കേരളത്തില്‍ ആക്ഷന്‍ ഹീറോ ബിജു ബാധ: ലോ വെയ്‌സ്റ്റ് ജീന്‍സ് ഇട്ടതിന് യുവാവിന്റെ ഇരുകരണവും അടിച്ചു തകര്‍ത്ത് എസ്‌ഐ പ്രൈജു; സ്‌റ്റേഷന്‍ വളഞ്ഞ് നാട്ടുകാര്‍

ജില്ലാക്കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും താനാണെന്ന ആക്ഷന്‍ ഹീറോ ബിജുവിലെ ഡയലോഗ് മനസിലേറ്റുന്ന എസ്‌ഐമാര്‍ കേരളത്തില്‍ പെരുകുന്നു! ഇതാ അഞ്ചലിലെ ആക്ഷന്‍ ഹീറോ പ്രൈജു

കേരളത്തില്‍ ആക്ഷന്‍ ഹീറോ ബിജു ബാധ: ലോ വെയ്‌സ്റ്റ് ജീന്‍സ് ഇട്ടതിന് യുവാവിന്റെ ഇരുകരണവും അടിച്ചു തകര്‍ത്ത് എസ്‌ഐ പ്രൈജു; സ്‌റ്റേഷന്‍ വളഞ്ഞ് നാട്ടുകാര്‍

ശബരിമലയില്‍ തണ്ണിമത്തന്‍ വില്‍ക്കുന്ന ജോലിക്ക് പോകാന്‍ പൊലീസ് സ്റ്റേഷനില്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവാവ് ലോവെയ്‌സ്റ്റ് ജീന്‍സ് ധരിച്ചതിന് എസ്‌ഐ മര്‍ദ്ദിച്ച് കേള്‍വിശക്തി തകരാറിലാക്കിയതായി പരാതി.

അഞ്ചല്‍ തടിക്കാട് സ്വദേശി അനീഷ് മോന്‍ ആര്‍. (19) എന്ന യുവാവാണ് അഞ്ചല്‍ എസ്‌ഐ ജി. പ്രൈജുവിനെതിരെ പരാതി ഉന്നയിച്ചത്. സദാചാരഗുണ്ടായിസവും വസ്ത്രസ്വാതന്ത്ര്യലംഘനവും നടത്തിയ എസ്‌ഐക്കെതിരെ പോലീസ് കംപ്ലേന്റ് അഥോറിറ്റിക്ക് പരാതി നല്‍കി.


ജോലി ചെയ്ത സ്‌റ്റേഷനുകളില്‍ ആക്ഷന്‍ ഹിറോ ബിജു സിനിമയിലെ നിവിന്‍ പോളിയുടെ കഥാപാത്രത്തെ അനുകരിച്ച് അക്രമങ്ങള്‍ നടത്തി കുപ്രസിദ്ധി നേടിയ ആളാണ് പ്രൈജു.

പ്രൈജു നടത്തിയ സദാചാര ഗുണ്ടായിസം കണ്ടു നില്‍ക്കാന്‍ നാട്ടുകാര്‍ ഒരുക്കമല്ല, ഡിവൈഎഫ്‌ഐ, ബിജെപി എന്നിവരുടെ നേതൃത്വത്തില്‍ രണ്ടുവട്ടം സ്റ്റേഷന്‍ വളഞ്ഞ് പ്രതിഷേധമുയര്‍ത്തി. കൂട്ടപ്പരാതി നല്‍കാന്‍ തയ്യാറാവുകയാണ് നാട്ടുകാര്‍.

[caption id="attachment_57764" align="aligncenter" width="640"]അനീഷ് ആശുപത്രിയില്‍ അനീഷ് ആശുപത്രിയില്‍[/caption]

ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ താനും രണ്ടു സുഹൃത്തുക്കളും പൊലീസ് സ്റ്റേഷനിലെത്തിയതെന്ന് അനീഷ് മോന്‍ പറഞ്ഞു:

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കിയ എന്നോട് സ്‌റ്റേഷനില്‍ വെയ്റ്റ് ചെയ്യാന്‍ എസ്‌ഐ ആവശ്യപ്പെട്ടു. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ കാര്യം കൈകാര്യം ചെയ്യുന്ന റൈറ്റര്‍ ഇവിടില്ലെന്നും പുറത്തു പോയിരിക്കുകയാണെന്നും അയാള്‍ വന്നാല്‍ ശരിയാക്കി തരാമെന്നും എസ്‌ഐ പറഞ്ഞു.

