ഏഴാംദിവസവും പാര്‍ലമെന്റ്‌ സ്തംഭിച്ചു; മോദി മാപ്പുപറയണമെന്ന് പ്രതിപക്ഷം

പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. രാജ്യസഭ തുടങ്ങിയപ്പോള്‍ തന്നെ മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി.

ഏഴാംദിവസവും പാര്‍ലമെന്റ്‌ സ്തംഭിച്ചു; മോദി മാപ്പുപറയണമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: നോട്ടു അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ഏഴാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. കള്ളപ്പണത്തെ പിന്തുണയ്ക്കുന്നവരാണ് നോട്ടു അസാധുവാക്കല്‍ നടപടിയെ എതിര്‍ക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പ്രതിപക്ഷ ബഹളം ഇരുസഭകളയും സ്തംഭിപ്പിച്ചു.

പരാമര്‍ശത്തില്‍ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു. രാജ്യസഭ തുടങ്ങിയപ്പോള്‍ തന്നെ മോദി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം മുഴക്കി. എന്നാല്‍ മോദിക്കനുകൂലമായ മുദ്രാവാക്യങ്ങളുമായാണ് ഭരണപക്ഷ അംഗങ്ങള്‍ ഇതിനെ നേരിട്ടത്. ബഹളത്തെതുടര്‍ന്ന് ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ സഭാ നടപടികള്‍ ഉച്ച വരെ നിര്‍ത്തിവെച്ചു. എന്നാല്‍ ഉച്ചയ്ക്ക് ശേഷവും ബഹളം തുടര്‍ന്നതോടെ ഇരുസഭകളും തിങ്കളാഴ്ച്ച വരെ പിരിഞ്ഞു.


കള്ളപ്പണക്കാരെ പിന്തുണക്കുന്നവരാണ് പ്രതിപക്ഷമെന്ന ആരോപണം പ്രധാനമന്ത്രിക്ക് എങ്ങനെ ഉന്നയിക്കാന്‍ കഴിഞ്ഞു എന്നും പ്രതിപക്ഷത്തെയും സഭയെയും ഒന്നടങ്കം അപമാനിച്ചതില്‍ മോദി മാപ്പു പറയണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

ഇപ്പോള്‍ പ്രധാനമന്ത്രി പറയുന്നത് താന്‍ വിശുദ്ധനും ഞങ്ങള്‍ എല്ലാം ചെകുത്താന്‍മാരുമാണെന്നുമാണ്. മോദി ഇതില്‍ മാപ്പുപറയണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ദെരേക് ഒബ്രിയന്‍ പറഞ്ഞു. പ്രധാനമന്ത്രി മാപ്പുപറയണമെന്ന ആവശ്യവുമായി ബിഎസ്പി നേതാവ് മായാവതിയും രംഗത്തുവന്നു. ആരുടെ കയ്യിലാണ് കള്ളപ്പണമെന്ന് മോദി വ്യക്തമാക്കണമെന്നും മായാവതി സഭയില്‍ ആവശ്യപ്പെട്ടു. ജെഡിയു അംഗം ശരദ് യാദവും സമാജ് വാദി അംഗം രാംഗോപാല്‍ യാദവും രംഗത്തെത്തി.

Read More >>