഇവര്‍ 1982ലാണ് അമേരിക്കയിലെത്തുന്നത്. ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദവും നോര്‍ത്ത്‌വെസ്റ്റ് സര്‍വകലാശാലയില്‍ നിന്ന് എംബിഎയും നേടി.


സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം ഹെയ്റ്റ് ഫ്രീ സോണ്‍ എന്ന സംഘടന രൂപീകരിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെയാണ് ഇവര്‍ക്ക് അമേരിക്കയില്‍ വന്‍ സ്വീകാര്യത ലഭിച്ചത്. കുടിയേറ്റ സമൂഹങ്ങള്‍ക്ക് വേണ്ടി നടത്തിയ സേവനങ്ങള്‍ പരിഗണിച്ച് അമേരിക്കന്‍ ഭരണകൂടം പ്രമീളയെ 'മാറ്റങ്ങളുണ്ടാക്കിയ ജേതാവ്്' എന്ന് വിശേഷിപ്പിച്ചിരുന്നു. 2016 ജനുവരിയിലാണ് പ്രമീളയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രമീള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അഭയാര്‍ഥികള്‍, അറബ് വംശജര്‍, കുടിയേറ്റക്കാര്‍ എന്നിവര്‍ക്കെതിരെയുണ്ടായ വംശീയ ആക്രമണങ്ങള്‍ക്കെതിരെ പ്രമീള രംഗത്തുവന്നിരുന്നു. സ്റ്റീവ് വില്യംസാണ് ഭര്‍ത്താവ്. ഏക മകന്‍ ജനക് പ്രെസ്റ്റണ്‍. സാമ്പത്തിക വിദഗ്ധയും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ഇവര്‍.

Read More >>