ഒരു മണിക്കൂറിന് ശേഷമാണ് പുറത്തുപോയ റൈറ്റര്‍ തിരിച്ച് സ്‌റ്റേഷനിലെത്തിയത്. റൈറ്റര്‍ വന്ന കാര്യം എസ്‌ഐയോട് പറയാന്‍ വേണ്ടി ഞാന്‍ വീണ്ടും എസ്‌ഐയുടെ കാബിനില്‍ ചെന്നു.

റൈറ്റര്‍ വന്ന കാര്യമറിയിച്ച എന്നെ ദേഷ്യത്തോടെയാണ് എസ് ഐ സ്വീകരിച്ചത്. നിനക്കെന്താടാ ഇത്ര ധൃതി, പോയി പുറത്ത് നിക്കടാ എന്ന് എസ്‌ഐ അലറി.

മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോഴാണ് എസ്‌ഐ തന്നോട് അവിടെ നിൽക്കാന്‍ പറഞ്ഞത്. ഷര്‍ട്ട് പൊക്കടാ എന്നയാള്‍ ആജ്ഞാപിച്ചു.

'ജെട്ടിയും കാണിച്ച് നടക്കുന്ന നിനക്കാണോടാ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തരേണ്ടതെ'ന്ന് ചോദിച്ച് അയാള്‍ രണ്ടും കൈകൊണ്ടും ചെവിയടച്ച് അടിച്ചു. ആ ആടിയില്‍ ചെവി അടഞ്ഞു പോയ ഞാന്‍ ഉറക്കെ കരഞ്ഞു. ഇതു കേട്ട അയാള്‍ തന്റെ മുതുകിനിട്ട് ചവിട്ടി. വേച്ചു ജനലിന്റെ അടുത്തേക്ക് വീണ അനീഷിന്റെ കരച്ചിലു കേട്ട് സുഹൃത്തുകള്‍ ഓടിയെത്തി.

മര്‍ദ്ദിക്കുന്നത് സുഹൃത്തുക്കള്‍ കണ്ടതിനെ തുടര്‍ന്ന് എസ് ഐ കാബിന്റെ വാതില്‍ തുറന്ന് തന്റെ കഴുത്തിന് പിടിച്ച് ലോക്കപ്പിന്റെ മൂലിലേക്ക് തള്ളിയ ശേഷം കേസെടുക്കാന്‍ മറ്റു പോലീസുകാരോട് ആവശ്യപ്പെട്ടു.
പൊലീസ് സ്റ്റേഷനില്‍ നടക്കുന്നത് സദാചാര പൊലീസിങ് എന്നു പറയാന്‍ പറ്റില്ലല്ലോ. എന്നെ കഴിഞ്ഞും പ്രായത്തില്‍ ഇളയതായ ആളായതുകൊണ്ടാണ് ഉപദേശിച്ചത്. അച്ഛനമ്മമാരൊക്കെ ഉപദേശിക്കാറില്ലേ അതുപോലെ.


- എസ്. ഐ പ്രൈജു

അതിനു ശേഷം സഭ്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചുവെന്ന വകുപ്പ് പ്രകാരം കേസെടുക്കാനാണ് എസ്‌ഐ പോലീസുകാരോട് നിര്‍ദേശിച്ചത്. 5000 രൂപയോളം ഫൈന്‍ വരുന്ന കേസാണ്, രണ്ടു പേരുടെ ജാമ്യം ഇല്ലാതെ പുറത്തുപോവാന്‍ പറ്റില്ലെന്ന് പൊലീസുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് മറ്റു സുഹൃത്തുക്കളെത്തിയാണ് തന്നെ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിയത് - അനീഷ് നാരദ ന്യൂസിനോട് പറഞ്ഞു.

അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അനീഷിന്റെ ചെവികള്‍ രണ്ടും അടഞ്ഞ നിലയിലാണ്. നട്ടെല്ലിലെ വേദന കാരണം എണീറ്റു നില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന അനീഷിന് കുറച്ചു നാളുകള്‍ കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ച അനീഷിനെ താന്‍ ഉപദേശിച്ചതു മാത്രമെയുള്ളുവെന്ന് അഞ്ചല്‍ എസ്‌ഐ ജി പ്രൈജു നാരദാ ന്യൂസിനോട് പ്രതികരിച്ചു.

സ്ത്രീകളും വനിതാ പൊലീസും ഉള്‍പ്പെടെയുള്ളവരിരിക്കുന്ന സ്റ്റേഷനില്‍ വളരെ ആഭാസകരമായ രീതിയില്‍, അടിവസ്ത്രം പുറത്ത് കാണുന്ന തരത്തില്‍ വസ്ത്രം ധരിക്കരുതെന്ന് ഉപദേശിക്കുക മാത്രമാണ് താന്‍ ചെയ്തത്. തല്ലിയിട്ടില്ല, പൊലീസ് സ്റ്റേഷനില്‍ നടക്കുന്നത് സദാചാര പൊലീസിങ് എന്നു പറയാന്‍ പറ്റില്ലല്ലോ. എന്നെ കഴിഞ്ഞും പ്രായത്തില്‍ ഇളയതായ ആളായതുകൊണ്ടാണ് ഉപദേശിച്ചത്. അച്ഛനമ്മമാരൊക്കെ ഉപദേശിക്കാറില്ലേ അതുപോലെ. ഇയാള്‍ക്കെതിരെ കേസൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെന്നും പ്രൈജു പറഞ്ഞു.

മസ്തിഷ്‌ക സംബന്ധമായ രോഗമുള്ളയാളെ പൊതു നിരത്തില്‍ മര്‍ദ്ദിച്ച കേസ്

[caption id="attachment_57765" align="alignleft" width="205"]aneesh അനീഷ്[/caption]

എസ്‌ഐ പ്രൈജുവിനെതിരെ സമാനമായ പരാതികള്‍ വേറെയുമുണ്ട്.

ശാരീരികാസ്വാസ്ഥ്യമുള്ളയാളെ പൊതു നിരത്തില്‍ വച്ച് തല്ലിയതിന് ഇയാള്‍ക്കെതിരെ പുനലൂര്‍ റൂറല്‍ എസ്പിക്കും പൊലീസ് കംപ്ലയന്റ് അഥോറിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ഒന്നിന് പൊടിയാട്ടുവിള കരിയിലക്കോട് വച്ചാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

രണ്ടു വര്‍ഷമായി തലച്ചോറിന്റെ ഞരമ്പിനുണ്ടായ തകരാറുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്ന അനീഷ് കുമാറാണ്(28) പരാതിക്കാരന്‍.

വൈകുന്നേരം ആറരയോടെ മരുന്നുവാങ്ങാന്‍ മെഡിക്കല്‍ സ്‌റ്റോറില്‍ പോകാന്‍ വേണ്ടിയാണ് താന്‍ കരിയിലക്കോട് ജംങ്ഷനിലെത്തിയതെന്ന് അനീഷ് പരാതിയില്‍ പറയുന്നു. മഴകാരണം വെയിറ്റിങ് ഷെഡിനകത്തേക്ക് കയറി ഇരുന്ന സമയത്താണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിങ്ങിനെത്തിയത്. എന്താടാ ഇവിടെയിരിക്കുന്നതെന്ന് ചോദിച്ച് പൊലീസ് അനീഷിനെ ജീപ്പിനരുകിലേക്ക് വിളിപ്പിച്ചു മദ്യപിച്ചുണ്ടോ എന്ന് പൊലീസ് പരിശോധിച്ചു.

[caption id="attachment_57766" align="alignright" width="262"]അനീഷിൻറെ പരാതി അനീഷിൻറെ പരാതി[/caption]

മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായതോടെ ഇവിടിരിക്കേണ്ട വീട്ടില്‍ പോകാന്‍ എസ്‌ഐ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ മരുന്നുവാങ്ങാന്‍ പോവാണെന്നും അതിന് ശേഷം വീട്ടില്‍ പൊയ്‌ക്കൊള്ളാമെന്നും അനീഷ് പറഞ്ഞു. എന്താടാ പറഞ്ഞതെന്ന് ചോദിച്ച് കൂടെയുണ്ടായിരുന്ന എഎസ്‌ഐ അനീഷിനെ ബലമായി പിടിച്ചു.

അനീഷ് രോഗിയാണെന്നും ഉപദ്രവിക്കരുതെന്നും നാട്ടുകാരിലൊരാള്‍ പൊലീസിനോട് പറഞ്ഞു. പെട്ടന്ന് ഡോര്‍ തുറന്ന് വന്ന എസ്‌ഐ ഇവനെന്താണ് അസുഖമെന്ന് ചോദിച്ച് അനീഷിന്റെ മുഖത്തടിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

താനെരെയും മര്‍ദ്ദിച്ചിട്ടില്ലെന്ന് എസ്‌ഐ പ്രൈജു പറഞ്ഞു. ഞാന്‍ രാത്രി പട്രോളിങ്ങിന് പോകുമ്പോഴാണ് അങ്ങനൊരാള് വെയിറ്റിങ് ഷെഡില്‍ നില്‍ക്കുന്നത് കണ്ടത്. എന്താ കാര്യമെന്ന് അന്വേഷിച്ച തന്നെ മാനസിക രോഗി തെറിവിളിച്ചു. ഉടനെ അയാളുടെ വേണ്ടപ്പെട്ടവരെ വിളിച്ച് രോഗിയെ വീട്ടില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. മാനസിക രോഗികളെ ഇങ്ങനെ പുറത്തിറക്കി വിടരുതെന്ന് വീട്ടുകാരോട് താന്‍ ഉപദേശിച്ചതായും പ്രൈജു പറഞ്ഞു.

പരാതിയെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച കേസ്


[caption id="attachment_57768" align="alignright" width="300"]ദിലീപ് ദിലീപ്[/caption]

അഞ്ചല്‍ സ്വദേശി ദിലീപ് ആണ് എസ്‌ഐക്കെതിരെ പരാതി നല്‍കിയ മറ്റൊരാള്‍.

ദിലീപും അളിയന്‍ സന്തോഷും കെട്ടിട നിര്‍മാണ ജോലിക്കാരാണ്. ഇവരുടെ ജോലിക്കാരാനായ സുള്‍ഫിക്കര്‍ എന്നയാള്‍ ഇവര്‍ക്കെതിരെ ഒരു പരാതി പൊലീസ് സ്റ്റേഷനില്‍ നല്‍കി.

പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് എസ്‌ഐ പ്രൈജു തങ്ങളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതെന്ന് ദീലീപ് പറഞ്ഞു. പതിനൊന്നുമണിക്കാണ് സ്റ്റേഷനിലെത്തിയത്.

എസ്‌ഐയുടെ കാബിനേലേക്ക് കയറിയ ഉടനെ തന്നെ നീ ഇവനെ (സുള്‍ഫിക്കറെ ചൂണ്ടി) തല്ലിയോടാ മൈ... എന്ന് ചോദിച്ച് ഇടത്തേക്കരണത്തിന് അടിച്ചു. അതിന് ശേഷം നെഞ്ചിന്റെ നടുക്കായി ഇടിച്ച് കാബിനില്‍ നിന്ന് തള്ളി പുറത്തേക്കിട്ടു.

പിന്നീട് കുറച്ചു നേരം കഴിഞ്ഞ് അകത്തേക്ക് വിളിപ്പിച്ച് രണ്ടു ചുമലിലിലും മാറി മാറി ഇടിച്ചു.complaint dileeep

സുഹൃത്തുക്കളെത്തിയാണ് തന്നെ ആശുപത്രിയിലെത്തിച്ചത്.

എസ്‌ഐക്കെതിരെ സര്‍ക്കിള്‍ മുതല്‍ മുകളിലോട്ടുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും പരാതി അയച്ചിട്ടുള്ളതായി ദിലീപ് നാരദാ ന്യൂസിനോട് പറഞ്ഞു.

ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ അനീഷിനെ മര്‍ദ്ദച്ചതിന്റെ പേരില്‍ ഡിവൈഎഫ്‌ഐ ഇന്നലെ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. ഇതേ സമയത്താണ് ദിലീപിനെ മര്‍ദ്ദിച്ചതിനെതിരെ മാര്‍ച്ചുമായി ബിജെപി പ്രവര്‍ത്തകരെത്തിയത്. ഇരു സംഘടനാ പ്രവര്‍ത്തകരും പൊലീസ് സ്റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടിയതോടെ പുനലൂര്‍ എഎസ്‌പി സംഭവത്തില്‍ ഇടപെട്ടു കുറ്റക്കാരനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന് പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി.

Read More >>